
ദക്ഷിണേന്ത്യയിലെ നൈപുണ്യ വികസന സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാന്‍ മന്ത്രിയെ ക്ഷണിച്ചു

ന്യൂഡല്‍ഹി: അഖില സേവക് സമാജ് കൗണ്‍സില്‍ ദേശീയ ചെയര്‍മാനും സ്ഥാപകനും വയനാട് സ്വദേശിയുമായ ഡോ. ഭാര്‍ഗവ് മല്ലപ്പ കേന്ദ്ര എം എസ് എം ഇ മന്ത്രി ജിതന്‍ റാം മാഞ്ചിയുമായി ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. നൈപുണ്യ വികസനം, യുവാക്കളുടെ തൊഴില്‍, സംരംഭകത്വം എന്നിവ സംബന്ധിച്ച് ഇരുവരും ചര്‍ച്ച ചെയ്തു.

കേരളം, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ തന്റെ നേതൃത്വത്തിലുള്ള നൈപുണ്യ വികസന സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാന്‍ ഡോ. മല്ലപ്പ മന്ത്രിയെ ക്ഷണിച്ചു. യുവാക്കള്‍ക്ക് പ്രായോഗിക നൈപുണ്യ പരിശീലനം നല്‍കുകയും തൊഴില്‍, സംരംഭകത്വം, സ്വയംതൊഴില്‍ അവസരങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിശദീകരിച്ചു.
ഡോ. മല്ലപ്പയുടെ പ്രവര്‍ത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് വിദ്യാര്‍ഥികളുമായി കൂടിക്കാഴ്ച നടത്താനും പ്രവര്‍ത്തനങ്ങള്‍ നേരിട്ട് മനസ്സിലാക്കാനും ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു.
സംരംഭകത്വം, നൈപുണ്യ വികസനം, തൊഴില്‍ സൃഷ്ടിക്കല്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്ന മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളെ ഡോ. മല്ലപ്പ സ്വാഗതം ചെയ്തു. താഴെത്തട്ടിലുള്ള സ്ഥാപനങ്ങളും ദേശീയതല പദ്ധതികളും തമ്മിലുള്ള ഏകോപനം ശക്തമാക്കുന്നത് യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലും ഉപജീവന അവസരങ്ങളും ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

