
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രധാന എണ്ണ കേന്ദ്രത്തില്‍ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് തീപിടിത്തം. കുവൈത്ത് പെട്രോളിയം കോര്‍പറേഷന്‍ ആസ്ഥാനം ഉള്‍പ്പെടുന്ന ഷുവൈഖ് ഓയില്‍ സെക്ടര്‍ കോംപ്ലക്സിലാണ് ആക്രമണം. ആളപായമില്ലെങ്കിലും കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചതായി കുന റിപ്പോര്‍ട്ട് ചെയ്തു.

ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ കെട്ടിടം ഒഴിപ്പിക്കുകയും അഗ്നിശമനസേനയും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. സുരക്ഷ ഉറപ്പാക്കുന്നതിനും നാശനഷ്ടം വിലയിരുത്തുന്നതിനും ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് നടപടികള്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

ഇതിനിടെ, ഇസ്രയേലിനെ ലക്ഷ്യമിട്ട് ഇറാനില്‍ നിന്നുള്ള പുതിയ മിസൈല്‍ ആക്രമണങ്ങള്‍ നടന്നതായി ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു.
ലെബനനിലും സംഘര്‍ഷം ശക്തമായി. തെക്കന്‍ സിഡോണ്‍ ജില്ലയിലെ കഫര്‍ ഹട്ട പട്ടണത്തില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആക്രമണത്തിന് മണിക്കൂറുകള്‍ മുമ്പ് തന്നെ പ്രദേശവാസികള്‍ ഒഴിഞ്ഞുപോകാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഹോര്‍മുസ് കടലിടുക്കുവഴി ഇറാഖ് കപ്പലുകള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതായി ഇറാന്‍ അറിയിച്ചു. ഇതോടെ ദിവസേന ഏകദേശം 30 ലക്ഷം ബാരല്‍ എണ്ണ കയറ്റുമതി വീണ്ടും സജീവമാകാന്‍ സാധ്യതയുണ്ട്.

