

രാമന്തളി: നാടിന്റെ ഓരോ മണല്‍ തരിയും തിരിച്ചറിയുന്ന പാട്ടുകാരനായ വടക്കുമ്പാട് ചൊക്രുവിന്റെ അബ്ദുല്ലയെ കാണാതായിട്ട് ഇന്നേയ്ക്ക് നീണ്ട ഒമ്പത് വര്‍ഷം കഴിഞ്ഞു.

രാമന്തളി വടക്കുമ്പാട് മദ്‌റസ അധ്യാപകനും ജുമാ മസ്ജിദ് മുഅദ്ദിനുമായ പരേതരായ കെ ടി അബ്ദുറഹിമാന്‍- ഹലീമ ദമ്പതികളുടെ മകനാണ്. അവരെ സ്‌നേഹിക്കന്നതു പോലെ തന്നെ നാട്ടുകാര്‍ അബ്ദുല്ലയെയും സ്‌നേഹിച്ചു. ആരോടും പകയോ വിദ്വേഷമോ ഇല്ലാതെ നാട്ടുകാരെയെല്ലാം പേര് വിളിച്ച് കുശലാന്വേഷണം നടത്തുന്ന പ്രകൃതമായിരുന്നു. നാട്ടില്‍ ചെറിയ തരത്തിലുള്ള ജോലി ചെയ്ത് വട്ടച്ചെലവ് കണ്ടെത്തിയിരുന്നു. ചുണ്ടില്‍ എപ്പോഴും അറബി- മാപ്പിളപ്പാട്ടുകളുടെ ഈരടികളുണ്ടാവും. പരിചയക്കാരുടെ വീടുകളിലെത്തില്‍ ‘ചുട്ട തണ്ണിന്‍’ ആവശ്യപ്പെട്ടും. മാത്രമല്ല; വീട്ടുവിശേഷങ്ങര്‍ ചോദിച്ചറിയും. മരണ വീടുകളിലും കല്യാണ സ്ഥലങ്ങളിലും നിറ സാന്നിധ്യം. നിഷ്‌കളങ്കനായ അബ്ദുല്ലയെ നാട്ടുകാര്‍ക്കൊക്കെ ഏറെ പ്രിയമായിരുന്നു. നേരം പോക്കിന് ഈരടികള്‍ പാടാന്‍ ആവശ്യപ്പെട്ടാല്‍ ഒരു സങ്കോചവുമില്ലാതെ പാടും.

ഒരിക്കല്‍ എന്റെ വീട്ടില്‍ വന്നപ്പോള്‍ ഇടത്തെ കാലിന് ഒരു മുറിവുണ്ടായിന്നു. ഡോക്ടറെ കാണിക്കാന്‍ പറഞ്ഞപ്പോള്‍ പറഞ്ഞു കാദര്‍ച്ച ഇപ്പോള്‍ അവുക്കര്‍ച്ച (ഡോക്ടര്‍ അബൂബക്കര്‍) വിളിച്ചു പറയുക; ഞാന്‍ ആസ്പത്രിയില്‍ പോകാമെന്ന്. പി വി പറഞ്ഞു അവിടെ നേരം വെളുത്തയുടന്‍ വീട്ടിലെത്തി കണ്‍സള്‍ട്ട് ചെയ്യാറ് പതിവുണ്ടായിരുന്നു. ഇപ്പോള്‍ കാണാറില്ല എന്തു പറ്റിയെന്ന്.
2013 നവമ്പര്‍ ആറിനാണ് ഒറ്റയ്ക്ക് സ്വന്തം വീടു വിട്ടിറങ്ങിയത്. പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ട്രെയിനില്‍ കയറുന്നത് കണ്ടവരുണ്ട്. സഹോദരനും രാമന്തളി ജമാഅത്ത് അസിസ്റ്റന്റ് ഖത്തീബുമായ സി എച്ച് ഇബ്രാഹിം മദനി അദ്ദേഹത്തിന്റെ സുഹൃദ് ബന്ധം വെച്ച് വര്‍ഷങ്ങളോളം അന്വേഷിക്കാത്ത സ്ഥലങ്ങളില്ല. മാറി മാറി വരുന്ന സര്‍ക്കാര്‍ ഉള്‍പ്പെടെ അന്വേഷണാധികൃതര്‍ക്കും യഥാ സമയങ്ങളില്‍ പരാതി ബോധിപ്പിച്ചെങ്കിലും അബ്ദുല്ല ഇപ്പോഴും കാണാമറയത്ത് തന്നെ.
ഇനി എന്തു ചെയ്യും എന്നാണ് കുടുംബക്കാര്‍ ചോദിക്കുന്നത്. ഇന്നും ഒരു ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്.

