

കൊച്ചി: എറണാകുളം ടൗണ്‍ കേന്ദ്രീകരിച്ച് കോളേജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യുവതി യുവാക്കള്‍ക്ക് മയക്ക് മരുന്നുകള്‍ എത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനികള്‍ പിടിയില്‍. കാസര്‍ഗോഡ് താലൂക്ക് ബംബരാണ വില്ലേജ് കിദേര്‍ പോസ്റ്റ് ഓഫീസ് ദേശത്ത് സക്കറിയ മന്‍സില്‍ ‘ഷേണായി’ എന്ന് വിളിക്കുന്ന സക്കറിയ (32), ഇടുക്കി ഉടുമ്പന്‍ ചോല താലൂക്ക് മുണ്ടി എരുമ വില്ലേജ് വലിയ തോവാളം ദേശം കുറ്റിയാത്ത് വീട്ടില്‍ അമല്‍ വര്‍ഗ്ഗീസ് (26) എന്നിവരെയാണ് സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ടീം, എറണാകുളം ഐബി, എറണാകുളം ടൗണ്‍ നോര്‍ത്ത് സര്‍ക്കിള്‍ എന്നിവരുടെ സംയുക്ത നീക്കത്തില്‍ പിടിയിലായത്.

ഇവരില്‍ നിന്നും ഇവരുടെ താമസസ്ഥലത്തും നിന്നുമായി അത്യന്തം വിനാശകാരിയ പൗഡര്‍ രൂപത്തിലുള്ള 62.574 ഗ്രാമോളം വൈറ്റ് മെത്തും മൈസൂര്‍ മാംഗോ എന്ന വിളിപ്പേരുള്ള 3.300 കിലോയോളം മുന്തിയ ഇനം കഞ്ചാവും മാനസിക വിഭ്രാന്തിയുള്ളവര്‍ക്ക് സമാശ്വാസത്തിനായി നല്‍കുന്ന അതിമാരകമായ മയക്ക് മരുന്നായ 18 എണ്ണം (14.818 ഗ്രാം) നൈട്രോസെപാം ഗുളികകള്‍ എന്നിവയും കണ്ടെടുത്തു.

വ്യത്യസത ഇനം മയക്ക് മരുന്നുകള്‍ തൂക്കുന്നതിനുള്ള റൗണ്ട് ടോപ്പ് വേയിങ് മെഷിന്‍, നാനോ വേയിംഗ് മെഷിന്‍, മയക്ക് മരുന്ന് ഇടപാടിന് ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്പ്, രണ്ട് സ്മാര്‍ട്ട് ഫോണുകള്‍, വ്യത്യസ്ത അളവിലെ സിപ് ലോക്ക് കവറുകള്‍ എന്നിവയും മയക്ക് മരുന്ന് വില്‍പ്പനയ്ക്ക് ഉപയോഗിച്ചിരുന്ന ഇവരുടെ ആഡംബര ബൈക്കും മയക്ക് മരുന്ന് വില്‍പ്പനയിലൂടെ ലഭിച്ച 16500 രൂപയും എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തു.
സമൂഹ മാധ്യമങ്ങള്‍ വഴി ‘മാഡ് മാക്‌സ്’ എന്ന പ്രത്യേക തരം ഗ്രൂപ്പുണ്ടാക്കി അതിലൂടെയായിരുന്നു വില്‍പ്പന. മുന്‍കൂട്ടിയുള്ള ഓര്‍ഡര്‍ അനുസരിച്ച് ആവശ്യക്കാര്‍ക്ക് രാത്രി ആകുന്നതോടു കൂടി ഡോര്‍ ഡെലിവറി നടത്തുന്നതായിരുന്നു വില്‍പ്പനയുടെ രീതി. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ഇരുവരും കഴിഞ്ഞ മാസമാണ് ശിക്ഷ കഴിഞ്ഞ് ജയിലില്‍ നിന്ന് ഇറങ്ങിയത്.
സംഘത്തില്‍ ഉള്ളവര്‍ പിടിക്കപ്പെട്ടാലും ഉപഭോക്താക്കള്‍ക്ക് കൃത്യമായി മയക്ക് മരുന്ന് എത്തിച്ച് നല്‍കുന്നതായിരുന്നു മാഡ് മാക്‌സ് സംഘത്തിന്റെ രീതി. ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എക്‌സൈസിന്റെ പ്രത്യേക സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി മുന്‍ കേസുകളില്‍ പ്രതിയായിട്ടുള്ളവരെയെല്ലാം സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചീഫ് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ടി അനികുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നിരീക്ഷിച്ച് വരുകയായിരുന്നു. ഇതേ തുടര്‍ന്ന് ദിവസങ്ങളോളം ഷേണായി എന്ന് വിളക്കുന്ന സക്കറിയയുടെയും അമലിന്റെയും നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിച്ചിരുന്ന എക്‌സൈസ് സംഘം ഇരുവരും മയക്ക് മരുന്നുകള്‍ സൂക്ഷിച്ച് വച്ച് വില്‍പ്പന നടത്തുന്നുണ്ട് എന്ന് കണ്ടെത്തി. തുടര്‍ന്ന് വൈറ്റില ചക്കരപ്പറമ്പിന് സമീപം ആവശ്യക്കാരെ കാത്ത് ആഡംബര ബൈക്കില്‍ ഇരിക്കുകയായിരുന്ന ഇരുവരേയും എക്‌സൈസ് സംഘം വളയുകയായിരുന്നു.
പിടിയിലാകുമെന്ന് മനസ്സിലായ ഇരുവരും അക്രമാസക്തരായി വളരെ അപകടകരമായ രീതിയില്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് പോകാന്‍ ശ്രമിച്ചെങ്കിലും എക്‌സൈസ് സംഘത്തിന്റെ സംയോജിതമായ ഇടപെടലിലൂടെ ഇരുവരേയും സാഹസകമായി കീഴ്‌പ്പെടുത്തുകയായിരുന്നു.
സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളാണ് പ്രധാനമായും ഇവരുടെ ഇരകള്‍. കാസര്‍ഗോഡ്, മൈസൂര്‍ എന്നിവിടങ്ങളിലുള്ള മയക്ക് മരുന്ന് മാഫിയയുമായി ബന്ധമുള്ള സംഘം അവിടെ നിന്ന് വന്‍തോതില്‍ മയക്ക് മരുന്നുകള്‍ വാങ്ങി എറണാകുളം ടൗണില്‍ ആവശ്യക്കാര്‍ക്ക് എത്തിച്ച് കൊടുക്കുകയാണ് ചെയ്തിരുന്നത്. ഇതിന് ഇവര്‍ക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏജന്റുമാര്‍ ഉള്ളതായും പറയുന്നു. മാഡ് മാക്‌സ് സംഘത്തിലെ പ്രധാനികളെക്കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. കൂടുതല്‍ അറസ്റ്റ് വരും ദിവസങ്ങളിലും ഉണ്ടാകും. മയക്ക് മരുന്നിന്റെ ഉറവിടം സംബന്ധിച്ചും അന്വേഷിക്കും. വരും ദിവസങ്ങളിലും കര്‍ശനമായ പരിശോധനകള്‍ തുടരുന്നതാണെന്നും അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ടി അനികുമാര്‍ അറിയിച്ചു.
എറണാകുളം സി ഐ എം എസ് ജനീഷ് കുമാര്‍, സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ എന്‍ ഡി ടോമി, ഐ ബി പ്രിവന്റീവ് ഓഫീസര്‍ എന്‍ ജി അജിത്ത് കുമാര്‍, എറണാകുളം സര്‍ക്കിളിലെ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ എം കെ ഷാജി, സിവില്‍ എക്‌സൈസ് ഓഫീസര്‍ ശരത്ത് എസ്, ദീപക് വി എം എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

