
ദുബൈ:ദുബൈയില്‍ ഡ്രോണ്‍ ഗതാഗതം യാഥാര്‍ഥ്യമാക്കുന്നതിന് പദ്ധതി. ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് സുപ്രധാന പദ്ധതി പ്രഖ്യാപനം നടത്തിയത്. നൂതന സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതില്‍ ദുബൈയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പുതിയ ഡ്രോണ്‍ സൊല്യൂഷനുകള്‍ വികസിപ്പിക്കുന്നതിനും പരീക്ഷിക്കുന്നതിനുമായി യു.എ.ഇയിലെയും വിദേശത്തെയും ഇന്നൊവേറ്റര്‍മാര്‍ക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കും ദുബൈ സിലിക്കണ്‍ ഒയാസിസില്‍ ഒരു പ്രത്യേക സ്ഥലം അനുവദിക്കും.ആരോഗ്യം, സുരക്ഷ, ഷിപ്പിങ്, ഭക്ഷ്യ മേഖലകളില്‍ ഡ്രോണ്‍ ഗതാഗത സാധ്യതകള്‍ വികസിപ്പിക്കാനാണ് പദ്ധതി. 2014ല്‍ ആരംഭിച്ച യു.എ.ഇ ഡ്രോണ്‍സ് ഫോര്‍ ഗുഡ് അവാര്‍ഡില്‍ പങ്കെടുക്കാന്‍ 165 രാജ്യങ്ങളില്‍നിന്നുള്ള ആയിരക്കണക്കിന് കമ്പനികളെ ആകര്‍ഷിച്ച് യു.എ.ഇ ഇതിനകം ഇത്തരം ഗതാഗത സംവിധാനങ്ങളുടെ പരീക്ഷണം തുടങ്ങിയിട്ടുണ്ട്.

