
കൊച്ചി: പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പേപ്പറിന്റെ ഉപയോഗം പരമാവധി കുറയ്ക്കാനും ഓരോ പേപ്പര്‍ ഷീറ്റിന്റെയും ഇരുവശവും ഉപയോഗിക്കാനും വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങണമെന്ന് ആഹ്വാനം ചെയ്ത് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പരിസ്ഥിതി പ്രവര്‍ത്തക റൂഹി മുഹ്സാബ്. അണ്‍ എയ്ഡഡ് സ്‌കൂള്‍സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സമ്മേളനം ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പരിസ്ഥിതി പ്രവര്‍ത്തക റൂഹി മുഹ്സാബ്.

സുസ്ഥിര ഭാവിക്കായുള്ള വിദ്യാഭ്യാസം എന്ന വിഷയത്തില്‍ യു എന്‍ ഏഷ്യ പസഫിക്ക് ആസ്ഥാനമായ ബാങ്കോക്കില്‍ ആഗോള സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ ആറുവയസ്സുകാരിയാണ് റൂഹി മുഹ്സാബ്.

ഒരു സാധാരണ പേപ്പര്‍ കഷണത്തിനു പിന്നിലും ഒരു മരത്തിന്റെ വിഭവമുണ്ടെന്ന ബോധ്യം കുട്ടികളില്‍ വളര്‍ത്തണം. ഒരു വിദ്യാര്‍ഥി തന്റെ വിദ്യാഭ്യാസകാലയളവില്‍ ശരാശരി 8,500 പേപ്പര്‍ ഷീറ്റുകളാണ് ഉപയോഗിക്കുന്നത്. ഏകദേശം അഞ്ച് മരങ്ങളില്‍ നിന്നുള്ള പേപ്പറിന് തുല്യമാണിത്. ഇന്ത്യയില്‍ പ്രതിവര്‍ഷം ഏകദേശം ഒരു കോടി വിദ്യാര്‍ഥികള്‍ സ്‌കൂള്‍- കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിനാല്‍ പേപ്പറിന്റെ ഉപയോഗം പരിസ്ഥിതിയില്‍ വലിയ ആഘാതം സൃഷ്ടിക്കുന്നുവെന്നും റൂഹി വ്യക്തമാക്കി.
പേപ്പര്‍ പുനഃസംസ്‌കരിക്കുന്നതിലൂടെ ജലവും പ്രകൃതി വിഭവങ്ങളും സംരക്ഷിക്കാനാകും. 1,000 കിലോഗ്രാം പേപ്പര്‍ റീസൈക്കിള്‍ ചെയ്യുമ്പോള്‍ ഏകദേശം 70,000 ലിറ്റര്‍ വെള്ളം ലാഭിക്കാനാകുമെന്ന് റൂഹി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
ഓരോ പേപ്പര്‍ ഷീറ്റിന്റെയും ഇരുവശവും ഉപയോഗിക്കുക, പഴയ പത്രങ്ങള്‍ ശേഖരിച്ച് പുനഃസംസ്‌കരണത്തിന് നല്‍കുക, പേപ്പര്‍ ബാഗുകളും പുനരുപയോഗിക്കാവുന്ന വസ്തുക്കളും ഉപയോഗിക്കുക തുടങ്ങിയ ശീലങ്ങള്‍ കുട്ടികള്‍ വളര്‍ത്തണമെന്നും നിര്‍ദേശിച്ചു.
മരം സംരക്ഷിക്കുന്നത് മരം നട്ടുപിടിപ്പിക്കുന്നതിലൂടെ മാത്രമല്ലെന്നും മരങ്ങളില്‍നിന്നുള്ള വിഭവങ്ങള്‍ പാഴാക്കാതിരിക്കുന്നതും സംരക്ഷണത്തിന്റെ ഭാഗമാണെന്നും പ്രസംഗത്തില്‍ പറഞ്ഞു. വിത്ത് വിതയ്ക്കുക, തൈകള്‍ നട്ട് പരിപാലിക്കുക, ലഭിക്കുന്ന വസ്തുക്കള്‍ പരമാവധി ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങളിലും കുട്ടികള്‍ ശ്രദ്ധ ചെലുത്തണം. ഭൂമിയെ സംരക്ഷിക്കുന്നതില്‍ കുട്ടികള്‍ക്കും ഇപ്പോള്‍ തന്നെ പങ്കാളികളാകാമെന്ന് ഓര്‍മിപ്പിച്ച പ്രസംഗം മരങ്ങളെ സംരക്ഷിക്കൂഭൂമിയെ സംരക്ഷിക്കൂ എന്ന സന്ദേശത്തോടെയാണ് സമാപിച്ചത്.
അണ്‍ എയ്ഡഡ് സ്‌കൂള്‍സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് റവ. ഫാ. ജയിംസ് മുല്ലശ്ശേരി അധ്യക്ഷത വഹിച്ചു. എ ടി ബോസ്, സൗരവ് കപൂര്‍, ശശികുമാര്‍ ബാംഗ്ലൂര്‍, പി എസ് രാമചന്ദ്രന്‍ പിള്ള, സറോഷ് അബ്രഹാം, ജേക്കബ് ജോര്‍ജ്, കെ ശ്രീകുമാര്‍, വീരേന്ദ്രസിംഗ് ഹരിയാന, ഹരികുമാര്‍, സുരേഷ് ചന്ദ് എന്നിവര്‍ പ്രസംഗിച്ചു.

