

ആലുവ: സ്‌ക്കൂള്‍ തുറക്കുന്നതിന്റെ ഭാഗമായി ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം നടത്തി. പഞ്ചായത്ത്തല സ്‌ക്കൂള്‍ പ്രവേശനോത്സവം എസ് പി ഡബ്ല്യു എല്‍ പി സ്‌കൂളില്‍ ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല ജോസ് അധ്യക്ഷത വഹിച്ചു.


ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക്, അംഗങ്ങളായ പി എസ് യൂസഫ്, സി പി നൗഷാദ്, രാജേഷ് പുത്തനങ്ങാടി, അലീഷ ലിനീഷ്, ലീന ജയന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ആശ ടി സ്വാഗതവും അധ്യാപകന്‍ ജൈജു പി നന്ദിയും പറഞ്ഞു.


തായിക്കാട്ടുകര സ്‌കൂള്‍ കോംപ്ലക്‌സ് എല്‍ പി സ്‌കൂള്‍, ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് ബഡ്‌സ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ നടന്ന പ്രവേശനോത്സവവും പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ഉദ്ഘാടനം ചെയ്തു. പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് സ്വീകരണം നല്‍കുകയും മധുര പലഹാരങ്ങള്‍ വിതരണം ചെയ്യുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു.
