യു ഡി എഫിന്റെ ഓരോ എം എല്‍ എയും പ്രവാസികളുടെ എം എല്‍ എമാര്‍ കൂടി ആയിരിക്കും

Web Desk
3 Min Read

Election Talk/ വിപിന്‍ പി കെ മേപ്പയ്യൂര്‍
(പ്രസിഡന്റ്, ഇന്‍കാസ് ഖത്തര്‍ കോഴിക്കോട്)

city exchange

കേരള നിയമസഭ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വോട്ട് ചെയ്യാന്‍ പ്രവാസികള്‍ക്ക് നാട്ടിലേക്ക് പോകാനാവാത്തത് വലിയ വിഷയം തന്നെയാണ്. വിമാന ടിക്കറ്റ് നിരക്ക് വര്‍ധിച്ചതിനാല്‍ യാത്ര ഓരോരുത്തരുടേയും ബജറ്റിനെ മാത്രമല്ല തൊഴിലിനേയും ബാധിക്കുമെന്ന് ഭയക്കുന്നുണ്ട്.

എന്നാല്‍ ആലോചിക്കേണ്ട മറ്റൊരു കാര്യം, സ്‌കൂള്‍ അവധിക്കാലത്ത് പ്രവാസികളുടെ കുടുംബാംഗങ്ങള്‍ വലിയ ശതമാനം വിദേശത്തേക്ക് വരാറുണ്ട്. വേനലവധിക്കാലത്താണ് വോട്ട് എന്നതിനാല്‍ കുടുംബങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് വന്നിരുന്നുവെങ്കില്‍ വോട്ടിംഗില്‍ വലിയ കുറവു വരുമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥ കാരണം കുടുംബങ്ങളെ വിദേശത്തേക്ക് കൊണ്ടുവരാന്‍ സാധിക്കാത്തതിനാല്‍ പ്രവാസി കുടുംബങ്ങള്‍ നാട്ടില്‍ വോട്ടു ചെയ്യും. പ്രവാസികളില്‍ പലര്‍ക്കും വോട്ടു ചെയ്യാന്‍ പോകാനാവാത്ത പ്രശ്‌നമുണ്ടെങ്കിലും കുടുംബങ്ങളുടെ വോട്ടുകള്‍ അവിടെ തന്നെ കിട്ടുമെന്നത് ഗുണകരമാണ്, ഇവിടെ പ്രവാസികളുടെ മുറികള്‍ സന്ദര്‍ശിച്ചും നാട്ടിലേക്ക് ബന്ധുക്കളേയും സുഹൃത്തുക്കളെയുമെല്ലാം എല്ലാവിധ കണക്ഷനും സ്രോതസ്സുകളും ഉപയോഗിച്ച് വോട്ട് ഉറപ്പിക്കുന്നു. ഡിജിറ്റല്‍ മീഡിയ കാലഘട്ടത്തില്‍ അത് ഉപയോഗപ്പെടുത്തി യു ഡി എഫ് സ്ഥാനാര്‍ഥികളുടെ ജയം ഉറപ്പിക്കുന്നു.

ഈ അവസ്ഥയിലും നാട്ടിലേക്ക് വോട്ട് ചെയ്യാന്‍ പോകുന്ന പല യാത്രക്കാരും യു ഡി എഫ് അനുഭാവികളാണെന്ന പ്രത്യേകതയുണ്ട്. അവര്‍ കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് മാത്രമല്ല, ലോകത്തിലെ മറ്റ് വിമാനത്താവളങ്ങളിലേക്കും അവിടുന്ന് ഇന്ത്യയിലേക്ക് നാട്ടിലേക്ക് ടിക്കറ്റെടുത്ത് യാത്ര ചെയ്യുകയാണ്. ഖത്തര്‍ എയര്‍വെയ്‌സിന്റെ ഇന്ത്യയിലേക്കുള്ള സര്‍വീസുകളിലെല്ലാം ഭൂരിപക്ഷവും മലയാളികളാണ് യാത്ര ചെയ്യുന്നത്.

- Advertisement -
Ad image

ദുബായ് സന്ദര്‍ശിച്ച പിണറായി വിജയന്‍ പല വാഗ്ദാനങ്ങളും നല്‍കിയിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എന്തൊക്കെയാണോ നടപ്പിലാക്കിയത് അതിനപ്പുറത്തേക്ക് പിണറായി സര്‍ക്കാറിന് പ്രവാസി വിഷയങ്ങളില്‍ മാത്രമല്ല ഒരു വിഷയത്തിലും മുമ്പോട്ടു പോകാന്‍ സാധിച്ചിട്ടില്ല. നോര്‍ക്ക, വിഴിഞ്ഞം തുടങ്ങി ഏത് കാര്യത്തിലും ഇത് മനസ്സിലാക്കാനാവും. പി ആര്‍ വര്‍ക്കുകൊണ്ടു മാത്രമാണ് രണ്ടുതവണ അധികാരത്തിലെത്താന്‍ കഴിഞ്ഞത്.

ബി ജെ പി ഉത്തരേന്ത്യയില്‍ വര്‍ഗ്ഗീയതയും ജാതീയതയും നിറവുമെല്ലാം പറഞ്ഞാണ് ജനങ്ങളെ ഭിന്നിപ്പിച്ചു ഭരണം നേടുന്നത്. ഉത്തരേന്ത്യ കേരളത്തെ പോലെ സാക്ഷരത കൈവരിച്ചിട്ടില്ലാത്തതിനാല്‍ അവയൊക്കെ അവിടെ ചെലവാകുന്നുണ്ട്. കോണ്‍ഗ്രസ് മാത്രമാണ് ശക്തമായ പ്രതിപക്ഷമായി ഉത്തരേന്ത്യയില്‍ നിലവില്‍ ഉള്ളത്.

സാക്ഷരത കൈവരിച്ച കേരളത്തിന്റെ കാര്യത്തില്‍ ബി ജെ പിയുടെ റോള്‍ അവരേക്കാള്‍ ശക്തമായി സി പി എമ്മാണ് നിര്‍വഹിക്കുന്നത്. സി പി എമ്മിന്റെ കേരളത്തിലെ കാഴ്ചപ്പാട് വര്‍ഗ്ഗീയത പറയാന്‍ തങ്ങള്‍ മാത്രം മതി മറ്റാരും വേണ്ടെന്നതാണ്. ആ രീതിയിലാണ് അവര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പോലും പങ്കെടുക്കുന്നത്. കേരളത്തെ ഭ്രാന്താലയമാക്കാതെ സി പി എം ആ കാര്യത്തില്‍ മാറി നില്‍ക്കണമെന്ന് ജനങ്ങള്‍ പറയേണ്ടതുണ്ട്. സി ജെ പി ഡീലിലൂടെ സി പി എം കേരള രാഷ്ട്രീയത്തില്‍ സ്വയം ഇല്ലാതാവാന്‍ ശ്രമിക്കുകയാണ്. ബി ജെ പിയെ പ്രധാന പ്രതിപക്ഷമാക്കി അവര്‍ മൂന്നാം സ്ഥാനത്തേത് സ്വയം പിന്‍മാറുകയാണ്. ബി ജെ പി ഇവിടെ അവര്‍ക്ക് സ്വാധീനം ഇല്ലാത്ത സ്ഥലത്ത് അവരുമായി അടുത്ത ബന്ധം ഉള്ള ഇടതുപക്ഷ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ ഉള്ള ഉള്‍പ്രവര്‍ത്തനത്തിലും ആണ്.

2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് 2029ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്ക് ശക്തിപകരാന്‍ കഴിയുന്നതായിരിക്കണം. ബി ജെ പിയുടെ ബി ടീമായി പ്രവര്‍ത്തിക്കുന്ന എല്‍ ഡി എഫിനെ മാറ്റി നിര്‍ത്താന്‍ സാധിക്കണം. കര്‍ണാടകയില്‍ ബി ജെ പിയുടെ സഖ്യകക്ഷികളാണ് എല്‍ ഡി എഫ്. കേരളത്തില്‍ യു ഡി എഫ് അധികാരത്തില്‍ വരും. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയും യു ഡി എഫിന്റെ മന്ത്രിസഭയും മെയ് 10ന് ശേഷം കേരളത്തില്‍ അധികാരത്തില്‍ വരും.

അറുപതോളം സീറ്റുകളോടെ കോണ്‍ഗ്രസായിരിക്കും കേരളത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാവുക. മുസ്ലിം ലീഗ് രണ്ടാം കക്ഷിയും സി പി എം മൂന്നാം കക്ഷിയുമാകും. സി പി ഐ പാര്‍ട്ടി അടിഞ്ഞുപോകാനാണ് സാധ്യത. ഇടതുപക്ഷത്തോടൊപ്പമുള്ള ചെറുകക്ഷികള്‍ ഈ തെരഞ്ഞെടുപ്പോടെ അപ്രസക്തരാകും.

രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് പ്രവാസി എം എല്‍ എ ഉണ്ടാവുകയെന്നാല്‍ അത് അത്ര എളുപ്പമല്ല. നാട്ടിലേതു പോലെ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പ്രവാസത്തില്‍ സാധിക്കില്ലല്ലോ. ജോലിയുമായി ബന്ധപ്പെട്ടാണല്ലോ പ്രവാസത്തിലെത്തുന്നത്. എങ്കിലും പ്രവാസികളോട് ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്ന പാര്‍ട്ടികളാണ് കോണ്‍ഗ്രസും മുസ്ലിം ലീഗും. ഇടതുപക്ഷം പ്രവാസികളെ ചൂഷണം ചെയ്യുകയാണ് ചെയ്യുന്നത്.

എന്തെങ്കിലും പ്രശ്‌നങ്ങള്‍ വരുമ്പോള്‍ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് പണമിടാന്‍ മാത്രമാണ് ഇടതുമുന്നണി പറയാറുള്ളത്. പ്രവാസികളുടെ ഗുണത്തിനായി യാതൊന്നും ചെയ്യുന്നില്ല. കോണ്‍ഗ്രസിന്റെ അണികള്‍ക്ക് നേരിട്ട് അറിയുകയും ബന്ധവുമുള്ളവരെയുമാണ് ഈ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ പ്രവാസികള്‍ അവരെ വിജയിപ്പിക്കും. ഓരോ എം എല്‍ എയും പ്രവാസികളുടെ എം എല്‍ എ ആയിരിക്കും.

Share This Article
Leave a Comment
error: Content is protected !!