
കൊച്ചി: ജന്മദിനത്തില് ആശംസകളും സ്നേഹവും പ്രകടിപ്പിച്ച എല്ലാവരോടും നന്ദി അറിയിച്ച് മമ്മൂട്ടി. വ്യക്തിപരമായി അറിയാവുന്നവര്‍ മുതല്‍ തീരെ കണ്ടിട്ടില്ലാത്തവര്‍ വരെ അവരുടെ സ്നേഹം തുല്യ അളവിലാണ് പ്രകടിപ്പിച്ചിട്ടുള്ളതെന്നും തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ മമ്മൂട്ടി പറഞ്ഞു.

മുഖ്യമന്ത്രി മുതല്‍ എണ്ണമറ്റ നേതാക്കളും അമിതാഭ് ബച്ചന്, മോഹന്‍ലാല്‍, കമല്ഹസ്സന് തുടങ്ങി എണ്ണമറ്റ അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും ചലച്ചിത്ര മേഖലയിലെ വ്യത്യസ്ത വ്യക്തികളും വരെ തനിക്ക് ആശംസ അറിയിച്ചുവെന്നും മമ്മൂട്ടി ഫേസ്ബുക്കില്‍ എഴുതി. മാധ്യമ പ്രവര്‍ത്തകര്‍, പ്രസിദ്ധീകരണങ്ങള്‍, ചാനലുകള്‍, രാജ്യത്തെ വ്യത്യസ്ത പേജുകള്‍ തുടങ്ങിയവയെല്ലാം അവരുടെ സ്നേഹം പങ്കുവെച്ചിട്ടുണ്ട്. പ്രേക്ഷകരും സിനിമാ പ്രേമികളും ആഘോഷങ്ങള്‍ നടത്തുകയും അവരുടെ സ്നേഹം എല്ലാ രൂപത്തിലും അയക്കുകയും ചെയ്തു. അത് തന്നെ ഏറ്റവും കൂടുതല്‍ സ്പര്‍ശിച്ചതായും മമ്മൂട്ടി അറിയിച്ചു.


സാധാരണയായി തന്റെ ജന്മദിനം സ്വയം ആഘോഷിക്കാറില്ലെങ്കിലും തന്നെ സ്നേഹിക്കുന്നവര്‍ അവര്‍ തനിക്കറിയുന്നവരും അറിയാത്തവരുമെല്ലാം അവരുടെ കുടുംബത്തിലെ ഒരാളായി കാണുകയും ഈ ദിവസം പ്രത്യേകതയുള്ളതായി മാറ്റുകയും ചെയ്യുന്നു. ഈ സമയത്ത് തനിക്ക് ശരിക്കും അനുഗ്രഹം തോന്നുന്നതായും മമ്മൂട്ടി പറഞ്ഞു.
ആത്മാര്‍ഥമായ നന്ദി എല്ലാവരോടും താഴ്മയോടെ പങ്കുവെക്കുന്നതായും തനിക്ക് ലഭിച്ച എല്ലാ സ്നേഹവും ഓരോരുത്തരിലേക്കും തിരികെ നല്‍കുന്നതായും കഴിയാവുന്നിടത്തോളം കാലം എല്ലാവരേയും ആഹ്ലാദിപ്പിക്കുന്നത് തുടരാന്‍ ആഗ്രഹിക്കുന്നതായും പറഞ്ഞ് സ്നേഹത്തോടെയും പ്രാര്‍ഥനയോടെയുമാണ് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.


