

കൊല്‍ക്കത്ത: ഡ്യൂറന്റ് കപ്പ് ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സിന് സമനില. ഗ്രൂപ്പ് ഡിയില്‍ സുദേവ ഡല്‍ഹി എഫ്സിയുമായി 1-1ന് പിരിഞ്ഞു. കളിയുടെ 42-ാം മിനിറ്റില്‍ മുഹമ്മദ് അജ്സല്‍ ബ്ലാസ്റ്റേഴ്സിനായി ഗോളടിച്ചു. 45-ാംമിനിറ്റില്‍ മാന്‍ചോങ് കുക്കിയാണ് സുദേവയുടെ സമനില ഗോള്‍ നേടിയത്.

ബ്ലാസ്റ്റേഴ്സ് നിരയില്‍ സച്ചിന്‍ സുരേഷ്, എച്ച് മര്‍വാന്‍, തേജസ് കൃഷ്ണ, പി ടി ബാസിത്, അരിത്ര ദാസ്, മുഹമ്മദ് അസ്ഹര്‍, വിബിന്‍ മോഹനന്‍, ഗൗരവ്, മുഹമ്മദ് അയ്മെന്‍, റോഷന്‍ ഗിഗി, മുഹമ്മദ് അജ്സല്‍ എന്നിവരുള്‍പ്പെട്ടു. ഗോള്‍ കീപ്പര്‍ സച്ചിന്‍ സുരേഷായിരുന്നു ക്യാപ്റ്റന്‍. സുദേവ ഡല്‍ഹി എഫ് സിക്കായി കബീര്‍ കോഹ്ലി, നിശ്ചല്‍ ചന്ദന്‍, അക്ബര്‍ ഖാന്‍, മാന്‍ചോങ് കുക്കി, നിതേഷ് ഡാര്‍ജീ, ഹരിവെയ്, അഷ്റായി ഭരദ്വാജ്, മൈക്കേല്‍, ബാസിത്, ലാവ്മ്ന, കാര്‍ത്തിക് എന്നിവരും ഇറങ്ങി.

ആദ്യനിമിഷങ്ങളില്‍ സുദേവയുടെ മുന്നേറ്റമായിരുന്നു. ബ്ലാസ്റ്റേഴ്സ് പ്രതിരോധം മികച്ച പ്രകടനം പുറത്തെടുത്തു. കളിയുടെ എട്ടാം മിനിറ്റില്‍ സുദേവയുടെ കാര്‍ത്തികിന്റെ ഗോള്‍ ശ്രമം ഗോള്‍ കീപ്പര്‍ സച്ചിന്‍ സുരേഷ് കാലുകൊണ്ട് തട്ടിയകറ്റി. പതിനെട്ടാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് മത്സരത്തിലെ ആദ്യ കോര്‍ണര്‍ കിക്ക് കിട്ടി. പക്ഷേ, സുദേവ ഗോള്‍ കീപ്പറെ പരീക്ഷിക്കാനായില്ല. ഇരുപതാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ മികച്ച പ്രത്യാക്രമണം സുദേവ ബോക്സില്‍ അവസാനിച്ചു. ഇരുപത്തിനാലാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു മുന്നേറ്റവും സുദേവ പ്രതിരോധം തടഞ്ഞു. പിന്നാലെ ബാസിതിന്റെ മികച്ച മുന്നേറ്റം സുദേവ കോര്‍ണര്‍ വഴങ്ങി അപകടമൊഴിവാക്കി. ഇതിനിടെ സുദേവയുടെ പ്രത്യാക്രമണങ്ങള്‍ ബ്ലാസ്റ്റേഴ്സ് പ്രതിരോധം തടഞ്ഞു.
37-ാം മിനിറ്റില്‍ കാര്‍ത്തികിനെ ഫൗള്‍ ചെയ്തതിന് തേജസിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. കളിയില്‍ ബ്ലാസ്റ്റേഴ്സ് നിയന്ത്രണം നേടി. പക്ഷേ, സുദേവ ഗോള്‍മുഖത്തേക്ക് മുന്നേറാനായില്ല. എന്നാല്‍ ഏറെനേരം കാത്തിരിക്കേണ്ടിവന്നില്ല ബ്ലാസ്റ്റേഴ്സിന്. കിടയറ്റ ഗോളിലൂടെ മുഹമ്മദ് അജ്സല്‍ മഞ്ഞപ്പടയ്ക്ക് ലീഡ് നല്‍കി. നാല്‍പ്പത്തിരണ്ടാം മിനിറ്റില്‍ ഗൗരവിന്റെ കൃത്യതയാര്‍ന്ന പാസ് പിടിച്ചെടുത്ത് സുദേവ പ്രതിരോധത്തെയും ഗോള്‍ കീപ്പറെയും നിഷ്പ്രഭമാക്കി അജ്സലിന്റെ നിലംപറ്റിയുള്ള അടി വലയില്‍ പതിഞ്ഞു. പിന്നാലെ സുദേവ തിരിച്ചടിച്ചു. മാന്‍ചോങ് കുക്കിയുടെ തകര്‍പ്പന്‍ ഗോള്‍. ബ്ലാസ്റ്റേഴ്സ് ഗോള്‍ ഏരിയയില്‍വച്ചുള്ള ബാസിതിന്റെ ത്രോ ബോക്സിന് പുറത്ത് കൃത്യം കുക്കിക്ക്. പന്ത് സ്വീകരിച്ച് ബോക്സില്‍ കയറിയ കുക്കി ബ്ലാസ്റ്റേഴ്സ് പ്രതിരോധക്കാര്‍ക്കിടയിലൂടെ അടിപായിച്ചു. സച്ചിന്‍ സുരേഷിന് അത് തടയാനായില്ല. അവസാന 10 മിനിറ്റിലെ മിന്നുന്ന പ്രകടനവുമായി ആദ്യപകുതി 11ന് അവസാനിച്ചു.
രണ്ടാംപകുതിയില്‍ കളി വേഗത്തിലായി. അമ്പതാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് സുദേവ ഗോള്‍മുഖത്തേക്ക് മിന്നുന്ന നീക്കം നടത്തി. സുദേവ ഗോള്‍ കീപ്പര്‍ കബീര്‍ കോഹ്ലി പോസ്റ്റ്് വിട്ടിറങ്ങി. എങ്കിലും അവരുടെ പ്രതിരോധം പിടിച്ചുനിന്നു. പിന്നാലെ റോഷന്റെ ത്രോ പിടിച്ചെടുത്ത് അജ്സല്‍ അടിപായിച്ചെങ്കിലും ലക്ഷ്യം തെറ്റി. മറുവശത്ത് നിതേഷിന്റെ ക്രോസ് ബ്ലാസ്റ്റേഴ്സ് ഗോള്‍മുഖത്തെത്തിയെങ്കിലും പ്രതിരോധം വിട്ടില്ല. മര്‍വാന്‍ തട്ടിയകറ്റി. നാല്‍പ്പത്താറാം മിനിറ്റില്‍ റോഷന്റെ ഫ്രീകിക്ക് പോസ്റ്റില്‍ തട്ടിത്തെറിക്കുകയായിരുന്നു.
61-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് കളിയിലെ ആദ്യ മാറ്റംവരുത്തി. ഗോളടിക്കാരന്‍ അജ്സലിന് പകരം ജസീം കളത്തിലെത്തി. അവസാന ഘട്ടത്തില്‍ കളിയുടെ വേഗത കുറഞ്ഞു. ഇരുടീമുകളും സ്വന്തം ഗോള്‍മുഖം കാത്തു. മര്‍വാന്റെ നേതൃത്വത്തില്‍ ബ്ലാസ്റ്റേഴ്സ് പ്രതിരോധം സുദേവയുടെ നീക്കങ്ങളെ സമര്‍ഥമായി തടഞ്ഞു. 82-ാം മിനിറ്റില്‍ സുദേവയുടെ ബാസിതിന്റെ ബോക്സിലേക്കുള്ള ക്രോസ് തേജസ് തട്ടിയകറ്റി. അക്ബര്‍, കാര്‍ത്തിക് ഉള്‍പ്പെടയുള്ള താരങ്ങളിലൂടെയായിരുന്നു സുദേവയുടെ ആക്രമണം. 88-ാം മിനിറ്റില്‍ കാര്‍ത്തികിന്റെ നിലംപറ്റിയുള്ള അടി സച്ചിന്‍ സുരേഷ് പിടിയിലൊതുക്കി. പിന്നാലെ ബ്ലാസ്റ്റേഴ്സ് കളിയിലെ രണ്ടാം മാറ്റം വരുത്തി. ഗൗരവിന് പകരം എബിന്‍ ദാസെത്തി. 92-ാം മിനിറ്റില്‍ റോഷന് പകരം സുബ ഗോഷും കളത്തിലിറങ്ങി. അവസാന നിമിഷങ്ങളില്‍ പ്രത്യാക്രമണങ്ങളിലൂടെ വിജയഗോളിനായി ബ്ലാസ്റ്റേഴ്സ് ശ്രമിച്ചു. എന്നാല്‍ സുദേവ പ്രതിരോധം ഭേദിക്കാനായില്ല. കളി 1-1ന് അവസാനിച്ചു. 23ന് ഒഡീഷ എഫ് സിയുമായിട്ടാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

