

ദോഹ: ഒമ്പതാമത് ലോക്കല്‍ ഫ്രഷ് ഡേറ്റ്‌സ് ഫെസ്റ്റിവല്‍ 2024ല്‍ 240 ടണ്ണിലധികം ഈത്തപ്പഴമാണ് വില്‍പ്പന നടത്തിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനം കൂടുതലാണിത്.

ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 3 വരെ 12 ദിവസത്തെ പ്രദര്‍ശനത്തില്‍ വിനോദ സഞ്ചാരികളടക്കം അരലക്ഷം സന്ദര്‍ശകരാണെത്തിയത്. സൂഖ് വാഖിഫ് മാനേജ്മെന്റുമായി സഹകരിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കാര്‍ഷികകാര്യ വകുപ്പാണ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്. 240,172 കിലോഗ്രാം ഈത്തപ്പഴമാണ് പ്രദര്‍ശനത്തില്‍ വിറ്റഴിച്ചത്. ഖലാസ് ഇനം 105,333 കിലോഗ്രാം വിറ്റഴിച്ചു. ഖുനൈസി 45,637 കിലോഗ്രാം, ഷിഷി, ബര്‍ഹി ഈത്തപ്പഴങ്ങള്‍ യഥാക്രമം 42,752 കിലോഗ്രാമും 27,260 കിലോഗ്രാമും വിറ്റു. മറ്റ് ഇനങ്ങളുടെ വില്‍പ്പന 19,190 കിലോഗ്രാമിലെത്തി.

പ്രാദേശിക ഉത്പാദനത്തെ പിന്തുണയ്ക്കുന്നതിനും കാര്‍ഷിക മേഖലയുടെ വികസനത്തിനും രാജ്യം നല്‍കുന്ന താത്പര്യത്തിന്റെ വെളിച്ചത്തില്‍ വിപുലമായ പൊതുജന പങ്കാളിത്തമാണ് ഇത്തവണത്തെ ഫെസ്റ്റിവലിനെ വ്യത്യസ്തമാക്കിയതെന്ന് കാര്‍ഷിക കാര്യ വകുപ്പ് ഡയറക്ടര്‍ യൂസഫ് ഖാലിദ് അല്‍ ഖുലൈഫി പറഞ്ഞു.
ഫാം ഉടമകള്‍ക്കും ഈത്തപ്പന കൃഷിയില്‍ താത്പര്യമുള്ളവര്‍ക്കും കൈത്താങ്ങാകാനും അനുഭവങ്ങള്‍ കൈമാറാനും ലക്ഷ്യമിട്ടാണ് ഈത്തപ്പഴ വിളവെടുപ്പ് കാലത്തോട് അനുബന്ധിച്ച് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം പ്രദര്‍ശനത്തില്‍ പങ്കെടുത്ത പ്രാദേശിക ഫാമുകളുടെ എണ്ണം 110 ആയി വര്‍ധിച്ചുവെന്നും അല്‍ ഖുലൈഫി പറഞ്ഞു.
510 കിലോ അത്തിപ്പഴവും 395 കിലോ ബദാമും വിറ്റഴിച്ച മൂന്ന് ഫാമുകള്‍ ഫെസ്റ്റിവലില്‍ പങ്കെടുത്തതായി അദ്ദേഹം പറഞ്ഞു.

