

തിരുവനന്തപുരം: ചലച്ചിത്ര- സീരിയല്‍ താരം ജി കെ പിള്ള അന്തരിച്ചു. 97 വയസ്സായിരുന്നു. 1954ല്‍ പുറത്തിറങ്ങിയ സ്നേഹസീമയിലൂടെ ചലച്ചിത്ര രംഗത്തെത്തിയ അദ്ദേഹമായിരുന്നു മലമയാള സിനിമയില്‍ ഏറ്റവും പ്രായമുള്ള താരം.

വര്‍ക്കല ഇടവയ്ക്ക് സമീപം മാന്തറവീട്ടില്‍ പെരുംപാട്ടത്തില്‍ ഗോവിന്ദ പിള്ളയുടേയും ജാനകിയുടേയും മകനായി ജനിച്ച അദ്ദേഹം ചിറയിന്‍കീഴ് ശ്രീചിത്തിരവിലാസം സ്കൂളിലാണ് വിദ്യാഭ്യാസം നടത്തിയത്. പ്രേംനസീര്‍, ഭരത് ഗോപി, ശോഭന പരമേശ്വരന് നായര്‍ തുടങ്ങിയവര്‍ ഇദ്ദേഹത്തിന്റെ സഹപാഠികളായിരുന്നു. കളിക്കൂട്ടുകാരനായ പ്രേംനസീര്‍ നായകനായ സിനിമകളില്‍ വില്ലനായി വേഷമിട്ടാണ് ജി കെ പിള്ള ശ്രദ്ധേയനായത്.

പതിനാലാം വയസ്സില്‍ സ്വാതന്ത്ര്യ സമരക്കാര്‍ക്കൊപ്പം ചേര്‍ന്ന ജി കെ പിള്ള അച്ഛന്റെ എതിര്‍പ്പിനെ തുടര്‍ന്ന് നാടുവിട്ടെത്തിയ ബ്രിട്ടീഷ് പട്ടാളത്തിലായിരുന്നു. സ്വാതന്ത്ര്യാനന്തരമുണ്ടായ വര്‍ഗ്ഗീയ കലാപങ്ങളില്‍ മരിച്ചവരെ എടുത്തുമാറ്റാനും ലഹളക്കാരെ അടിച്ചമര്‍ത്താനും നിയോഗിക്കപ്പെട്ടവരില്‍ ജി കെ പിള്ളയുണ്ടായിരുന്നു.
പട്ടാളത്തില്‍ നിന്നും വിരമിച്ച ശേഷമാണ് സിനിമയിലെത്തിയത്. സ്നേഹസീമയ്ക്ക് പിന്നാലെ ഹരിശ്ചന്ദ്ര, മന്ത്രവാദി, സ്നാപക യോഹന്നാന്, പട്ടാഭിഷേകം, നായരുപിടിച്ച പുലിവാല്, കൂടപ്പിറപ്പ്, കണ്ണൂര്‍ ഡീലക്സ്, സ്ഥാനാര്‍ഥി സാറാമ്മ, ലോട്ടറി ടിക്കറ്റ്, കോട്ടയം കൊലക്കേസ്, കൊച്ചിന് എക്സ്പ്രസ് തുടങ്ങി മുന്നൂറ്റി അന്‍പതോളം സിനിമകളില്‍ വില്ലനായും സ്വഭാവനടനായും വേഷമിട്ടു. വടക്കാന്പാട്ട് ചിത്രങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.
1972ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരത്തില്‍ സഹസംവിധായകനായും അസിസ്റ്റന്റ് എഡിറ്ററായും പ്രവര്‍ത്തിച്ചു. 1980കളുടെ അവസാനം വരെ സിനിമയില്‍ സജീവമായിരുന്ന അദ്ദേഹം 2005 മുതല്‍ ടെലിവിഷന്‍ സീരിയലുകളില്‍ വേഷമിട്ടു. കടമറ്റത്തു കത്തനാരായിരുന്നു ആദ്യ സീരിയല്‍. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത കുങ്കുമപ്പൂവില്‍ പ്രൊഫസര്‍ ജയന്തിയുടെ അച്ഛനായി വേഷമിട്ട അദ്ദേഹം കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി.
പത്മശ്രീ പുരസ്ക്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടുവെങ്കിലും ലഭിച്ചില്ല.
പരേതയായ ഉത്പലാക്ഷിയമ്മയാണ് ഭാര്യ. പ്രതാപചന്ദ്രന്, ശ്രീകല ആര് നായര്‍, ശ്രീലേഖ മോഹന്‍, ശ്രീകുമാരി ബി പിള്ള, ചന്ദ്രമോഹന്, പ്രിയദര്ശന് എന്നിവര്‍ മക്കളാണ്.

