

ആലുവ: ചൂര്‍ണ്ണിക്കര പഞ്ചായത്തില്‍ വര്‍ഷങ്ങളായി കളിസ്ഥലമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന 1.02 ഏക്കര്‍ വരുന്ന അശോക ഗ്രൗണ്ട് കളിസ്ഥലമായി തന്നെ നിലനിര്‍ത്തണ മെന്നാവശ്യപ്പെട്ട് അന്‍വര്‍ സാദത്ത് എം എല്‍ എ പലവട്ടം റവന്യൂ വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിമാരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.

കായിക ഉന്നമനത്തിനായി കളിസ്ഥലങ്ങള്‍ നിലനിര്‍ത്തണമെന്ന് തീരുമാനിക്കുകയും അതിനായി തീവ്ര ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന ഘട്ടത്തില്‍ പുത്തന്‍ തലമുറയുടെ കായിക സ്വപ്‌നമായ അശോക ഗ്രൗണ്ട് കളിസ്ഥലമായി തന്നെ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് അന്‍വര്‍ സാദത്ത് എം എല്‍ എ റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് എന്നിവരുമായി ചര്‍ച്ച നടത്തി.

ചര്‍ച്ചയിലുണ്ടായ തീരുമാനമനുസരിച്ച് 10-ാം തിയ്യതി ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ റവന്യൂ, തദ്ദേശ സ്വയം ഭരണവകുപ്പ് എന്നീ മന്ത്രിമാരുടെ സംയുക്ത യോഗം കൂടുമെന്നും ഈ യോഗത്തില്‍ റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുദ്യോഗസ്ഥര്‍, ചൂര്‍ണ്ണിക്കര പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ജനപ്രതിനിധികള്‍ എന്നിവരും പങ്കെടുക്കുമെന്നും എം എല്‍ എ അറിയിച്ചു.
മന്ത്രിമാരുമായി നടന്ന ചര്‍ച്ചയില്‍ യുണൈറ്റഡ് അശോക ക്ലബ്ബ് അംഗവും പഞ്ചായത്ത് മുന്‍ അംഗവുമായ ലിനേഷ് വര്‍ഗ്ഗീസ്, ക്ലബ്ബിന്റെ സെക്രട്ടറി അനീഷ് മാറഞ്ചേരി എന്നിവര്‍ എം എല്‍ എയോടൊപ്പമുണ്ടായിരുന്നു.
10ന് നടക്കുന്ന ചര്‍ച്ചയില്‍ അശോകഗ്രൗണ്ടിന്റെ കാര്യത്തില്‍ ശാശ്വത പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു.

