

മലയാള സിനിമയുടെ പ്രതിസന്ധിയെക്കുറിച്ചുള്ള ഘോരപ്രസംഗങ്ങളും വേവലാതികളും ഒക്കെ ചര്‍ച്ചയായി കൊണ്ടിരിക്കുകയോണല്ലൊ. ആരാണ് ഉത്തരവാദി? എന്താണ് കാരണം? ഒറ്റവാക്കില്‍ പറഞ്ഞാല്‍ ബോധവും ബോധ്യവുമില്ലാത്ത പ്രൊഡ്യൂസര്‍മാരാണ് ഇതിനു കാരണമെന്നെ പറയാന്‍ പറ്റൂ.

ഊതിവീര്‍പ്പിച്ച താരമൂല്യം കാറ്റൊഴിഞ്ഞ ബലൂണ്‍ പോലെയാണെന്ന് അവര്‍ക്ക് ആദ്യമെ ബോധ്യപ്പെടണം. താരങ്ങളെ കാണാന്‍ അല്ല ജനങ്ങള്‍ തിയേറ്ററില്‍ എത്തുന്നത്. നല്ല കഥകള്‍ ആസ്വദിക്കാനാണ്. മലയാളം പോലെ ഇന്ത്യന്‍ സിനിമയില്‍ എല്ലാ ഒ ടി ടികളും അവഗണിക്കുന്ന ഒരു ഇന്‍ഡസ്ട്രി വേറെയുണ്ടൊ? ഇല്ല, എന്നാണ് പ്രാഥമിക ഉത്തരം കിട്ടുന്നത്, അപ്പോള്‍ പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് ഭാരിച്ച തുക ഇവിടത്തെ ആര്‍ട്ടിസ്റ്റുകള്‍ക്ക് കൊടുക്കാന്‍ തയ്യാറാകുന്നത്, എന്ത് ഗ്യാരണ്ടിയാണ് അവരൊക്കെ പ്രൊഡ്യൂസര്‍ക്ക് നല്‍കുന്നത്, ഈയൊരു ചോദ്യം ചോദിക്കാനുള്ള നട്ടെല്ല് പ്രൊഡ്യൂസര്‍മാര്‍ക്കില്ലെങ്കില്‍ എല്ലാം കഴിഞ്ഞിട്ട് കിടന്ന് മോങ്ങരുത്.

വളരെ ചെറിയ ഒരു മാര്‍ക്കറ്റിങ് ഏരിയയില്‍ ഇറക്കുന്ന പണത്തിന് ഒരു ധാരണ മിനിമം വേണം. 50- 60 ലക്ഷം വാങ്ങുന്ന നായകനെക്കാളും പ്രാധാന്യം കൊടുക്കേണ്ടത് തിരക്കഥക്കും ടെക്‌നിക്കല്‍ വര്‍ക്കിനും വേണ്ട കോസ്റ്റ് വര്‍ധിപ്പിക്കുക എന്നതാണ്. ചെറിയ ബജറ്റില്‍ പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം കൊടുത്ത് കൊണ്ട്, വലിയ നടന് കൊടുക്കേണ്ട പണം, മാന്യമായി സിനിമയുടെ ഗ്ലാമര്‍ വര്‍ധിപ്പിക്കാനും വിജയത്തിനു വേണ്ടി അഹോരാത്രം പണിയെടുക്കുന്ന പാവം ടെക്‌നീഷ്യന്‍മാര്‍ക്ക് നല്‍കണം. അവരാണ് യഥാര്‍ഥ താരങ്ങള്‍, മൂല്യം കണക്കാക്കാന്‍ ആരും മുതിരാത്ത യഥാര്‍ഥ നായകര്‍, ആരോടും അവര്‍ പരാതി പറയാറില്ല, പക്ഷേ വര്‍ക്ക് ചെയ്യുന്ന ഓരോ സിനിമയും വിജയിക്കണമെന്ന് നടനെക്കളും ഒരു പക്ഷേ പ്രൊഡൂസറെക്കാളും ആഗ്രഹിക്കുന്നവര്‍. എന്നിട്ടും കുമ്പിളില്‍ തന്നെ കഞ്ഞി കുടിക്കാന്‍ വിധിക്കപ്പെട്ടവര്‍.
ടെക്‌നോളജി ഇത്രയും വികസിച്ച സമയത്ത് മലയാള സിനിമ നഷ്ടത്തിലാണെന്ന് നിലവിളിക്കുന്ന നിര്‍മ്മാതാക്കള്‍, ഇതൊന്നും ഇത്രകണ്ട് ഇല്ലാത്ത സമയത്ത് ഇന്‍ഡസ്ട്രിയെ താങ്ങി നിര്‍ത്തിയ ആളുകളെ എങ്കിലും പഠിച്ചിട്ട് വേണം സിനിമ നിര്‍മ്മിക്കാന്‍. ഡേവിഡ് ഗ്രിഫിത്തും ഹിച്ച്‌കോക്കും ഘട്ടക്കുമൊക്കെ താരങ്ങള്‍ക്കല്ല പ്രധാന്യം നല്‍കിയത്. ടെക്‌നീഷ്യന്‍മാര്‍ക്കും തിരക്കഥകള്‍ക്കുമാണ്. ജോണ്‍ എബ്രഹാം പണ്ടേ കാണിച്ച് തന്നിട്ടുണ്ട് നിയോ റിയലിസ്റ്റിക്കിന്റെ സാധ്യത. റൂള്‍ ബ്രേക്ക് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറാണെങ്കില്‍ ലോ ബജറ്റില്‍ സിനിമ എടുത്ത് തരാന്‍ എന്നെപ്പോലുള്ള ആയിരം ടെക്‌നീഷ്യന്‍മാരുണ്ട് ഇവിടെ. അവഗണിക്കപ്പെട്ട് കിടക്കുന്ന സര്‍ഗ്ഗശേഷിയുള്ള അഭിനേതാക്കള്‍ തെരുവിലും.

മലയാളത്തിലെ പുതുമുഖ സംവിധായകനും നടനുമാണ് ലേഖകന്‍

