

കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ ഉല്‍സവത്തിനെത്തിച്ച രണ്ട് ആനകള്‍ ഇടഞ്ഞ ദുരന്തത്തില്‍ മരണം മൂന്നായി.

കെട്ടിടം തകര്‍ന്നാണ് മൂന്നു പേര്‍ക്ക് ദാരുണാന്ത്യമുണ്ടായത്. 31ഓളം പേര്‍ക്ക് പരുക്കുണ്ട്. ഇതില്‍ ഏഴോളം പേര്‍ ഗുരുതരാവസ്ഥയിലാണ്.

ഇടഞ്ഞതിനെ തുടര്‍ന്ന് ആന ഓടുന്നതിനിടെ തൊട്ടടുത്ത ഓടിട്ട കെട്ടിടം തകരുകയായിരുന്നു. ഇതിനടിയില്‍പ്പെട്ടാണ് മൂന്നു പേര്‍ മരിച്ചത്. ഈ കെട്ടിടത്തിന്റെ മേല്‍ക്കൂര ഒന്നാകെ തകര്‍ന്നു വീഴുകയായിരുന്നു.
കുറുവങ്ങാട് സ്വദേശികളായ രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. ലീല (85), അമ്മുക്കുട്ടി അമ്മ (78), രാജന്‍ (66) എന്നിവരാണ് മരിച്ചത്.
ഉഗ്രശബ്ദത്തില്‍ കരിമരുന്ന് വെടിക്കെട്ട് കേട്ടതോടെയാണ് ആന അസ്വസ്ഥയായതെന്ന് പരിസരവാസികള്‍ പറഞ്ഞു.

വ്യാഴാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം. കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിയ പീതാംബരന്‍, ഗോകുല്‍ എന്നീ ആനകള്‍ ആണ് ഇടഞ്ഞത്. അടുത്തടുത്ത് നിന്ന രണ്ട് ആനകളില്‍ ഒന്ന് ഇടഞ്ഞ് മറ്റേതിനെ കുത്തുകയായിരുന്നു. ഇതോടെ പരസ്പരം കുത്തുണ്ടാക്കുകയും വിരണ്ടോടുകയുമായിരുന്നു. പാപ്പാന്‍മാര്‍ പണിപ്പെട്ട് മുക്കാല്‍ മണിക്കൂറിനു ശേഷം തളക്കുകയായിരുന്നു.
നേരത്തെ തന്നെ അസ്വസ്ഥത പ്രകടിപ്പിച്ച അമ്പാടി ബാലന്‍ എന്ന ആനയെ മടക്കി അയച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റവരെ കൊയിലാണ്ടി താലൂക്കാശുപത്രി, സ്വകാര്യ ആശുപത്രി, കോഴിക്കോട് മെഡിക്കല്‍ കോളെജ് എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചത്. ക്ഷേത്രത്തിന് സമീപത്തുള്ള ദേവസ്വം ബോര്‍ഡിന്റെ ഓടിട്ട കെട്ടിടമാണ് തകര്‍ന്നത്. പരുക്കേറ്റവരില്‍ കൂടുതല്‍ സ്ത്രീകളാണ്.

