

കോഴിക്കോട്: എളമരം കരീം എം പിയുടെ പ്രസ്താവനകള്‍ പിണറായിസത്തിന്റെ വികൃതമുഖമെന്ന് കെ മുരളീധരന്‍ എം പി.

രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിര്‍ദേശം ചെയ്ത ഒളിംപ്യന്‍ പി ടി ഉഷയ്ക്കും കെ കെ രമ എം എല്‍ എയ്ക്കും എതിരായ എളമരം കരീമിന്റെ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണ് മുരളീധരന്റെ വിമര്‍ശനം. മൈക്കിലൂടെ വീരവാദം വേണ്ടെന്നും കേരളം ഭരിക്കുന്നത് എളമരം കരീമിന്റെ പാര്‍ട്ടിയാണെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പി ടി ഉഷയ്ക്കെതിരായ എളമരം കരീമിന്റെ പരാമര്‍ശം മോശം പ്രയോഗമാണ്. തീര്‍ത്തും തരംതാണ പ്രസ്താവനയാണത്. പി ടി ഉഷയെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്തത് അഭിനന്ദനാര്‍ഹമാണ്. പി ടി ഉഷ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളോട് കൂറു പുലര്‍ത്തുന്ന ആളല്ല. അതിനാല്‍ ആ നാമനിര്‍ദേശത്തിനെതിരേ വിമര്‍ശനം വേണ്ട. കെ കെ രമയെക്കുറിച്ച് എളമരം കരീം പറഞ്ഞതും തെറ്റാണ്. ആര്‍ക്കും രാഷ്ട്രീയ തീരുമാനം എടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്. സഹപ്രവര്‍ത്തകനെ കൊന്നതും പോരാഞ്ഞിട്ടാണ് അദ്ദേഹത്തിന്റെ ഭാര്യയെ എളമരം കരീം ഒറ്റുകാരിയുമാക്കിയത്. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ സഖാവ് എന്ന് വിളിച്ച ടി പി ചന്ദ്രശേഖരനെ പിണറായി വിജയന്‍ കുലംകുത്തിയാക്കി.
പാലക്കാട്ട് നടന്ന യൂത്ത് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ അപമാനിക്കപ്പെട്ടതായി ആരു പരാതി എഴുതിത്തന്നാലും നടപടിയെടുക്കും. പൊലിസിന് ആ പരാതി കൈമാറും. ഞരമ്പ് രോഗികള്‍ എല്ലാ പാര്‍ട്ടിയിലും ഉണ്ട്. ഇല്ലാത്ത പരാതികള്‍ ആരെങ്കിലും എഴുതിയിട്ട് ഉണ്ടെങ്കില്‍ അവരും ഞരമ്പ് രോഗികളാണ്. പുറത്താക്കിയവരെ തിരിച്ചെടുത്ത് സ്ഥാനമാനങ്ങള്‍ നല്‍കുന്ന രീതി കോണ്‍ഗ്രസിനില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

