Connect with us

Featured

ഭൗമദിനത്തില്‍ 1 മില്യണ്‍ ഡോളറിന്റെ ആഗോള സുസ്ഥിരത സമ്മാനവുമായി എര്‍ത്ത്ന

Published

on


ദോഹ: ഖത്തര്‍ ഫൗണ്ടേഷന്‍ അംഗമായ എര്‍ത്ത്ന സെന്റര്‍ ഫോര്‍ എ സസ്‌റ്റൈനബിള്‍ ഫ്യൂച്ചര്‍, പാരിസ്ഥിതിക മാനേജ്മെന്റിനുള്ള ഫലപ്രദമായ സമീപനങ്ങള്‍ അംഗീകരിക്കുന്നതിനായി പുതിയ ആഗോള സുസ്ഥിരത സമ്മാനത്തിന് തുടക്കമിട്ടു.

ലോകമെമ്പാടുമുള്ള പരിസ്ഥിതി പ്രസ്ഥാനത്തെ വൈവിധ്യവത്ക്കരിക്കാനും വിദ്യാഭ്യാസം നല്‍കാനും സജീവമാക്കാനും ലക്ഷ്യമിട്ടാണ് ഭൗമദിനത്തോടനുബന്ധിച്ച് എര്‍ത്ത്ന സമ്മാനം പ്രഖ്യാപിച്ചത്.

ജലവിഭവ പരിപാലനം, ഭക്ഷ്യസുരക്ഷ, സുസ്ഥിര നഗരവത്ക്കരണം, ഭൂമിയുടെ മേല്‍നോട്ടം എന്നീ വിഷയങ്ങളുമായി യോജിച്ച് പ്രവര്‍ത്തിക്കുന്ന നാല് സംഘടനകള്‍ക്ക് 1 മില്യണ്‍ ഡോളര്‍ സമ്മാനം നല്‍കുമെന്ന് അധികൃതര്‍ പറഞ്ഞു.

എര്‍ത്ത്ന സമ്മാനത്തിനായുള്ള അപേക്ഷകര്‍ സര്‍ക്കാരിതര സംഘടനകള്‍, കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍, ബിസിനസ്സുകള്‍ എന്നിവയാകാം. അവര്‍ക്ക് സ്വയം അപേക്ഷിക്കാവുന്നതോ മറ്റുള്ളവര്‍ക്ക് നാമനിര്‍ദ്ദേശം ചെയ്യാവുന്നതോ ആണ്.

എര്‍ത്ത്‌ന ആദ്യ പുരസ്‌ക്കാരത്തിനുള്ള അപേക്ഷകള്‍ ജൂണ്‍ 30 വരെ സ്വീകരിക്കും. 2025 ഏപ്രിലില്‍ നടക്കുന്ന എര്‍ത്ത്ന ഉച്ചകോടിയില്‍ നാല് വിജയികളെ ഉന്നതതല ജൂറി തെരഞ്ഞെടുക്കും.

ഓരോ രണ്ട് വര്‍ഷത്തിലും നാല് വിഭാഗങ്ങളിലായി എര്‍ത്ത്ന പ്രൈസ് നല്‍കുമെന്നും മൊത്തം 1 മില്യണ്‍ ഡോളര്‍ സമ്മാനത്തുക ഓരോ വിജയിക്കും 250,000 ആയി വിഭജിക്കുമെന്നും അറിയിച്ചു.

സമ്മാനം മുന്‍കാല പ്രവര്‍ത്തനങ്ങള്‍ക്കുള്ളതാണെങ്കിലും വിജയികള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സമ്മാനത്തുക വിനിയോഗിക്കുന്നുണ്ടെന്ന് തെളിയിക്കണം. സമ്മാനത്തുക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചതിനു ശേഷമുള്ള ഫലങ്ങള്‍ എര്‍ത്ത്‌ന നിരീക്ഷിക്കും.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!