

ന്യൂയോര്‍ക്ക്: ട്വിറ്റര്‍ ഏറ്റെടുക്കുന്ന നടപടികള്‍ താത്ക്കാലികമായി നിര്‍ത്തിവെക്കുകയാണെന്ന് ശതകോടീശ്വരന്‍ ഇലോണ്‍ മസ്ക്. ഇതോടെ ട്വിറ്ററിന്റെ ഓഹരി വിലയില്‍ ഇടിവ്.

ട്വിറ്റര്‍ ഏറ്റെടുക്കുന്ന സമയത്ത് വ്യാജ അക്കൗണ്ടുകള്‍ ഇല്ലാതാക്കുക എന്ന തന്റെ ലക്ഷ്യം സാധിക്കണമെങ്കില്‍ ഇനിയും ഏറെ ചര്‍ച്ചകളും പരിശോധനകളും ആവശ്യവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മസ്ക് നിലപാടില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ട്വിറ്റര്‍ ഉപയോക്താക്കളില്‍ ഏകദേശം അഞ്ച് ശതമാനത്തോളം വ്യാജ അക്കൗണ്ടുകളാണെന്നാണ് മസ്ക് തന്റെ ട്വീറ്റില്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഇത്തരം കണക്കുകളില്‍ വ്യക്തത വരുത്തുന്നത് വരെ ഏറ്റെടുക്കല്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

മസ്കിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെ ട്വിറ്ററിന്റെ ഓഹരി വിലയില്‍ 8.7 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഒരു ഓഹരിക്ക് 54.20 ഡോളര്‍ നിരക്കിലാണ് മസ്ക് ട്വിറ്റര്‍ സ്വന്തമാക്കുമ്പോള്‍ ലഭിക്കുകയെന്ന് പറഞ്ഞിരുന്നത് വെള്ളിയാവ്ച 41.15 ഡോളര്‍ എന്ന നിലയിലേക്കാണ് എത്തിയത്. എന്നാല്‍ ട്വിറ്റര്‍ ഏറ്റെടുക്കുന്നത് നീട്ടിവെക്കുകയാണെന്ന പ്രഖ്യാപനത്തോടെ ഓഹരി വില ഇടിഞ്ഞതിന് പിന്നാലെ താന്‍ ട്വിറ്റര്‍ ഏറ്റെടുക്കുമെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെന്നും മസ്ക് അറിയിച്ചു.
ഏപ്രില്‍ മാസത്തിലാണ് ഇലോണ്‍ മസ്ക് 4,400 കോടി ഡോളറിന് ട്വിറ്റര്‍ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചത്. മസ്കിന് 9.2 ശതമാനം ഓഹരി നിക്ഷേപമാണ് ട്വിറ്ററില്‍ ഉള്ളത്.

