

ദോഹ: ചരിത്രവും പൈതൃകവും സംരക്ഷിക്കാനുള്ള മേഖലകളില്‍ പ്രാധാന്യപൂര്‍വം ഊന്നല്‍ നല്‍കാനുള്ള ജാഗ്രത പ്രവാസി സാംസ്‌കാരിക സംഘടനകള്‍ പ്രാസ്ഥാനിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാണിക്കണമെന്ന് കേരള ഗവ. പബ്ലിക് റിലേഷന്‍സ് മുന്‍ ഡപ്യൂട്ടി ഡയറക്ടറും ചിന്തകനും പ്രഭാഷകനുമായ പി എ റഷീദ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരുമ്പോള്‍ തന്നെ നമ്മുടെ ചരിത്രത്തെ അടയാളപ്പെടുത്താനുള്ള കൂടുതല്‍ ഗൗരവപൂര്‍വമായ ശ്രമങ്ങള്‍ അനിവാര്യമാണ് ഇത് തിരിച്ചറിഞ്ഞില്ലെങ്കില്‍ ചരിത്രം വികൃതമാക്കാന്‍ ഫാഷിസ്റ്റ് നീക്കം വ്യാപകമാകുന്ന ഇക്കാലത്ത് നാം വലിയ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കാലിക്കറ്റ് സര്‍വ്വകലാശാലയിലെ സി എച്ച് മുഹമ്മദ് കോയ ചെയറിന്റെ പ്രചാരണാര്‍ഥവും ബഹുമുഖ പദ്ധതികളുമായി പ്രവര്‍ത്തിക്കുന്ന ഗ്രെയ്‌സ് എഡ്യൂക്കേഷണല്‍ അസോസിയേഷന്‍ പ്രവര്‍ത്തനങ്ങളെ പരിചയപ്പെടുത്തുന്നതിനും വേണ്ടി ഖത്തറില്‍ എത്തിയ ഗ്രെയ്‌സ് നേതാക്കള്‍ക്ക് കെ എം സി സി ഖത്തര്‍ സംസ്ഥാന കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൈതൃകവും അസ്തിത്വവും ചോദ്യം ചെയ്യപ്പെടുമ്പോള്‍ അവയെ ക്രിയാത്മകമായി നേരിടാന്‍ നമ്മുടെ പ്രസിദ്ധീകരണങ്ങളും ഗവേഷണ പദ്ധതികളും സജീവമാക്കി നിര്‍ത്തേണ്ടതുണ്ട്. ഗ്രെയിസിന്റെ ദൗത്യങ്ങള്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകേണ്ട രാഷ്ട്രീയ സന്ദര്‍ഭം കൂടിയാണ് നിലവിലുള്ളത് എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ചരിത്രവും പൈതൃകവും തെറ്റായി വ്യാഖ്യാനിക്കുന്ന പുതിയ ഇന്ത്യന്‍ സാഹചര്യത്തില്‍ അവയെ നേരായി സമീപിക്കുകയും അവതരിപ്പിക്കുകയും ചെയ്യുക എന്ന മഹാദൗത്യം ഗ്രെയിസ് നിര്‍വ്വഹിക്കുന്നുണ്ട് എന്ന് ഗ്രെയ്‌സ് ജനറല്‍ സെക്രട്ടറി അഷ്റഫ് തങ്ങള്‍ ചെട്ടിപ്പടി പറഞ്ഞു. കാലിക്കറ്റ് സര്‍വ്വകലാശാലയിലെ സി എച്ച് മുഹമ്മദ് കോയ ചെയറിന്റെ ഡോണര്‍ ഓര്‍ഗനൈസേഷന്‍ കൂടിയായ ഗ്രെയ്‌സ് സര്‍വകലാശാല കേന്ദ്രീകരിച്ച് നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങളെ സെക്രട്ടറി ഡോ. മുജീബ് റഹ്മാന്‍ വിശദീകരിച്ചു.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായി 2004-ല്‍ രൂപീകൃതമായതാണ് ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷന്‍. ന്യൂനപക്ഷ സമൂഹത്തിന്റെ പൈതൃകവും ചരിത്രവും സംരക്ഷിക്കാനും അത് ഭാവി തലമുറക്ക് പ്രയോജനപ്പെടുത്താനും അത് സംബന്ധിയായ രചനകള്‍ പ്രസിദ്ധീകരിക്കാനും ഗവേഷണ സംരംഭങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവാനുമെല്ലാം ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും കഴിഞ്ഞ 400 വര്‍ഷത്തെ മാപ്പിള സമൂഹത്തിന്റെ പൈതൃകം വരമൊഴിയായും വാമൊഴിയായും രേഖപ്പെടുത്തിയ മികച്ച രൂപത്തില്‍ ഡിജിറ്റല്‍ സാന്നിധ്യത്തോടു കൂടിയുള്ള മാപ്പിള ഹെറിറ്റേജ് ലൈബ്രറി, ഡിജിറ്റല്‍ ആര്‍ക്കൈവ്സ്, ഓഡിയോ വിഷ്വല്‍ ലൈബ്രറി, അറബി മലയാള ശേഖരം, പുസ്തക ലൈബ്രറി, എന്നിവയെല്ലാം ഗ്രെയിസ് യാഥാര്‍ഥ്യമാക്കിയ പദ്ധതികളാണെന്നും നേതാക്കള്‍ പറഞ്ഞു.
കെ എം സി സി സംസ്ഥാന പ്രസിഡണ്ട് ഡോ. അബ്ദുസമദ് അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി ആക്ടിങ് ചെയര്‍മാന്‍ എസ് എ എം ബഷീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മുസ്‌ലിം ലീഗ് നേതാവും കൊണ്ടോട്ടി മുന്‍ എം എല്‍ എയുമായ മമ്മുണ്ണി ഹാജിയുടെ വിയോഗത്തില്‍ യോഗം അനുശോചിച്ചു.
ഖത്തര്‍ കായിക ദിനത്തില്‍ സംസ്ഥാന കമ്മിറ്റി നടത്തുന്ന മാര്‍ച്ച് പാസ്റ്റ് ഉള്‍പ്പടെയുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ മത്സര നിയമാവലികളും യോഗത്തില്‍ സംസ്ഥാന സെക്രട്ടറി അലി മൊറയൂര്‍ അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി സലിം നാലകത്ത് സ്വാഗതവും അശ്റഫ് ആറളം നന്ദിയും പറഞ്ഞു.
പാലക്കാട് ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് ചന്ദ്രിക കോഴിക്കോട് റെസിഡന്‍സ് മാനേജര്‍, യൂത്ത് ലീഗ് നേതാവ് ആഷിഖ് പാലക്കാട് സംബന്ധിച്ചു. സംസ്ഥാന ഭാരവാഹികളായ കെ മുഹമ്മദ് ഈസ, ടി ടി കെ ബഷീര്‍, പുതുക്കുടി അബൂബക്കര്‍, ആദം കുഞ്ഞി, സിദ്ധീക്ക് വാഴക്കാട്, അജ്മല്‍ നബീല്‍, വി ടി എം സാദിഖ് ഫൈസല്‍ കേളോത്ത് നേതൃത്വം നല്‍കി. സംസ്ഥാന ഉപദേശക സമിതി നേതാക്കള്‍ സംസ്ഥാന കൗണ്‍സിലര്‍മാര്‍, ജില്ല ഏരിയ മണ്ഡലം പഞ്ചായത്ത് ഭാരവാഹികള്‍ സബ്കമ്മിറ്റി നേതാക്കള്‍ യോഗത്തില്‍ സംബന്ധിച്ചു.

