

ചെന്നൈ: ആക്ഷന്‍ ഹീറോ വിശാലും ആര്യയും ഒന്നിക്കുന്ന മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ‘എനിമി’ ദീപാവലിക്ക് ലോകമെമ്പാടും തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നു. ‘ഇരുമുഖകന്‍’, ‘അരിമാ നമ്പി’ എന്നീ ഹിറ്റ് ചിത്രങ്ങള്‍ അണിയിച്ചൊരുക്കിയ ആനന്ദ് ശങ്കറാണ് ‘എനിമി’യുടെ രചയിതാവും സംവിധായകനും.

ജനപ്രീതി നേടിയ ‘അവന്‍ ഇവന്‍’ എന്ന സിനിമക്ക് ശേഷം വിശാലും ആര്യയും ഒന്നിക്കുന്നു എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. പ്രതിനായക കഥാപാത്രമാണ് ആര്യയുടേത് എന്നാണ് സൂചന. മൃണാളിനി രവിയും മംതാ മോഹന്‍ദാസുമാണ് നായികമാര്‍. പ്രകാശ് രാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തമ്പി രാമയ്യ, കരുണാകരന്‍, മാളവിക അവിനാഷ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആര്‍ ഡി രാജ ശേഖറാണ് ഛായാഗ്രാഹകന്‍. ഗാനങ്ങള്‍ക്ക് എസ് തമന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. സാം സി എസ് പശ്ചാത്തല സംഗീതവും നല്‍കിയിരിക്കുന്നു. രവി വര്‍മ്മനാണ് ‘എനിമി’യിലെ അതിസാഹസികമായ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്ത അവകാശപ്പെടുന്ന ആക്ഷന്‍ എന്റര്‍ടൈനറായ ‘എനിമി’യെ പ്രേക്ഷകര്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. യൂട്യൂബില്‍ മുപ്പതു ലക്ഷം കാഴ്ചക്കാരെ നേടി ജൈത്ര യാത്ര തുടരുകയാണ് ‘എനിമി’ ട്രെയിലര്‍. അത് തന്നെ ആരാധകരില്‍ ആകാംക്ഷ വര്‍ധിപ്പിച്ചിരിക്കയാണ്. മിനി സ്റ്റുഡിയോയാണ് ഈ ബിഗ് ബ്ജറ്റ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
