

നോം പെന്‍: ഫെബ്രുവരി 27ന് കംബോഡിയില്‍ തലസ്ഥാനമായ നോം പെന്‍ സിറ്റിയില്‍ നടക്കുന്ന ആഗോള ഇസ്ലാം- ബുദ്ധമത സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സംസ്ഥാന കെ എന്‍ എം ഉപാധ്യക്ഷന്‍ ഡോ. ഹുസൈന്‍ മടവൂര്‍ കംബോഡിയയിലെത്തി.


കംബോഡിയന്‍ സര്‍ക്കാറും മക്കയിലെ ലോകമുസ്ലിം സംഘടനയായ മുസ്ലിം വേള്‍ഡ് ലീഗും (റാബിത്ത) സംയുക്തമായി സംഘടിപ്പിക്കുന്ന ഉന്നതതല ഉച്ചകോടിയില്‍ മുസ്ലിം- ബുദ്ധ സമുദായങ്ങള്‍ കൂടുതലും അധിവസിക്കുന്ന ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇരുന്നൂറോളം മത പണ്ഡിതന്മാരും നേതാക്കളും മന്ത്രിമാരും ബുദ്ധിജീവികളും പങ്കെടുക്കും.


കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ സെന്‍ മാനെറ്റ് ഉദ്ഘാടനം ചെയ്യും. മുസ്ലിം വേള്‍ഡ് ലീഗ് ജനറല്‍ സെക്രട്ടരിയും സൗദിയിലെ ഉന്നത പണ്ഡിതസഭ അംഗവുമായ ഡോ. മുഹമ്മദ് അബ്ദുല്‍ കരീം അല്‍ ഈസ ചര്‍ച്ചക്ക് നേതൃത്വം നല്‍കും. ബഹുസ്വര സമൂഹത്തിലെ സൗഹാര്‍ദ്ദപരമായ മതജീവിതം, തീവ്രവാദത്തിന്നെതിരിലുള്ള വിവിധ മത വിഭാഗങ്ങളുടെ ഒന്നിച്ചുള്ള പ്രവര്‍ത്തനം തുടങ്ങിയവയാണ് ചര്‍ച്ചാവിഷയങ്ങള്‍.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പണ്ഡിതന്മാര്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് ആള്‍ ഇന്ത്യാ അഹ്‌ലെ ഹദീസ് പ്രസിഡന്റ് അസ്ഗര്‍ അലി ഇമാം മഹ്ദിയും പങ്കെടുക്കുന്നുണ്ട്.

സര്‍ക്കാര്‍ അതിഥികളെന്ന നിലയില്‍ എയര്‍പോര്‍ട്ട് മുതല്‍ വി ഐ പി നിലവാരത്തിലാണ് സ്വീകരണവും യാത്രയും താമസവുമെല്ലാം ഒരുക്കിയിട്ടുള്ളത്. എയര്‍ പോര്‍ട്ടിലും വഴിയോരങ്ങളിലും കംബോഡിയന്‍ പ്രധാനമന്ത്രിയുടെയും റാബിത്ത സെക്രട്ടറിയുടെയും ഫോട്ടോ സഹിതം വലിയ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ഉച്ചകോടി വേദിയായ ഹോട്ടലില്‍ സോഖായില്‍ ഇന്ത്യ ഉള്‍പ്പെടെ വിവിധ രാഷ്ട്രങ്ങളുടെ പതാക സ്ഥാപിച്ചിട്ടുണ്ട്. അതിഥികള്‍ ഇന്നലെ നോം പെന്നിലെ റോയല്‍ പാലസ്, പുരാതന ബുദ്ധമത ക്ഷേത്രമായ വാറ്റ് നോം പഗോഡ, ഇസ്ലാമിക് സെന്റര്‍ ജുമാമസ്ജിദ് തുടങ്ങിയവ സന്ദര്‍ശിച്ചു.


