

കൊച്ചി: നാനൂറ് ഗ്രാം എം ഡി എം എയുമായി അഞ്ച് യുവാക്കള്‍ അറസ്റ്റില്‍. കണ്ണൂര്‍ നാറാത്ത് തറമേല്‍ വീട്ടില്‍ മുനീഷ് (27), സൗത്ത് വാഴക്കുളം താഴത്താന്‍ വീട്ടില്‍ അഫ്‌സല്‍ (23), ആലപ്പുഴ പുന്നപ്ര പരവൂര്‍ കൊല്ലപ്പറമ്പില്‍ വീട്ടില്‍ ചാള്‍സ് ഡെന്നിസ് (25), എടത്തല കുഴിവേലിപ്പടി ചാലില്‍ വീട്ടില്‍ മുഹമ്മദ് അന്‍സാര്‍ (26), പുക്കാട്ടുപടി മലയിടം തുരുത്ത് താഴത്ത് പറമ്പില്‍ വീട്ടില്‍ അസ്രത്ത് (20) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

അങ്കമാലി ടി ബി ജംഗ്ഷനില്‍ വച്ച് കാറില്‍ കടത്തുകയായിരുന്ന 634 മില്ലിഗ്രാം എം ഡി എം എയുമായി മൂന്നു പേരെയാണ് ആദ്യം പിടികൂടിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് സ്‌കൂട്ടറില്‍ സൂക്ഷിച്ച നാനൂറ് ഗ്രാമോളം മയക്കുമരുന്നും രണ്ട് പേരെയും പിടികൂടിയത്. ബാംഗ്ലൂരില്‍ നിന്നുമാണ് സംഘം എം ഡി എം എ കൊണ്ടുവന്നത്. ബാംഗ്ലൂരില്‍ നിന്ന് ബസില്‍ കോയമ്പത്തൂരില്‍ എത്തിയ ടീമിലെ മൂന്നുപേര്‍ കാറിലും ഒരാള്‍ ബസിലും കേരളത്തിലേക്ക് തിരിക്കുകയായിരുന്നു. കാറില്‍ എത്തിയ സംഘത്തെ പൊലീസ് പിടികൂടിയെന്നറിഞ്ഞ ബസില്‍ വരികയായിരുന്ന മുനീഷ് സുഹൃത്ത് അസൃത്തിന്റെ സ്‌ക്കൂട്ടറില്‍ കയറി രക്ഷപ്പെട്ടു. തുടര്‍ന്ന് ഇവരെ പിന്തുടര്‍ന്ന പൊലീസ് ആലുവ കുന്നത്തേരി ഭാഗത്തു നിന്നുമാണ് പിടികൂടിയത്.

സംഘം മയക്കുമരുന്ന് വാങ്ങുന്നതിന് ആദ്യം ദല്‍ഹിയിലാണ് പോയത്. അവിടെ നിന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് ബാംഗ്ലൂരിലെത്തി എം ഡി എം എ വാങ്ങിയത്. ഡി വൈ എസ് പിമാരായ പി കെ ശിവന്‍കുട്ടി, പി പി ഷംസ്, അങ്കമാലി എസ് എച്ച് ഒ സോണി മത്തായി, എസ് ഐമാരായ എല്‍ദോ പോള്‍, അക്ബര്‍ സാദത്ത്, എ എസ് ഐ റജിമോന്‍ എസ് സി പി ഒമാരായ ഷിബിന്‍, അജിതാ തിലകന്‍, അലി, ഡിസ്ട്രിക് ആന്റി നര്‍ക്കോട്ടിക്ക്‌സ് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സ് ടീം തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. മയക്കുമരുന്ന് ആര്‍ക്കാണ് കൊണ്ടുവന്നതെന്നുള്‍പ്പടെയുള്ള കാര്യം അന്വേഷിക്കുമെന്ന് എസ് പി കാര്‍ത്തിക്ക് പറഞ്ഞു.

