Connect with us

Entertainment

‘എജ്ജാതി’; ചിദംബരവും ഡൗണ്‍ ട്രോഡന്‍സും ഒന്നിക്കുന്ന മലയാളത്തിലെ ആദ്യ ത്രാഷ് മെറ്റല്‍ ഗാനം തരംഗമാവുന്നു

Published

on


കൊച്ചി: ജാതി, നിറം എന്നിവയുടെ ആഴത്തിലുള്ള പ്രശ്‌നങ്ങളെ ആവേശത്തോടെ അഭിമുഖീകരിക്കുന്ന ‘എജ്ജാതി’ എന്ന ഗാനം ശ്രദ്ധ നേടുന്നു.

മലയാളത്തിലെ ആദ്യ ത്രാഷ് മെറ്റല്‍ ഗാനം എന്ന ലേബലില്‍ റിലീസ് ചെയ്തിരിക്കുന്ന ഈ സോങ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് ജാനേമന്‍, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ ചിത്രങ്ങളൊരുക്കി പ്രശസ്തനായ ചിദംബരമാണ്. ത്രികയുടെ ബാനറില്‍ നിര്‍മ്മിച്ച ഈ മ്യൂസിക് വീഡിയോ, വിനോദം എന്നതിലുപരി പച്ചയായ വികാരങ്ങളുടെയും സാമൂഹിക വിമര്‍ശനത്തിന്റെയും ആഖ്യാനത്തിലേക്ക് കടക്കുന്ന ഒന്ന് കൂടിയാണ്.

സുശിന്‍ ശ്യാമിന്റെ മെറ്റല്‍ ബാന്‍ഡായ ദ ഡൗണ്‍ ട്രോഡന്‍സ് രചിച്ചു സംഗീതം പകര്‍ന്ന ഗാനം അതിന്റെ ഹൃദയസ്പര്‍ശിയായ വരികളും തീവ്രമായ രചനയും കൊണ്ട് ഏറെ ശ്രദ്ധ നേടുന്നുണ്ട്.

‘എജ്ജാതി’ ഒരു ഗാനം മാത്രമല്ല, നിശബ്ദതയ്‌ക്കെതിരായ ഒരു മാനിഫെസ്റ്റോയാണ് എന്ന് ഗാനത്തിലെ വരികളും രംഗങ്ങളും സൂചിപ്പിക്കുന്നു. ഏപ്രില്‍ രണ്ടിന് റിലീസ് ചെയ്ത ഈ ഗാനം ഇപ്പോള്‍ മ്യൂസിക് പ്ലാറ്റ്ഫോമുകളിലും സോഷ്യല്‍ മീഡിയയിലും ട്രെന്‍ഡിങ് ആണ്. സ്ത്രീധന പീഡനം, വര്‍ണ്ണവിവേചനം, വ്യാപകമായ ജാതി മുന്‍വിധികള്‍ എന്നിവയുടെ ക്രൂരമായ സത്യങ്ങള്‍ തുറന്നുകാട്ടുന്ന രീതിയിലാണ് ഈ ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത്.

ദ ഡൗണ്‍ ട്രോഡന്‍സ് ടീമിന്റെ വരാനിരിക്കുന്ന ആല്‍ബത്തില്‍ നിന്നുള്ള രണ്ടാമത്തെ സിംഗിള്‍ ആണ് ‘എജ്ജാതി’. ‘ആസ് യു ഓള്‍ നോ, ദിസ് ഈസ് ഹൗ ഇറ്റ് ഈസ്’ എന്നാണ് ആല്‍ബത്തിന്റെ പേര്. പത്ത് ശക്തമായ ഗാനങ്ങളുമായി ആണ് ഈ ആല്‍ബം എത്തുന്നത്. മഹാറാണി എന്ന ഗാനമാണ് ഇതില്‍ നിന്ന് ആദ്യം റിലീസ് ചെയ്തത്.

ജിന്റോ ജോര്‍ജ് ഛായാഗ്രഹണം നിര്‍വഹിച്ച ‘എജ്ജാതി’യുടെ എഡിറ്റിംഗ്- വിവേക് ഹര്‍ഷന്‍, മിക്‌സഡ് ആന്‍ഡ് മാസ്റ്റേര്‍ഡ്- കേശവ് ധര്‍, കലാസംവിധായകന്‍- മാനവ് സുരേഷ്, വസ്ത്രധാരണം- സെസ്റ്റി, മേക്കപ്പ്- ആര്‍ ജി വയനാടന്‍, പി ആര്‍ ഒ- വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍, വി എഫ് എക്‌സ്- എഗ് വൈറ്റ്, വി എഫ് എക്‌സ്, ആനിമേഷന്‍- അന്ന റാഫി.


error: Content is protected !!