Business
മരടില്‍ ഹില്‍ട്ടന്റെ ഡബിള്‍ട്രീ വരുന്നു

കൊച്ചി: ആതിഥ്യ മേഖലയില്‍ പ്രമുഖരായ ഹില്‍ട്ടന്റെ കൊച്ചിയിലെ ആദ്യ ഹോട്ടല്‍ മരടില്‍ നിര്‍മാണം ആരംഭിക്കുന്നു. ഇന്ദ്രപ്രസ്ഥ ഗ്രൂപ്പുമായി സഹകരിച്ച് നിര്‍മിക്കുന്ന ഡബിള്‍ ട്രീ ബൈ ഹില്‍ട്ടണ്‍ 2029ല്‍ പണി പൂര്‍ത്തിയാവും. തിരുവനന്തപുരത്തെ ഹില്‍ട്ടണ്‍ ഗാര്‍ഡന്‍ കഴിഞ്ഞാല്‍ കേരളത്തിലെ ഹില്‍ട്ടന്റെ രണ്ടാമത്തെ ഹോട്ടലായിരിക്കും ഇത്.


മരടില്‍ ദേശീയപാത 47ന് സമീപമാണ് ഡബിള്‍ ട്രീ ഹോട്ടല്‍ വരുന്നത്. താമസ സൗകര്യങ്ങളും വിശാലമായ സ്യൂട്ടുകളും ഉള്‍പ്പെടെ 171 ഗസ്റ്റ് റൂമുകള്‍ ഹോട്ടലില്‍ ഉണ്ടായിരിക്കും. മൂന്ന് ഫുഡ് ആന്‍ഡ് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍, ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റ്, സ്പെഷ്യാല്‍റ്റി റൂഫ്ടോപ് വെന്യൂ, ലോബി ലോഞ്ച് എന്നിവയും ഉണ്ടാവും.

കോര്‍പ്പറേറ്റ് മീറ്റിംഗുകള്‍ക്കും സാമൂഹിക ഒത്തുചേരലുകള്‍ക്കും അനുയോജ്യമായ 9,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഇന്‍ഡോര്‍-ഔട്ട്ഡോര്‍ സ്ഥലങ്ങള്‍, ഔട്ട്ഡോര്‍ പൂള്‍, സ്പാ, ഫിറ്റ്നസ് സെന്റര്‍, എക്സിക്യൂട്ടീവ് ലോഞ്ച് എന്നിവയുള്‍പ്പെടെ വെല്‍നസ് സൗകര്യങ്ങള്‍ ഹോട്ടല്‍ വാഗ്ദാനം ചെയ്യുന്നു. കൊച്ചിയിലെ ഡബ്ള്‍ ട്രീ ഹോട്ടല്‍ തങ്ങളുടെ വിപുലീകരണത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് ഹില്‍ട്ടണ്‍ സീനിയര്‍ വൈസ് പ്രസിഡന്റും കണ്‍ട്രി ഹെഡുമായ സുബിന്‍ സക്‌സേന പറഞ്ഞു. ലോകപ്രശസ്തരായ ഹില്‍ട്ടണുമായി കൈകോര്‍ക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ഇന്ദ്രപ്രസ്ഥ ഗ്രൂപ്പിന്റെ പ്രധാന പങ്കാളിയായ കെ പി ഇന്ദ്രബാലന്‍ പറഞ്ഞു.


