

കോഴിക്കോട്: ഉച്ചക്ക് ശേഷമുണ്ടായ മഴയിലും കനത്ത ഇടിമിന്നലിലും കോഴിക്കോട്ട് മലയോര മേഖലയില്‍ വെള്ളക്കെട്ടും നാശനഷ്ടങ്ങളും.

മഴ പെയ്തതോടെ തിരുവമ്പാടി ടൗണില്‍ കുരിശു പള്ളിക്കു സമീപം കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. മഴയെത്തുടര്‍ന്നുണ്ടായ ശക്തമായ ഇടിമിന്നലില്‍ കൊടിയത്തൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ തെങ്ങുകള്‍ കത്തിനശിച്ചു. കെ എസ് ഇ ബി സബ് എഞ്ചിനീയര്‍ ഗോതമ്പ റോഡ് പാലത്തിങ്ങല്‍ ഷാനവാസിന്റെയും അയല്‍വാസിയായ സുരേഷിന്റെയും വീട്ടിലെ തെങ്ങുകളാണ് ഇടിമിന്നലേറ്റ് കത്തിയത്. കൂടാതെ ഷാനവാസിന്റെ വീട്ടിലെ വയറിങ്ങുകളും ഇടിമിന്നലില്‍ കത്തിനശിച്ചിട്ടുണ്ട്.

തിരുവമ്പാടി അങ്ങാടിയില്‍ കുരിശു പള്ളിക്കും ബസ്സ്‌റാന്‍ഡിനും ഇടയിലുള്ള റോഡിലാണ് കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടത്. ഇതിലൂടെ വാഹനങ്ങള്‍ പോകുമ്പോള്‍ തൊട്ടടുത്ത കടകളിലേക്ക് വെള്ളം ഇരച്ചെത്തുന്ന അവസ്ഥയിലായിരുന്നു. വൈകുന്നേരത്തോടെ മഴയ്ക്ക് അല്‍പ്പം കുറവ് വന്നതോടെയാണ് വെള്ളക്കെട്ടിന് ശമനമുണ്ടായത്.
തിരുവമ്പാടി അങ്ങാടിയില്‍ ഡ്രൈനേജുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതിനാല്‍ ഒരു മഴ പെയ്യുമ്പോഴേക്കും വെള്ളക്കെട്ട് രൂപപ്പെടുന്നത് പതിവാകുകയാണ്. ഇതിനു മുന്‍പ് പലപ്പോഴും കടകളില്‍ വെള്ളം കയറി വ്യാപാരികള്‍ക്ക് നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്.

