ഹലാല്‍ ശര്‍ക്കര വിവാദം: സാമുദായിക ധ്രുവീകരണം ലക്ഷ്യം

Web Desk
1 Min Read

തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട ഹലാല്‍ ശര്‍ക്കര വിവാദം സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ടുള്ള ബിജെപി നീക്കമെന്ന് വ്യക്തമാവുന്നു. മുസ്ലിം മാനേജ്മെന്റിന് കീഴിലുള്ള കമ്പനിയല്ല ശര്‍ക്കര പായ്ക്കറ്റുകള്‍ നിര്‍മിക്കുന്നതെന്നാണ് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് വെബ്സൈറ്റിലെ രേഖകള്‍ പറയുന്നത്. മഹാരാഷ്ട്രയിലെ പൂനെ ആസ്ഥാനമായ വര്‍ധന്‍ അഗ്രോ പ്രോസസിങ് ലിമിറ്റഡ് ആണ് ശര്‍ക്കര പായ്ക്കറ്റുകള്‍ നിര്‍മിക്കുന്നത്. ഇതുമാത്രമല്ല, കമ്പനി ചെയര്‍മാന്‍ ധൈര്യശീല്‍ ധ്യാന്‍ദേവ് കദം മഹാരാഷ്ട്രയിലെ ശിവസേനാ നേതാവുമാണ്. 2019ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ കരാട് നോര്‍ത്ത് മണ്ഡലത്തില്‍ ശിവസേനാ സ്ഥാനാര്‍ത്ഥിയായിരുന്നു ധ്യാന്‍ദേവ്. സതാര ജില്ലയിലെ മണ്ഡലത്തില്‍ എന്‍സിപിയുടെ ബാലാസാഹെബ് പന്‍ദുറങ് പാട്ടീലിനോടാണ് ഇദ്ദേഹം പരാജയപ്പെട്ടത്.
സള്‍ഫറില്ലാത്ത പഞ്ചസാര ഉല്‍പ്പന്നങ്ങളാണ് കമ്പനിയുടെ ഹൈലൈറ്റ്. ശര്‍ക്കരയും അതിന്റെ പൊടിയും മറ്റുമായി വിവിധ പേരുകളില്‍ ഇവരുടെ ഉല്‍പ്പന്നങ്ങള്‍ വിപണിയിലുണ്ട്. അതിലൊന്നാണ് ശബരിമലയില്‍ അരവണപ്പായസത്തിന് ഉപയോഗിക്കുന്ന ജാഗ്വരി പൗഡര്‍. ഈ മേഖലയിലെ ഹോള്‍സെയില്‍ വമ്പന്മാരാണ് വര്‍ധന്‍ ആഗ്രോ പ്രൊസസിങ്. ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഉള്‍പ്പെടെ പല വിദേശരാജ്യങ്ങളിലേക്കും കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്നുണ്ട്. അതുകൊണ്ടാണ് പായ്ക്കിങ്ങില്‍ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് മുദ്രണം ചെയ്യുന്നത്. എന്നാല്‍ ഇതും വിവാദമാക്കി സമൂഹത്തില്‍ ഛിദ്രത ഉണ്ടാക്കാനായിരുന്നു ചിലരുടെ ശ്രമം.

city exchange
Share This Article
Leave a Comment
error: Content is protected !!