

കോഴിക്കോട്: ബേപ്പൂരില്‍ നാല് ദിവസങ്ങളിലായി നടക്കുന്ന ബഷീര്‍ ഫെസ്റ്റിനോടനുബന്ധിച്ച് ഭക്ഷ്യമേളയും അരങ്ങേറും. ബേപ്പൂര്‍ ഹൈസ്‌കൂളിന് സമീപത്തൊരുക്കിയ പ്രത്യേക വേദിയിലാണ് ഭക്ഷ്യമേള നടക്കുക.

കോഴിക്കോട്ടെ ഹോട്ടലുകളും വീട്ടമ്മമാരും ചേര്‍ന്നൊരുക്കുന്ന നാടന്‍ ഭക്ഷ്യമേളയില്‍ ഇരുപത്തിനാലോളം സ്റ്റാളുകളിലായി രുചികരമായ വിഭവങ്ങള്‍ അണിനിരക്കും. തനതു മലബാര്‍ വിഭവങ്ങളോടൊപ്പം ബേപ്പൂര്‍ സ്‌പെഷ്യല്‍ മത്സ്യവിഭവങ്ങളും ഇവിടെയൊരുങ്ങും. കുടുംബശ്രീയുടെയും ഉത്തരവാദിത്വ ടൂറിസത്തിന്റെയും ഒപ്പം പ്രദേശത്തെ ചെറുകിട സംരംഭകരുടെയും നേതൃത്വത്തില്‍ ഭക്ഷ്യവിഭവങ്ങള്‍ വിപണനം നടത്തുന്ന സ്റ്റാളുകളും മേളയില്‍ പ്രവര്‍ത്തിക്കും.

ഭക്ഷണപ്രിയരായ കോഴിക്കോട്ടുകാര്‍ക്കായി നാടന്‍ ഭക്ഷ്യവിരുന്നു തന്നെയാണ് ബഷീര്‍ ഫെസ്റ്റ് വേദിയില്‍ ഒരുങ്ങുക. ജൂലൈ രണ്ടിന് വൈകിട്ട് മൂന്നിന് ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ് ഭക്ഷ്യമേള ഉദ്ഘാടനം ചെയ്യും.

