സിനിമാ നടിയായ യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍: കൊലപാതകമെന്ന് കുടുംബം

Web Desk
2 Min Read

കോഴിക്കോട്: നടിയും മോഡലുമായ യുവതിയെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ക്കോട് സ്വദേശിനിയായ ഷഹനയാണ് (20) മരിച്ചത്.
വ്യാഴാഴ്ച രാത്രിയോടെയാണ് പറമ്പില്‍ ബസാറിലെ വാടക വീട്ടില്‍ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ ഷഹനയുടെ മൃതദേഹം കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് ചേവായൂര്‍ പൊലിസ് കേസെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

city exchange

അതേസമയം മരണത്തില്‍ ഭര്‍ത്താവ് സജ്ജാദിനെതിരേ ഗുരുതര ആരോപണവുമായി ഷഹനയുടെ കുടുംബം രംഗത്തെത്തി. മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മകളെ സജ്ജാദ് കൊന്നതാണെന്നും മാതാവ് പ്രതികരിച്ചു. ഒന്നര വര്‍ഷം മുമ്പാണ് കോഴിക്കോട് സ്വദേശിയും ഖത്തറില്‍ ജോലി ചെയ്യുകയുമായിരുന്ന സജ്ജാദ് ഷഹനയെ വിവാഹം ചെയതത്. വിവാഹ ശേഷം ഷഹന മോഡലിങ്ങില്‍ സജീവമാവുകയായിരുന്നു.

ഒരു തമിഴ് സിനിമയിലും നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. ഷഹനയ്ക്ക് വരുമാനം ലഭിച്ചു തുടങ്ങിയതോടെ സജ്ജാദ് ജോലി സ്ഥലത്തേക്ക് മടങ്ങാന്‍ തയ്യാറായില്ല. ഷഹനയുടെ ശമ്പളം സജ്ജാദാണ് കൈകാര്യം ചെയ്തതെന്നും കുടുംബം പറയുന്നു. വെള്ളിയാഴ്ച ഷഹനയുടെ 20-ാം പിറന്നാളായിരുന്നു. വ്യാഴാഴ്ച വൈകിട്ട് പിറന്നാള്‍ ആഘോഷിക്കാന്‍ വീട്ടില്‍ വരണമെന്ന് മകള്‍ പറഞ്ഞിരുന്നുവെന്നും സന്തോഷവതിയായിരുന്നുവെന്നും മാതാവ് ഉവൈമ പറഞ്ഞു. വിവാഹ സമയത്ത് മകള്‍ക്ക് നല്‍കിയ 25 പവന്‍ സ്വര്‍ണം ഭര്‍ത്താവ് നഷ്ടപ്പെടുത്തി.

- Advertisement -
Ad image

ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിക്കുന്നുവെന്നും തന്നെ ഇവിടെ ബന്ധിയാക്കിയിരിക്കുകയാണെന്നും മകള്‍ പല തവണ ഫോണില്‍ പറഞ്ഞിരുന്നു. ഈ വിവരം അറിഞ്ഞ് തങ്ങള്‍ പറമ്പില്‍ ബസാറിലെ വീട്ടില്‍ എത്തിയെങ്കിലും ഭീഷണിപ്പെടുത്തി മടക്കി അയക്കുകയായിരുന്നുവെന്നും മാതാവും സഹോദരനും പറഞ്ഞു. ഷഹന കഴിഞ്ഞ ദിവസം തന്നെ വിളിച്ചിരുന്നെന്നും ഭര്‍ത്താവ് ക്രൂര മര്‍ദനത്തിന് ഇരയാക്കുന്നുവെന്ന് പറഞ്ഞിരുന്നെന്ന് സഹോദരനും പ്രതികരിച്ചു.

ഷഹന അവസാനമായി അഭിനയിച്ച പരസ്യ ചിത്രത്തിന്റെ പ്രതിഫലം സജ്ജാദ് ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. കൊടുത്തില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഷഹന പറഞ്ഞിരുന്നു. ഒരിക്കല്‍ സജ്ജാദിന്റെ ഉപദ്രവത്തെ തുടര്‍ന്ന് വാടകവീട്ടില്‍ നിന്നും ഇറങ്ങി ഓടിയ ഷഹന പൊലിസില്‍ പരാതി നല്‍കാന്‍ ശ്രമിച്ചുവെങ്കിലും സജ്ജാദിന്റെ സുഹൃത്തുക്കള്‍ മകളെ പിന്തുടര്‍ന്ന് വീട്ടിലേക്ക് മടക്കികൊണ്ടു വന്നതായും ബന്ധുക്കള്‍ പൊലിസില്‍ മൊഴി നല്‍കിയിട്ടുണ്ട്

അതിനിടെ ഷഹനയുടെ വീട്ടില്‍ പൊലിസ് നടത്തിയ പരിശോധനയില്‍ മയക്ക് മരുന്ന് കണ്ടെത്തി. കഞ്ചാവ്, എം ഡി എം എ, എല്‍ എസ് ഡി സ്റ്റാമ്പ് എന്നിവയാണ് കണ്ടെത്തിയത്. സജ്ജാദിനെ രാസപരിശോധനയ്ക്ക് വിധേയമാക്കുമെന്നും അന്വേഷണസംഘം അറിയിച്ചു.

അതിനിടെ പോസ്റ്റുമോര്‍ട്ടം നടത്തിയ പ്രാഥമിക നിഗമനം ആത്മഹത്യയാണെന്നാണ്. ദേഹത്ത് ചെറിയ മുറിവുകള്‍ കണ്ടെത്തിയതായും ഇത് പരിശോധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും ഭര്‍ത്താവ് സജ്ജാദ് മയക്കുമരുന്നുപയോഗിക്കുന്ന ആളാണെന്നും പോലീസ് പറഞ്ഞു.

.

Share This Article
Leave a Comment
error: Content is protected !!