സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് രണ്ടാം ഘട്ടം സ്ഥലമെടുപ്പിന് തുക അനുവദിച്ചു

Web Desk
3 Min Read

ആലുവ: സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന്റെ രണ്ടാംഘട്ടമായ എന്‍ എ ഡി മുതല്‍ മഹിളാലയം പാലം വരെയുള്ള ഭാഗത്തിന്റെ നിര്‍മ്മാണത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനും പൊളിച്ചുമാറ്റേണ്ട വീടുകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും നഷ്ടപരിഹാരമായി നല്‍കേണ്ട 569.3485606 കോടി രൂപ നിര്‍വ്വഹണ ഏജന്‍സിയായ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന് കിഫ്ബി കൈമാറിയതായി അന്‍വര്‍ സാദത്ത് എം എല്‍ എ അറിയിച്ചു.

city exchange

സീപോര്‍ട്ട് എയര്‍പോര്‍ട്ടിന്റെ രണ്ടാം ഘട്ടമായ എന്‍ എ ഡി മുതല്‍ മഹിളാലയം പാലം വരെയുള്ള ഭാഗത്തിന്റെ നിര്‍മ്മാണത്തിനായുള്ള സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നോട്ടിഫിക്കേഷന്‍ വന്നിട്ട് 22 വര്‍ഷത്തോളം ആയിട്ടുണ്ട്. ഈ കാലയളവില്‍ മക്കളുടെ വിവാഹത്തിനും വിദ്യാഭ്യാസത്തിനും മറ്റു ചികിത്സാ ചിലവുകള്‍ക്കുമായി തങ്ങളുടെ സ്ഥലം വില്ക്കുവാനോ പുതിയവീടുകള്‍ നിര്‍മ്മിക്കുവാനോ സാധിക്കാതെ വളരെയധികം കഷ്ടതകള്‍ അനുഭവിക്കുകയായിരുന്ന പ്രദേശവാസികളുടെ ബുദ്ധിമുട്ടുകള്‍ അന്‍വര്‍ സാദത്ത് എം എല്‍ എ നിരന്തരം നിയമസഭയില്‍ ഉന്നയിക്കുകയും എത്രയും വേഗം സ്ഥലം ഏറ്റെടുത്ത് നിര്‍മ്മാണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്തി, ധനവകുപ്പു മന്ത്രി, റവന്യൂ മന്ത്രി എന്നിവരെ നേരിട്ടു കണ്ടു നിരന്തരം ആവശ്യപ്പെടാറുണ്ടായിരുന്നു. കൂടാതെ ഈ വിഷയത്തില്‍ റവന്യൂ നടപടികള്‍ വേഗത്തിലാക്കുന്നതിനായി എം എല്‍ എയുടെ നിര്‍ദ്ദേശപ്രകാരം എല്ലാ മാസവും കളക്ടറുടെ ചേമ്പറില്‍ അവലോകന യോഗങ്ങളും നടത്താറുണ്ടായിരുന്നു.

റോഡിന്റെ നിര്‍മ്മാണത്തിനായി 76 ഏക്കര്‍ 10 സെന്റ് സ്ഥലമെറ്റെടുക്കേണ്ടത്. കൂടാതെ ഏറ്റെടുക്കേണ്ട ഭൂമിയില്‍ 28 വീടുകളും (4 വീടുകളോടനുബന്ധിച്ച് കടകളുമുണ്ട്) 6 വ്യാപാര സ്ഥാപനങ്ങളുമടക്കം മൊത്തം 34 കെട്ടിടങ്ങളും പൊളിച്ചുമാറ്റേണ്ടതുണ്ട്. സ്ഥലം ഏറ്റെടുക്കുന്നതിനും പൊളിച്ചുമാറ്റുന്ന കെട്ടിടങ്ങള്‍ക്കുള്ള നഷ്ടപരിഹാരമായും റോഡിന്റെ നിര്‍മ്മാണത്തിനുമായി 649.0 കോടി രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്.

നിര്‍മ്മാണത്തിനാവശ്യമായ 649 കോടി രൂപ അനുവദിക്കുന്നതിന് നിര്‍വ്വഹണ ഏജന്‍സിയായ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ കിഫ്ബിക്ക് റിക്വസ്റ്റ് ലെറ്റര്‍ നല്കിയിട്ടുണ്ടായിരുന്നു. കൂടാതെ പദ്ധതിക്കാവശ്യമായ തുക എത്രയും വേഗം അനുവദിക്കണമെന്നാവശ്യപ്പെട്ട് എം എല്‍ എ മുഖ്യമന്ത്രി, ധനകാര്യ മന്ത്രി, കിഫ്ബിയുടെ സി എം ഡി എന്നിവര്‍ക്ക് കത്തെഴുതിയും ആവശ്യപ്പെട്ടിരുന്നു.

- Advertisement -
Ad image

ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥലം ഏറ്റെടുക്കുന്നതിനും കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുന്നതിനും നഷ്ടപരിഹാരമായി നല്‍കേണ്ടതിനായി 569.3485606 കോടി രൂപ കിഫ്ബി, റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന് കൈമാറിയതായി അന്‍വര്‍ സാദത്ത് എം എല്‍ എ അറിയിച്ചു.

സ്ഥലമുടമകള്‍ക്കുള്ള നഷ്ടപരിഹാരം നല്‍കേണ്ടതിനായി ലഭിച്ച 569.3485606 കോടി രൂപ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ റവന്യൂ വകുപ്പിന് കൈമാറും. റവന്യൂ വകുപ്പ് 2013ലെ പൊന്നും വില നിയമപ്രകാരമുള്ള 19 (1) കരട് പ്രഖാപനം നടത്തി ഡ്രാഫ്റ്റ് തയ്യാറാക്കി കളക്ടര്‍ക്ക് കൈമാറുകയും അതു കളക്ടര്‍ പരിശോധിച്ച് സര്‍ക്കാരിലേക്കയക്കുകയും ചെയ്യും. സര്‍ക്കാരില്‍ നിന്നും ഡ്രാഫ്റ്റിന് അംഗീകാരം ലഭിച്ചു കഴിഞ്ഞാല്‍ സ്ഥലം ഉടമകളുമായി ഹിയറിങ്ങ് നടത്തും. ഹിയറിങ്ങിന് ശേഷമായിരിക്കും സ്ഥലമുടമകള്‍ക്ക് നഷ്ടപരിഹാര വിതരണം ചെയ്യുക എന്ന് എം എല്‍ എ അറിയിച്ചു. ഈ നടപടിക്രമങ്ങള്‍ എല്ലാം എത്രയും വേഗം പൂര്‍ത്തീകരിച്ച് സ്ഥലമുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് എം എല്‍ എ റവന്യൂ വകുപ്പിനോടാവശ്യപ്പെട്ടു.

സ്ഥലമേറ്റെടുക്കല്‍ പ്രക്രിയയോടൊപ്പം റോഡ് നിര്‍മ്മാണത്തിനാവശ്യമായ 102.88 കോടി രൂപ എത്രയും വേഗം അനുവദിച്ച് സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കണമെന്നും അതുപോലെ മഹിളാലയം പാലം മുതല്‍ എയര്‍പോര്‍ട്ട് വരെയുള്ള മൂന്നാം ഘട്ട നിര്‍മ്മാണത്തിന് 4.5 കിലോമീറ്റര്‍ സ്ഥലം ഏറ്റെടുക്കുന്നതിനാവശ്യമായ 210.0 കോടി രൂപ അനുവദിച്ച് നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കണമെന്നും എം എല്‍ എ സര്‍ക്കാരിനോടാവശ്യപ്പെട്ടിട്ടിണ്ട്. സ്ഥലമേറ്റെടുക്കുന്നതിനാവശ്യമായ തുക അനുവദിച്ച കേരള സര്‍ക്കാരിനും മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും നന്ദി അറിയിച്ചതായി എം എല്‍ എ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!