സമുദായ ശാക്തികരണത്തിന് ഭിന്നതകള്‍ മറന്ന് ഐക്യപ്പെടണം: ജമാഅത്ത് കൗണ്‍സില്‍

Web Desk
2 Min Read

ആലുവ: വംശീയ വിവേചനത്തിന്റെയും അപരവത്കരണത്തിന്റെയും പശ്ചാത്തലത്തില്‍ ഭിന്നതകള്‍ മറന്ന് ഐക്യത്തിന്റെയും അനുരഞ്ജനത്തിന്റെയും മാര്‍ഗം സ്വീകരിച്ച് സമുദായ ശാക്തീകരണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാന്‍ സംഘടനകളും പ്രസ്ഥാനങ്ങളും മുന്നോട്ടു വരണമെന്ന് എറണാകുളം ജില്ലാ ജമാഅത്ത് കൗണ്‍സില്‍ മഹല്ല് സംഗമം ആവശ്യപ്പെട്ടു. ഛിദ്രതയും ശത്രുതയും മനോവീര്യം കെടുത്തുകയും ശക്തി ചോര്‍ത്തിക്കളയുകയും ചെയ്യും. സമുദായ ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും കേന്ദ്രമായി മഹല്ലുകള്‍ക്ക് മാറാന്‍ കഴിഞ്ഞാല്‍ മനുഷ്യവിഭവ ശേഷിയും ഭൗതിക വിഭവശേഷിയും ഫലപ്രദമായി വിനിയോഗിച്ച് സമുദായത്തെ ശാക്തികരിക്കാന്‍ കഴിയുമെന്നും സാംസ്‌കാരിക സ്വത്വത്തിനെതിരായ ഭീഷണിയെ പ്രതിരോധിക്കാന്‍ എല്ലാവരും ഏകോദര സഹോദരന്‍മാരായി വര്‍ത്തിക്കണമെന്നും മഹല്ല് സംഗമം ആവശ്യപ്പെട്ടു.

city exchange

ഉത്തമ സമുദായം- ഉത്തമ ജീവിതം എന്ന പ്രമേയവുമായി എറണാകുളം ജില്ലാ ജമാഅത്ത് കൗണ്‍സില്‍ ആലുവ എന്‍ കെ ഓഡിറ്റോറിയത്തില്‍ നടത്തിയ ജില്ലാ മഹല്ല് സംഗമവും ഉലമാ ഉമറാ സമ്മേളനവും മുന്‍ എം എല്‍ എ ടി എ അഹമ്മദ് കബീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 256 മഹല്ലുകളില്‍ നിന്നുള്ള പണ്ഡിതന്‍മാരും ഭാരവാഹികളുമായ 567 പ്രതിനിധികള്‍ ഒന്നിച്ചിരുന്ന് മഹല്ലുകളില്‍ സാമുദായിക ശാക്തികരണത്തിന് ആവശ്യമായ കര്‍മ്മ പരിപാടികള്‍ ചര്‍ച്ച ചെയ്തു.

അല്‍ ഹാഫിദ് അഹമ്മദ് കബീര്‍ മൗലവിയുടെ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച പരിപാടിക്ക് ജില്ലാ ജനറല്‍ സെക്രട്ടറി ഡോ. ജുനൈദ് റഹ്മാന്‍ സ്വാഗതം ആശംസിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, അബൂല്‍ ബുശ്‌റ കെ എ മുഹമ്മദ് മൗലവി എന്നിവരുടെ അനുസ്മരണത്തിനും പ്രാര്‍ഥനയ്ക്കും കുഴിവേലിപ്പടി മുദരിസ് അഹമദ് നൂര്‍ മൗലവി നേതൃത്വം നല്‍കി. മഹല്ല് വാര്‍ത്തയുടെ സ്‌പെഷ്യല്‍ പതിപ്പ് പ്രകാശനം മുന്‍ എം എല്‍ എ എ എം യൂസഫിന് നല്‍കി അന്‍വര്‍ സാദത്ത് എം എല്‍ എ നിര്‍വഹിച്ചു. തിരഞ്ഞെടുത്ത അറബി കോളേജുകള്‍ക്കുള്ള പുസ്തക വിതരണം പി കെ സുലൈമാന്‍ മൗലവി നിര്‍വഹിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മഹല്ല് ഇമാമുകള്‍ക്കായി നടത്തിയ ഇസ്‌ലാമിക് സൈക്കോളജി ആന്റ് കൗണ്‍സിലിങ്ങ് കോഴ്‌സില്‍ വിജയിച്ച 21 മഹല്ല് ഇമാമുകളെ അഡ്വ. ടി പി എം ഇബ്രാഹിം ഖാന്‍ ഉപഹാരം നല്‍കി ആദരിച്ചു.

- Advertisement -
Ad image

പി എം സുലൈമാന്‍ മൗലവി, ആശിഖ് ഇബ്രാഹിം ഹുദവി, അയ്യൂബ് ഖാന്‍ ഫൈസി, മുഹമ്മദ് സലിം നദ്വി, അജ്മല്‍ മുസ്തഫാ ബാഖവി, എന്‍ വി സി അഹമ്മദ്, എച്ച് ഇ മുഹമ്മദ് ബാബു സേട്ട്, അബൂബക്കര്‍ റഷാദി, എ എം അബൂബക്കര്‍, എം എ അലി, കെ എ മുഹമ്മദ് അഷറഫ്, പി എ ബഷീര്‍, പി കെ മൊയ്ദു, പി എം അലിയാര്‍ ഹാജി, ഡോ. ഇ എം മുഹമ്മദ്, ടി കെ കുഞ്ഞുമുഹമ്മദ്, അഡ്വ. സി കെ സൈദ് മുഹമ്മദ് അലി, എ എസ് കുഞ്ഞുമുഹമ്മദ്, പി എച്ച് നാസര്‍, എം കെ എ ലത്തീഫ്, നാസര്‍ മുട്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.

മഹല്ല് ശാക്തീകരണം കര്‍മ്മ പരിപാടികള്‍ എന്ന വിഷയം ഓണമ്പിള്ളി അബ്ദുസലാം ബാഖവി അവതരിപ്പിച്ചു. ചര്‍ച്ചയില്‍ പങ്കെടുത്തു സി എ മൂസാ മൗലവി, പി കെ ഹമീദ് കുട്ടി, ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്, ഡോ. എ ബി അലിയാര്‍ എന്നിവര്‍ സംസാരിച്ചു. പി കെ ഹംസ ഹാജി മുടിക്കല്‍ നന്ദി രേഖപ്പെടുത്തി.

Share This Article
Leave a Comment
error: Content is protected !!