

ദോഹ: ഇന്ത്യ- ഖത്തര്‍ സംയുക്ത ബിസിനസ് കൗണ്‍സിലിന്റെ ആദ്യ യോഗം വെര്‍ച്വലായി സംഘടിപ്പിച്ചു. ഖത്തര്‍ ചേംബറും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും കൗണ്‍സിലിന് നേതൃത്വം നല്‍കി. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര, നിക്ഷേപ ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും മാര്‍ഗങ്ങളും സംയുക്ത ബിസിനസ് കൗണ്‍സില്‍ ചര്‍ച്ച ചെയ്തു.

ഇന്ത്യയും ഖത്തറും തമ്മിലുള്ള ചരിത്രപരമായ വ്യാപാര ബന്ധങ്ങളെക്കുറിച്ചും റീട്ടെയില്‍, ഫിന്‍ടെക്, ബാങ്കിംഗ്, ലോജിസ്റ്റിക്‌സ്, ആരോഗ്യ സംരക്ഷണം, ഇലക്ട്രിക് വാഹനങ്ങള്‍, ഓട്ടോമൊബൈല്‍സ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള അവസരങ്ങളെക്കുറിച്ചും ഫിക്കി മിഡില്‍ ഈസ്റ്റ് ചെയര്‍മാന്‍ അദീബ് അഹമ്മദ് സംസാരിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 14 ബില്യണ്‍ യു എസ് ഡോളറിലധികം ഇന്ത്യയും ഖത്തറും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി വ്യാപാരത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ബിസിനസ്, സാംസ്‌കാരിക മേഖലകളില്‍ ഖത്തറിലെ ഇന്ത്യക്കാര്‍ നല്‍കിയ സംഭാവനകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ പ്രതിവര്‍ഷ 6-7 ശതമാനം എന്ന വാഗ്ദാന വളര്‍ച്ചാ നിരക്കും മെയ്ക്ക് ഇന്‍ ഇന്ത്യ പോലുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ വിവിധ സംരംഭങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു.


ഇന്ത്യയും ഖത്തറും തമ്മിലുള്ള ചരിത്രപരമായ വ്യാപാര ബന്ധങ്ങള്‍ സമീപ വര്‍ഷങ്ങളില്‍ വളര്‍ന്നുവരുന്നതും ഖത്തര്‍ സമ്പദ്വ്യവസ്ഥയുടെ വിവിധ മേഖലകളിലും കോര്‍പ്പറേറ്റ് ഘടനകളുടെ വിവിധ തലങ്ങളിലുമുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ സംഭാവനയും ഖത്തര്‍ ചേംബര്‍ എടുത്തുപറഞ്ഞു. നിര്‍മിത ബുദ്ധി, ഹരിത ഊര്‍ജ്ജം, ഇലക്ട്രിക് വാഹനങ്ങള്‍, ആരോഗ്യ സംരക്ഷണം, ആഭരണങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, ഐടി/ സോഫ്റ്റ്വെയര്‍ വികസനം തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തില്‍ ഖത്തര്‍ അതീവ താത്പര്യം പ്രകടിപ്പിച്ചു. ഖത്തറിലെ ലോകോത്തര ഭൗതിക, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ചും ഖത്തര്‍ സ്ഥാപനങ്ങളുമായി ഇന്ത്യയ്ക്ക് പങ്കാളിത്തം വഹിക്കാനും ഖത്തര്‍ സമ്പദ്വ്യവസ്ഥ വാഗ്ദാനം ചെയ്യുന്ന അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യാനും നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സംഘടിപ്പിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഖത്തര്‍ സംസാരിച്ചു.
ഇന്ത്യയില്‍ ഖത്തര്‍ നിക്ഷേപങ്ങളില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. നിലവില്‍ ഇന്ത്യയിലെ ഖത്തര്‍ എഫ്ഡിഐ ഏകദേശം 1.5 ബില്യണ്‍ യു എസ് ഡോളറാണ്. സമ്പദ്വ്യവസ്ഥയുടെ വിവിധ മേഖലകളിലായി ഏകദേശം 20,000 ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ചെറുകിട ഇടത്തരം സംരംഭങ്ങള്‍ ഖത്തറില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇന്ത്യ- ഖത്തര്‍ സംയുക്ത ബിസിനസ് കൗണ്‍സിലില്‍ ഇരു രാജ്യങ്ങളില്‍ നിന്നുമായി 19 മികച്ച ബിസിനസുകാരുണ്ട്. വ്യാപാരം, നിക്ഷേപം, സാങ്കേതിക കൈമാറ്റം, സേവനങ്ങള്‍, മറ്റ് വ്യാവസായിക മേഖലകള്‍ എന്നിവയില്‍ കൂടുതല്‍ വ്യവസ്ഥാപിതമായി ബിസിനസ് പ്രോത്സാഹന പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ വ്യവസായ നേതൃത്വത്തിലുള്ള വ്യാപാര നെറ്റ്വര്‍ക്കിംഗ് പ്ലാറ്റ്ഫോമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത ബിസിനസ് കൗണ്‍സില്‍.
സംയുക്ത ബിസിനസ് കൗണ്‍സില്‍ ഇരു രാജ്യങ്ങളിലും കുറഞ്ഞത് ഒരു വാര്‍ഷിക മീറ്റിംഗെങ്കിലും നടത്തും. കൂടാതെ ആവശ്യാനുസരണം മറ്റ് മീറ്റിംഗുകളും പരിപാടികളും സംഘടിപ്പിക്കും. ഖത്തര്‍ ചേംബറും ഫിക്കിയും വരും മാസങ്ങളില്‍ നേരിട്ട് ഒരു മീറ്റിംഗ് നടത്താന്‍ തീരുമാനിച്ചു. റമദാന്‍ കഴിഞ്ഞാലുടനായിരിക്കും യോഗം.

