

ശ്രീമൂലനഗരം: അന്‍വര്‍ സാദത്ത് എം എല്‍ എ നടപ്പിലാക്കുന്ന അമ്മക്കിളിക്കൂട് പദ്ധതിയുടെ 54-ാമത്തെ വീടിന്റെ താക്കോല്‍ദാന ചടങ്ങ് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി ഉദ്ഘാടനം ചെയ്തു. നന്മനിറഞ്ഞ പദ്ധതികള്‍ക്കെല്ലാം വഴികാട്ടിയായി ഉമ്മന്‍ ചാണ്ടി കൂടെയുണ്ടെന്ന് കെ സി വേണുഗോപാല്‍ എം പി പറഞ്ഞു.

നന്മ നിറഞ്ഞ കാരുണ്യ പദ്ധതികള്‍ സ്വയമായി ചെയ്ത് മറ്റുള്ളവര്‍ക്ക് കാണിച്ച് കൊടുത്ത് അവരെ കൊണ്ട് ചെയ്യിപ്പിച്ച് മാതൃക കാണിച്ച വ്യക്തിയായിരുന്നു ഉമ്മന്‍ ചാണ്ടിയെന്നും കാരുണ്യം എന്ന വാക്കിന്റെ പര്യായം ആയിരുന്നു അദ്ദേഹമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. മണ്ഡലത്തിലെ ജനങ്ങളുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചക്കും തയ്യാറാകാതെ കാര്യങ്ങള്‍ നേടിയെടുക്കാന്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുകയും അമ്മക്കിളിക്കൂട് പോലെയുള്ള കാരുണ്യ പദ്ധതികള്‍ ഏറ്റെടുത്ത് നടത്തുന്ന അന്‍വര്‍ സാദത്ത് എം എല്‍ എ ജനപ്രതിനിധികള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും മാതൃകയാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

അപ്പായുടെ ആഗ്രഹം സഫലീകരിക്കാന്‍ നേതൃത്വം നല്‍കിയ അന്‍വര്‍ സാദത്ത് എം എല്‍ എക്കും, സഹപ്രവര്‍ത്തകര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത ചാണ്ടി ഉമ്മന്‍ എം എല്‍ എ പറഞ്ഞു.
അമ്മക്കിളിക്കൂടിന്റെ 54-ാമത്തെ വീടിന്റെ താക്കോല്‍ കൈമാറ്റം ശ്രീമൂലനഗരം പഞ്ചായത്തില്‍ 8-ാംവാര്‍ഡില്‍ പാറത്തെറ്റയില്‍ ആന്ധ്രപ്രദേശില്‍ നിന്ന് കേരളത്തില്‍ വന്ന് വര്‍ഷങ്ങളായി താമസിക്കുന്ന വിധവയായ അലമേലുവിനും മകള്‍ക്കും കെ സി വേണുഗോപാല്‍ എം പി താക്കോല്‍ കൈ മാറി.
കോണ്‍ഗ്രസ് പ്രവര്‍ത്തകനായ വിപിന്‍ ദാസിന്റെ പ്രളയത്തില്‍ തകര്‍ന്ന വീടിന് പകരമായി പാര്‍ട്ടി നിര്‍മ്മിച്ച് നല്‍കിയ ഭവനത്തിന്റെ കല്ലിടല്‍ ചടങ്ങിന് കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വന്നപ്പോള്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് ആന്ധ്രപ്രദേശില്‍ നിന്ന് കേരളത്തില്‍ വന്ന് വര്‍ഷങ്ങളായി താമസിക്കുന്ന വിധവയായ അലമേലുവും മകളും തനിക്ക് വീടും സ്ഥലവും ഇല്ല എന്ന് പറയുകയുണ്ടായി. ഇത് കേട്ട ഉടനെ തന്നെ ഉമ്മന്‍ ചാണ്ടി സ്ഥലം വാങ്ങാന്‍ ഒരു ലക്ഷം രൂപ താന്‍ തരാമെന്നും ബാക്കി തുക സംഘടിപ്പിച്ച് കോണ്‍ഗ്രസ്സിന്റെ ശ്രീമൂലനഗരം മണ്ഡലം പ്രസിഡന്റ് സെബാസ്റ്റ്യനോട് സ്ഥലം വാങ്ങാന്‍ ഉമ്മന്‍ ചാണ്ടി നിര്‍ദ്ദേശിക്കുകയുണ്ടായി. സ്ഥലം വാങ്ങിച്ച് കൊടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. അതു അനുസരിച്ച് അന്‍വര്‍ സാദത്ത് എം എല്‍ എയോട് ഉമ്മന്‍ ചാണ്ടി അമ്മക്കിളികൂട് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് പണിത് കൊടുക്കണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു.
പിന്നീട് മണ്ഡലം പ്രസിഡന്റ് സെബാസ്റ്റ്യന്‍ തന്റെ സഹോദരന്‍ ഫ്രാന്‍സിസ് വി വര്‍ഗ്ഗീസിന്റെ മൂന്ന് സെന്റ് സ്ഥലം അലമേലുവിനും കുടുംബത്തിനും സൗജന്യമായി ഉമ്മന്‍ ചാണ്ടിയുടെ ജന്മദിനത്തില്‍ ആലുവ പാലസില്‍ വെച്ച് ആധാരം ചെയ്തു നല്‍കുകയുണ്ടായി.
ആധാരം ചെയ്ത ഉടന്‍ തന്നെ കാഞ്ഞൂരുള്ള ജോസ് പാറയ്ക്കയായി സംസാരിച്ച് അദ്ദേഹത്തിന്റെ പിതാവ് വര്‍ഗീസ്സ് പാറയ്ക്കയുടെ ഓര്‍മ്മക്കായി അമ്മക്കിളിക്കൂട് പദ്ധതിയിലേക്ക് വിധവയായ അലമേലുവിനും മകള്‍ക്കും വീട് പണിത് നല്‍കാമെന്ന് സമ്മതിക്കുകയും ചെയ്തു.
വീടും സ്ഥലവും സ്‌പോണ്‍സര്‍ഷിപ്പ് വഴി ലഭിച്ചതോടുകൂടി അലമേലുവിനും മകള്‍ക്കും ഒരു സുരക്ഷിത ഭവനം അമ്മക്കിളിക്കൂട് പദ്ധതി വഴി ആരംഭിക്കുകയും ഉമ്മന്‍ ചാണ്ടിയിലൂടെ അലമേലുവിനും മകള്‍ക്കും ഉണ്ടായിരുന്ന വീട് എന്ന സ്വപ്‌നം യഥാര്‍ഥ്യമാകുകയും ചെയ്തിരിക്കുകയാണ്.
അന്‍വര്‍ സാദത്ത് എം എല്‍ എ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മുഖ്യാതിഥിയായി ചാണ്ടി ഉമ്മന്‍ എം എല്‍ എ പങ്കെടുത്തു. പ്രസ്തുത ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് വി എം ഷംസുദ്ധീന്‍ സ്വാഗതം പറഞ്ഞു. ആലുവ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ എം ഒ ജോണ്‍, ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു പാറപ്പുറം, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എം ജെ ജോമി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഷെബീര്‍ അലി, ബ്ലോക്ക് പഞ്ചായത്ത് അംഗം സിനി ജോണി, പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍മാരായ എന്‍ സി ഉഷാ കുമാരി, വി ജെ അന്റു, മെമ്പര്‍മാരായ അന്റു, വി വി സെബാസ്റ്റ്യന്‍, ജോസ് പാറയ്ക്ക, കാഞ്ഞൂര്‍ ഫോറോന പള്ളി വികാരി റവ. ഫാ. ജോയ് കണ്ണന്‍പുഴ, അഡ്വ. ഉണ്ണികൃഷ്ണന്‍, പി കെ സിറാജ് എന്നിവര്‍ ആശംസകള്‍ പറയുകയും വാര്‍ഡ് മെമ്പര്‍ കെ പി അനൂപ് നന്ദി പറയുകയും ചെയ്തു.
ഈ പദ്ധതിയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ 54 ഭവനങ്ങള്‍ കൈമാറുകയും രണ്ട് ഭവനങ്ങളുടെ നിര്‍മ്മാണം വിവിധ പഞ്ചായത്തുകളില്‍ പുരോഗമിക്കുകയും ചെയ്യുന്നുണ്ട്. രണ്ട് ബെഡ് റൂം, ഹാള്‍, കിച്ചണ്‍, ടോയ്‌ലറ്റ് എന്നിവ ഉള്‍പ്പെടുന്ന 510 ചതുരശ്ര അടിയില്‍ 7,00,000 രൂപ ചിലവ് വരുന്ന ഭവനങ്ങളാണ് പദ്ധതിയില്‍ നിര്‍മ്മിച്ചു നല്കുന്നത്. നിലവില്‍ ലഭിച്ചിട്ടുള്ള അപേക്ഷകര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനായി സ്‌പോണ്‍സര്‍മാരെ കണ്ടെത്തുവാനുള്ള ശ്രമം നടത്തി വരികയാണെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ അറിയിച്ചു.

