തുരങ്കത്തില്‍ നിന്നല്ല; പ്രത്യേക അറയില്‍ നിന്നാണ് സദ്ദാം ഹുസൈന്‍ പിടിയിലായതെന്ന് വെളിപ്പെടുത്തല്‍

Web Desk
2 Min Read

ബഗ്ദാദ്: സദ്ദാം ഹുസൈനെ പിടികൂടിയത് ഭൂമി തുരന്നുണ്ടാക്കിയ മാളത്തില്‍ നിന്നാണെന്ന യു എസ് പ്രചാരണം തെറ്റാണെന്ന വിവരവുമായി റഷ്യന്‍ മാധ്യമം സ്പുട്‌നിക്. പ്രത്യേക അറയിലാണ് സദ്ദാം ഹുസൈന്‍ ഉണ്ടായിരുന്നതെന്നും അവിടെ നിന്നാണ് അദ്ദേഹം പിടിയിലായതെന്നുമാണ് സ്ഥലത്തുണ്ടായിരുന്ന പരിഭാഷകനെ ഉദ്ധരിച്ച് സ്പുട്‌നിക് റിപ്പോര്‍ട്ട് ചെയ്യുന്നത്.

city exchange

സദ്ദാം യു എസ് സൈന്യത്തിന്റെ പിടിയിലാകുമ്പോള്‍ അദ്ദേഹത്തിന്റെ അറയില്‍ 17 പെട്ടികളില്‍ ഡോളറും മറ്റു നിരവധി പെട്ടികളില്‍ സ്വര്‍ണവും ആഭരണങ്ങളും അദ്ദേഹത്തോടൊപ്പം കണ്ടെത്തിയതായും പരിഭാഷകന്‍ വെളിപ്പെടുത്തുന്നു. ഇറാഖി പൗരനും അമേരിക്കന്‍ സൈന്യത്തിന്റെ പരിഭാഷകനുമായ വ്യക്തിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.

ആട്ടിന്‍ പറ്റങ്ങളെ പാര്‍പ്പിച്ചിരുന്ന ഫാം ഹൗസിന് താഴെ നിര്‍മിച്ച രഹസ്യ അറയിലാണ് സദ്ദാം ഹുസൈന്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. ഒളിച്ചു താമസിക്കാനാണ് ഈ രഹസ്യ അറ നിര്‍മിച്ചത്. അമേരിക്കന്‍ കമാന്‍ഡോകള്‍ നടത്തിയ ഓപറേഷനിലാണ് സദ്ദാം ഹുസൈന്‍ പിടിക്കപ്പെട്ടത്.

- Advertisement -
Ad image

മുന്നൂറ് മീറ്റര്‍ വീതിയിലും നീളത്തില്‍ പ്രത്യേകതയോടെ നിര്‍മിച്ച ആട് ഫാമില്‍ നിറയെ ചെമ്മരിയാടുകളായിരുന്നു ഉണ്ടായിരുന്നത്. ആട് ഫാമിന്റെ നിര്‍മാണ പ്രത്യേകതകളാണ് സംശയത്തിന് ഇടയാക്കിയതെന്നാണ് പരിഭാഷകന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

തന്നെ അവിടേക്ക് പ്രവേശിക്കാന്‍ അനുവദിച്ചിരുന്നില്ലെന്ന് പറഞ്ഞ പരിഭാഷകന്‍ സദ്ദാം ഹുസൈന്‍ പിടിയിലായതിന് ശേഷം സ്വര്‍ണവും ധനവും എങ്ങോട്ടോ മാറ്റിയെന്നും അത് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല സദ്ദാം പിടിയിലായതിന് പിന്നാലെ രഹസ്യ അറ ബോംബിട്ട് തകര്‍ക്കുകയും ചെയ്തു.

സദ്ദാം ഹുസൈന്‍ പിടിയിലായത് ഒരു തുരങ്കത്തിനുള്ളില്‍ നിന്നാണെന്ന പ്രചാരണം അമേരിക്ക കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം പിടിയിലാകുന്ന സമയത്ത് തീര്‍ത്തും ദുര്‍ബലനായിരുന്നെന്നും പരിഭാഷകന്‍ പറയുന്നു. അതുകൊണ്ടുതന്നെ തീര്‍ത്തും ഇടുങ്ങിയ അത്തരം തുരങ്കത്തിലേക്ക് കയറാനാവുന്ന അവസ്ഥയിലായിരുന്നില്ല അദ്ദേഹമുണ്ടായിരുന്നത്. മാത്രമല്ല പിടിയിലാകുന്ന സമയത്ത് അദ്ദേഹം തീര്‍ത്തും അര്‍ധബോധാവസ്ഥയിലാണെന്നാണ് തനിക്ക് തോന്നിയതെന്നും പരിഭാഷകന്‍ പറയുന്നു. എന്താണ് സംഭവിക്കുന്നതെന്നോ എന്താണ് ചെയ്യുന്നതെന്നോ അദ്ദേഹത്തിന് മനസ്സിലാകുന്നതായി തനിക്ക് തോന്നിയിട്ടില്ലെന്നാണ് പരിഭാഷകന്റെ വെളിപ്പെടുത്തല്‍. സദ്ദാം പിടിയിലായ പ്രദേശത്ത് ഒരു തുരങ്കമുണ്ടായിരുന്നു എന്നത് സത്യമാണെന്നും പരിഭാഷകന്‍ വെളിപ്പെടുത്തുന്നുണ്ട്.

ഒളിവില്‍ കഴിഞ്ഞിരുന്ന രഹസ്യ അറയില്‍ പണവും സ്വര്‍ണവുമുണ്ടായിരുന്നുവെങ്കിലും തീര്‍ത്തും സാധാരണമായ സൗകര്യങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആശയവിനിമയം നടത്താനുള്ള സംവിധാനങ്ങളൊന്നും അവിടെ ഉണ്ടായിരുന്നില്ല. ഒരു വാര്‍ഡ്രോബ്, രണ്ട് കിടക്ക, ഒരു റേഡിയോ, ഒരു വോയ്‌സ് റെക്കോര്‍ഡര്‍, ഒരു ചെറിയ ടി വി, കുറച്ചു വസ്ത്രങ്ങള്‍, ഷൂ എന്നിവയാണ് സദ്ദാമിന്റെ മുറിയിലുണ്ടായിരുന്നത്. മാത്രമല്ല അദ്ദേഹം പിടിയിലാകുമ്പോള്‍ ഡിഷ്ദാഷ എന്ന പരമ്പരാഗത വസ്ത്രം ധരിച്ചിരിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ മിക്കവാറും അദ്ദേഹം പ്രാര്‍ഥനയില്‍ മുഴുകിയിരിക്കാമെന്നും പരിഭാഷകന്‍ വിശദമാക്കുന്നു.

2003 ഡിസംബര്‍ 13നാണ് സദ്ദാം ഹുസൈന്‍ അമേരിക്കന്‍ സൈന്യത്തിന്റെ പിടിയിലായത്. ഡിസംബര്‍ 30ന് അദ്ദേഹത്തെ തൂക്കിലേറ്റുകയും ചെയ്തു.

Share This Article
Leave a Comment
error: Content is protected !!