Featured
ഖത്തറിനെതിരായ ഇറാന്‍ ആക്രമണത്തെ ഗള്‍ഫ് രാജ്യങ്ങള്‍ അപലപിച്ചു

മനാമ/ അബൂദാബി/ റിയാദ്/ മസ്‌ക്കത്ത്/ കുവൈത്ത് സിറ്റി: ഖത്തറിനെ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ ആക്രമണത്തെ ഗള്‍ഫ് രാജ്യങ്ങള്‍ ശക്തമായ ഭാഷയില്‍ അപലപിച്ചു.


ഖത്തറിന്റെ പരമാധികാരത്തിന്റെയും വ്യോമാതിര്‍ത്തിയുടെയും അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെയും നഗ്‌നമായ ലംഘനമാണെന്ന് ബഹ്റൈന്‍ വിമര്‍ശിച്ചു. ഖത്തറിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച ബഹ്‌റൈന്‍ മേഖല നേരിടുന്ന സാഹചര്യങ്ങളില്‍ സംയമനം പാലിക്കാനും സംഘര്‍ഷം ഒഴിവാക്കാനും സമാധാനപരമായ മാര്‍ഗങ്ങളിലൂടെ എല്ലാ തര്‍ക്കങ്ങളും പരിഹരിക്കാനും ആവശ്യമായ ശ്രമങ്ങള്‍ നടത്താനും ആവശ്യപ്പെട്ടു. ഖത്തറിന് പൂര്‍ണ്ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

ഖത്തറിന്റെ പരമാധികാരത്തിന്റെയും വ്യോമാതിര്‍ത്തിയുടെയും നഗ്നമായ ലംഘനമാണ് ആക്രമണമെന്ന് ചൂണ്ടിക്കാട്ടിയ യു എ ഇ അന്താരാഷ്ട്ര നിയമത്തിന്റെയും യു എന്‍ ചാര്‍ട്ടറിന്റെയും വ്യക്തമായ ലംഘനമാണെന്നും പറഞ്ഞു.


ഖത്തറിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും തുരങ്കം വയ്ക്കുന്നതുമായ ഏതൊരു ആക്രമണത്തെയും യു എ ഇ ശക്തമായി നിരാകരിക്കുന്നു.
ഖത്തറിന് യു എ ഇയുടെ പൂര്‍ണ ഐക്യദാര്‍ഢ്യവും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള എല്ലാ നടപടികള്‍ക്കും പിന്തുണയും യു എ ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
ഖത്തറിന് നേരെയുള്ള കടന്നുകയറ്റം അസ്വീകാര്യവും നീതീകരിക്കാനാവാത്തതുമാണെന്ന് സൗദി അറേബ്യ പ്രതികരിച്ചു.
ഖത്തറിന്റെ പരമാധികാരത്തിന് നേരെയുള്ള നിയമലംഘനം സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ ശക്തമായ ഭാഷയില്‍ അപലപിച്ചു. ഒമാന്‍ വിദേശകാര്യ മന്ത്രാലയം ഖത്തറിന് പിന്തുണയും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു.
അല്‍ ഉദൈദ് വ്യോമതാവളത്തിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. ഖത്തറിന്റെ പരമാധികാരത്തിനും വ്യോമമേഖലയ്ക്കും നേരെയുള്ള കടന്നു കയറ്റമാണിതെന്നും ഒമാന്‍ പറഞ്ഞു. അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണെന്നും കുവൈത്ത് ചൂണ്ടിക്കാട്ടി.
ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവിയും ഖത്തറിനു നേരെയുള്ള മിസൈല്‍ ആക്രമണത്തെ അപലപിച്ചു.


