

ദോഹ: കെ മുഹമ്മദ് ഈസ സമൂഹത്തിന് ചെയ്ത സേവനങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള തെളിവാണ് അദ്ദേഹത്തിന്റെ മരണാനന്തരം അനുശോചിക്കാനെത്തിയവരുടെ എണ്ണമെന്ന് ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ പറഞ്ഞു. കെ എം സി സി ഖത്തര്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐഡിയല്‍ ഇ്ന്ത്യന്‍ സ്‌കൂളില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അംബാസഡര്‍.


ഊര്‍ജ്ജസ്വലതയോടെ എല്ലാ സമയത്തും പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഈസയുടെ നിര്യാണം അസമയത്തായതു പോലെ തോന്നുന്നു. അദ്ദേഹത്തിന്റെ സേവനം ഇനിയും സമൂഹത്തിന് ആവശ്യമുണ്ടായിരുന്നുവെന്നും അംബാസഡര്‍ പറഞ്ഞു.

കഴിഞ്ഞ ഒന്നര വര്‍ഷമായി ഖത്തറില്‍ ഇന്ത്യയുടെ അംബാസഡറായി പ്രവര്‍ത്തിക്കുന്നതിനാല്‍ ഈസയുമായി പല തവണ ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹവുമായുള്ള ആദ്യത്തെ കൂടിക്കാഴ്ച ഇപ്പോഴും ഓര്‍മയിലുണ്ടെന്നും അംബാസഡര്‍ പറഞ്ഞു. ഖിഫ് ഫുട്ബാള്‍ ടൂര്‍ണമെന്റുമായി ബന്ധപ്പെട്ടാണ് അദ്ദേഹവുമായി സംസാരിച്ചത്. ഖിഫ് ടൂര്‍ണമെന്റിനെ കുറിച്ച് അദ്ദേഹം വളരെ വിശദമായി പറഞ്ഞു തനിക്ക് പറഞ്ഞു തന്നതായും അംബാസഡര്‍ ഓര്‍ത്തു.

ഐ സി ബി എഫ്, ഐ സി സി തുടങ്ങിയവയുടെ പരിപാടികളിലെല്ലാം ഈസയെ സ്ഥിരമായി കാണാറുണ്ട്. സമൂഹത്തിന് വേണ്ടി ചെയ്ത മികച്ച സേവനങ്ങളുടെ പേരില്‍ ഈസയോട് സമൂഹം കടപ്പെട്ടവരാണ്. പെട്ടെന്നൊരാളുടെ ഇല്ലായ്മയുടെ വിടവ് നികത്താന്‍ കുറേ സമയമെടുക്കുമെന്നത് യാഥാര്‍ഥ്യമാണ്. എങ്കിലും അദ്ദേഹത്തെ തുടര്‍ച്ചയായി ഓര്‍ക്കുകയും അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാവുകയും വേണമെന്നും അംബാസഡര്‍ വ്യക്തമാക്കി.
വിദ്യാഭ്യാസ രംഗത്ത് കെ മുഹമ്മദ് ഈസ നല്‍കിയ സേവനവും നോബ്ള്‍ സ്‌കൂള്‍ സ്ഥാപിക്കുന്നതിന് പിന്നിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനവും എടുത്തു പറയേണ്ടതുണ്ട്.
നമ്മള്‍ ഈസയെ തുടര്‍ച്ചയായി ഓര്‍ക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നും നമ്മള്‍ പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്.
വെളിച്ചം പകര്‍ന്ന് വിളക്കണഞ്ഞു എന്ന അനുശോചന സംഗമത്തിലും പ്രാര്‍ഥനാ സദസ്സിലും കെ എം സി സി സം്സ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. ഈസക്ക തനിക്ക് ധൈര്യമായിരുന്നുവെന്നും മെന്ററും ജ്യേഷ്ഠ സഹോദര തുല്യനുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇനി നമുക്കാരുണ്ട് എന്ന ചിന്ത കെ എം സി സിക്ക് മാത്രമല്ല ദോഹയിലെ സാധാരണക്കാര്‍ക്കും ഈസക്കയുടെ മരണത്തോടെ ഉണ്ടെന്നും കേരളത്തിലെ സി എച്ച് സെന്ററുകള്‍ക്കും കേരളത്തിലെ അവശത അനുഭവിക്കുന്ന കലാകാരന്മാര്‍ക്ക് ആരുണ്ടെന്ന ചോദ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പൂര്‍ണ ആരോഗ്യത്തോടെ കളം നിറഞ്ഞു നില്‍ക്കുമ്പോഴാണ് ഈസക്ക വിട്ടുപോയിരിക്കുന്നതെന്ന് മുന്‍ എം എല്‍ എ പാറക്കല്‍ അബ്ദുല്ല പറഞ്ഞു. എല്ലാ ആത്മാക്കളും മരണം രുചിക്കുക തന്നെ ചെയ്യും. എന്നാല്‍ ചില മരണങ്ങള്‍ നമ്മെ വേദനിപ്പിക്കും. ഈസക്കയുടെ മരണം അത്തരത്തിലുള്ളതാണ്. ഖത്തറിന്റെ ചരിത്രത്തില്‍ ഇത്രയേറെ ആളുകള്‍ മയ്യത്ത് നമസ്‌ക്കരിക്കാനെത്തിയത് മലയാളികള്‍ക്കിടയില്‍ ആദ്യത്തെ സംഭവമാണ്. അദ്ദേഹം സമൂഹത്തിന് ചെയ്ത സേവനങ്ങളാണ് അദ്ദേഹത്തിന്റെ മരണത്തില്‍ ജനങ്ങള്‍ പ്രകടിപ്പിച്ച സ്‌നേഹവും ബഹുമാനവും സങ്കടവുമെന്നും പാറക്കല്‍ അബ്ദുല്ല ചൂണ്ടിക്കാട്ടി.
നിസ്വാര്‍ഥമായും നിഷ്‌കളങ്കവുമായുമാണ് ഈസക്ക എല്ലാവരോടും ബന്ധപ്പെട്ടിരുന്നത്. കെ എം സി സിയുടെ മാനുഷിക മുഖവും ജീവകാരുണ്യ മുഖവുമായിരുന്നു ഈസക്കയെന്നും പാറക്കല്‍ പറഞ്ഞു.
തന്റെ പിതാവും ഹൈദരലി ശിഹാബ് തങ്ങളും മരിച്ചതിന് ശേഷം താന്‍ കരഞ്ഞത് ഈസക്കയുടെ മരണമറിഞ്ഞപ്പോഴാണെന്ന് കെ വി ഇബ്രാഹിം എം എല്‍ എ പറഞ്ഞു. എല്ലാ ആളുകളുമായി എത്രമാത്രം ഈസക്ക ബന്ധപ്പെട്ടിരുന്നുവെന്നും സ്‌നേഹം നല്‍കിയിരുന്നുവെന്നും തിരിച്ചറിയാനായത് അദ്ദേഹം മരണമടഞ്ഞപ്പോഴാണ്. സ്‌നേഹംകൊണ്ടു മാത്രമാണ് അദ്ദേഹം ആളുകളെ കീഴടക്കിയത്.
ചേര്‍ന്ന് നടക്കുകയും കൈത്താങ്ങാവുകയും ചെയ്തിരുന്ന ഒരാള്‍ യാതൊരു സൂചനയും നല്‍കാതെ പെട്ടെന്ന് പിരിഞ്ഞുപോയി എന്നാലോചിക്കാനാവുന്നില്ലെന്ന് ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍ പറഞ്ഞു. പതിനെട്ടു വര്‍ഷം മുമ്പ് ആദ്യമായി പരിചയപ്പെടുമ്പോഴുള്‍ ഈസക്ക എങ്ങനെയായിരുന്നുവോ അങ്ങനെ തന്നെയായിരുന്നു ഇപ്പോഴുമെന്നും എ പി മണികണ്ഠന്‍ പറഞ്ഞു.
മികച്ച രീതിയില്‍ ബിസിനസ് നടത്തുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ടെങ്കിലും കായിക പ്രേമിയും സംഗീതാസ്വാദകനും ഗായകനുമൊക്കെയായ ബിസിനസുകാരന്‍ ഈസക്ക മാത്രമായിരുന്നു. ഒരിടത്ത് മികച്ച കച്ചവടക്കാരനായും മറ്റൊരിടത്ത് ഫുട്ബാളുമായി സ്റ്റേഡിയത്തിന്റെ പല ഭാഗത്തേക്കും തിരക്കിട്ടോടുന്ന സംഘാടകനായുമുള്ള ഈസക്കയെ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ വീഡിയോ ചിത്രീകരിച്ച് അത്ഭുതം ഈ മനുഷ്യന്‍ എന്ന തലക്കെട്ട് നല്‍കി ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തിരുന്നുവെന്നുംഎ പി മണികണ്ഠന്‍ ഓര്‍ത്തു.
ദോഹയില്‍ ഈസക്കയ്ക്ക് സമം ഈസക്ക മാത്രമാണ്. അദ്ദേഹത്തിന്റെ മരണത്തോടെ ദോഹയിലെ എല്ലാ മേഖലയിലുമുള്ളവര്‍ വലിയ ശൂന്യതയാണ് അനുഭവിക്കുന്നതെന്നും എ പി മണികണ്ഠന്‍ പറഞ്ഞു.
കെ എം സി സി ജനറല്‍ സെക്രട്ടറി സലീം നാലകത്ത് സ്വാഗതം പറഞ്ഞു.
ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, സൈനുല്‍ ആബിദ് സഫാരി, എസ് എ എം ബഷീര്‍, എം പി ഷാഫി ഹാജി, ജോപ്പച്ചന്‍ തെക്കേകുറ്റ്, ഷമീര്‍ വലിയവീട്ടില്‍, അബ്ദുന്നാസര്‍ നാച്ചി, ഫൈസല്‍ ഹുദവി, യു ഹുസൈന്‍ മുഹമ്മദ്, സലാം ഹാജി, ഹൈദര്‍ ചുങ്കത്തറ, താഹ, അഷറഫ് ചിറക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

