

കൊച്ചി: ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷനും ആസ്റ്റര്‍ വോളന്റിയേഴ്സും ചേര്‍ന്ന് ആലപ്പുഴ ജില്ലാ ഭരണകൂടത്തിന്റെയും കേരള നൈപുണ്യ വികസന മിഷന്റെയും സഹകരണത്തോടെ വൃദ്ധ പരിചരണം, കിടപ്പ് രോഗി പരിചരണം എന്നീ രണ്ടു തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ആരംഭിച്ചു.

വൃദ്ധ പരിചരണം, കിടപ്പ് രോഗി പരിചരണം തുടങ്ങി എല്ലാ വിഭാഗക്കാരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ആരോഗ്യ പരിരക്ഷാ സംവിധാനത്തിന്റെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്നും നിര്‍ധനരായ കുടുംബങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ക്ക് ആരോഗ്യസേവന രംഗത്ത് ജോലി സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനുള്ള അവസരണമാണിതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

ഓരോ കോഴ്സിനും 25 പേര്‍ വീതം ആകെ 50 പേരാണ് ആറു മാസത്തെ തൊഴിലധിഷ്ഠിത കോഴ്‌സിന്റെ ഭാഗമായത്. നിര്‍ധനരായ യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കി മികച്ച തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കാന്‍ അവരെ പ്രാപ്തരാക്കുകയെന്ന ആസ്റ്റര്‍ വോളണ്ടിയേഴ്‌സിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ സംരംഭം.
ആസ്റ്റര്‍ മെഡ്‌സിറ്റി സി ഇ ഒ നഡോ. നളന്ദ ജയകുമാര്‍, നെഫ്രോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. നാരായണന്‍ ഉണ്ണി, മെഡിക്കല്‍ അഫയേഴ്സ് വിഭാഗം മേധാവി ഡോ. ടി ആര്‍ ജോണ്‍, ഇന്‍ഫെക്ഷ്യസ് ഡിസീസസ് വിഭാഗം മേധാവി ഡോ. അനുപ് ആര്‍ വാര്യര്‍, ആസ്റ്റര്‍ ഇന്ത്യ നഴ്സിംഗ് മേധാവി ക്യാപ്റ്റന്‍ തങ്കം രാജരത്‌നം, എച്ച് ആര്‍ ഹെഡ് രാഹുല്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

