NEWS
എലത്തൂര്‍ ട്രെയിന്‍ തീവെപ്പുള്‍പ്പെടെ എം ആര്‍ അജിത്കുമാര്‍ അന്വേഷിച്ച കേസുകള്‍ പുനരന്വേഷിക്കണം: കെ എം ഷാജി
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് ഉള്‍പ്പെടെ എ ഡി ജി പി എം ആര്‍ അജിത് കുമാര്‍ അന്വേഷിച്ച കേസുകളെല്ലാം പുന:രന്വേഷിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. ഉത്തരേന്ത്യയിലെ ട്രെയിന്‍ ആക്രമണ പരമ്പര പോലെ ഒരു രാഷ്ട്രീയം എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിന് പിന്നിലുണ്ടെന്ന സംശയം പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു.
2023 ഏപ്രില്‍ രണ്ടിനാണ് ഒമ്പത് പേര്‍ക്ക് പൊള്ളലേല്‍ക്കാനും മൂന്നു പേര്‍ മരിക്കാനും ഇടയാക്കിയ സംഭവമുണ്ടായത്. ഒരു മാസത്തിന് ശേഷമായിരുന്നു കര്‍ണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പ്. ഈ തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് നേട്ടമുണ്ടാക്കാനായിരുന്നോ എലത്തൂര്‍ ട്രെയിന്‍ തീവെപ്പെന്ന് കേസന്വേഷണത്തിന്റെ ഓരോ ഘട്ടവും കാണുമ്പോള്‍ സംശയമുണ്ട്. കേസ് അന്വേഷിച്ച എ ഡി ജി പി എം ആര്‍ അജിത് കുമാര്‍ പറഞ്ഞ ഓരോ വാക്കുകളും തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചു.
തീവ്രവാദി ആക്രമണമാണെന്നതിന് ഷഹീന്‍ ബാഗില്‍ നിന്നുള്ള യുവാവാണ് പിടിയിലായതെന്നായിരുന്നു എം ആര്‍ അജിത്കുമാറിന്റെ മാധ്യമങ്ങളോടുള്ള മറുപടി. പൗരത്വ പ്രക്ഷോഭത്തിന്റെ കേന്ദ്രബിന്ദുവായ ഷഹീന്‍ ബാഗിനെ തീവ്രവാദ കേന്ദ്രമായി അവതരിപ്പിച്ച എം ആര്‍ അജിത്കുമാര്‍ അവിടെ നിന്ന് യുവാക്കളെ പിടിച്ചു കൊണ്ടുവന്ന് മൂന്നാം മുറ പ്രയോഗിച്ചു.
പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന ഷഹീന്‍ ബാഗ് സ്വദേശിയുടെ പിതാവ് കൊച്ചിയില്‍ മരിച്ചതിലും ദുരൂഹതയുണ്ട്. എ ഡി ജി പി അജിത് കുമാര്‍ കൊല്ലുകയും കൊല്ലിക്കുകയും ചെയ്യുമെന്ന് പി വി അന്‍വര്‍ എം എല്‍ എ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ കാതില്‍ പ്രതിധ്വനിക്കുന്നത്.
ഒരു മുന്‍പരിചയവുമില്ലാത്തൊരു 26കാരന്‍ ഡല്‍ഹിയില്‍ നിന്ന് കേരളത്തിലെ ഷൊര്‍ണൂരില്‍ വന്ന് പെട്രേള്‍ വാങ്ങി അന്നേ ദിവസം തന്നെ കണ്ണൂര്‍ എക്സ്പ്രസ്സ് ട്രെയിന്‍ എലത്തൂരിലെത്തുമ്പോള്‍ തീയിട്ട് പേരും വിവരങ്ങളും അടങ്ങിയ ബാഗ് സംഭവ സ്ഥലത്ത് ഉപേക്ഷിച്ചു രക്ഷപ്പെട്ടെന്നാണ് പൊലീസ് ഭാഷ്യം. ആക്രമണം നടത്തിയ പ്രതി അതേ ട്രെയിനില്‍ തന്നെ കണ്ണൂര്‍ വരെ സുരക്ഷിതനായി യാത്ര ചെയ്തതും മണിക്കൂറുകള്‍ കണ്ണൂരില്‍ തങ്ങിയ ശേഷം വേറൊരു ട്രെയിനില്‍ റെയില്‍വേ പൊലീസിന്റെയോ മറ്റോ കണ്ണില്‍ പെടാതെ ഉത്തരേന്ത്യയിലേക്ക് പോയതും ആരുടെയും സഹായമില്ലാതെയാണെന്ന പൊലീസ് നിഗമനം സംശയാസ്പദമാണ്.
ആക്രമണ സമയത്തു ധരിച്ച വസ്ത്രമല്ല കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ പ്രതി ധരിച്ചിരുന്നതെന്നു തെളിയിക്കുന്ന സി സി ടി വി ദൃശ്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തിനു പിന്നാലെ ബാഗ് നഷ്ടപ്പെട്ടിട്ടും പ്രതിക്ക് എവിടെ നിന്നാണു മറ്റൊരു വസ്ത്രം ലഭിച്ചത്. സുരക്ഷ കണക്കിലെടുത്താതെ പ്രതിയെ കൊണ്ടു വന്നതിലും അലക്ഷ്യമായി റോഡരികില്‍ നിര്‍ത്തിയതിലെയും ലക്ഷ്യമെന്തായിരുന്നു. ഈ വാര്‍ത്ത പുറത്തുവിട്ട മാധ്യമ പ്രവര്‍ത്തകരെ ജാമ്യമില്ലാ കേസെടുത്ത് പീഡിപ്പിച്ചതിലും അസ്വാഭാവികതയുണ്ട്.
തീവെപ്പ് നടന്ന സ്ഥലത്ത് പൊലീസ് പരിശോധന നടത്തിയിട്ടും അതില്‍ നിന്ന് വീണ മൂന്ന് പേരെ കാണാനോ ആശുപത്രിയിലെത്തിക്കാനോ കഴിയാതിരുന്നത് ഗുരുത വീഴ്ചയാണ്. ആദ്യ മണിക്കൂറില്‍ തന്നെ രേഖാചിത്രം വരപ്പിച്ച് അന്വേഷണത്തിന് ദിശ കാണിച്ച ഐ ജി പി വിജയനെ അഞ്ചുമാസം സസ്പെന്റ് ചെയ്ത് പീഡിപ്പിച്ചതുള്‍പ്പെടെ വലിയ കളികളാണ് നടന്നത്.
ആര്‍ എസ് എസ് ഉത്തരേന്ത്യയില്‍ നടത്തിയതായി ഉന്നത കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയ ട്രെയിന്‍ തീവെപ്പ് പരമ്പരയുടെ പരീക്ഷണമാണോ സംഭവിച്ചതെന്നതുള്‍പ്പെടെ അന്വേഷിക്കണമെന്നും കെ എം ഷാജി ആവശ്യപ്പെട്ടു.