

ദോഹ: സങ്കീര്‍ണ്ണമായ ട്രാന്‍സ്ഫ്യൂഷന്‍ ആവശ്യമുള്ള ഒരു രോഗിക്ക് ഫ്രോസണ്‍ പാക്ക്ഡ് റെഡ് ബ്ലഡ് സെല്‍സ് ഉപയോഗിച്ച് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ വിജയകരമായി ആദ്യത്തെ ട്രാന്‍സ്ഫ്യൂഷന്‍ നടത്തി.

തലസീമിയ മേജര്‍, ഒന്നിലധികം ഇമ്മ്യൂണോഹെമറ്റോളജിക്കല്‍ വെല്ലുവിളികള്‍ എന്നിവ കണ്ടെത്തിയ ഒരു രോഗിയില്‍ ലബോറട്ടറി മെഡിസിന്‍ ആന്‍ഡ് പാത്തോളജി വകുപ്പ് രക്തപ്പകര്‍ച്ച നടത്തി. ട്രാന്‍സ്ഫ്യൂഷനോട് നന്നായി പ്രതികരിച്ചു. പ്രതികൂല പ്രതികരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. സ്ഥിരതയാര്‍ന്ന ഹീമോഗ്ലോബിന്‍ അളവ്, മെച്ചപ്പെട്ട അവയവ പ്രവര്‍ത്തനം, മൊത്തത്തിലുള്ള ക്ഷേമം എന്നിവയുള്‍പ്പെടെ രോഗിക്ക് പ്രകടമായ ക്ലിനിക്കല്‍ പുരോഗതി കാണിച്ചു.

ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ പുതുതായി സ്ഥാപിതമായ ഫ്രോസണ്‍ പിആര്‍ബിസി ഇന്‍വെന്ററിയില്‍ നിന്നുള്ള ക്രയോപ്രോസര്‍വ്ഡ് രക്തം ഉപയോഗിച്ചാണ് ഈ നേട്ടം സാധ്യമാക്കിയത്. ക്രയോപ്രോസര്‍വ്ഡ് ചുവന്ന രക്താണുക്കള്‍ പ്രത്യേകം സംസ്‌കരിച്ച് വളരെ കുറഞ്ഞ താപനിലയില്‍ സൂക്ഷിക്കുന്നു. ഇത് അപൂര്‍വവും പൊരുത്തപ്പെടാന്‍ പ്രയാസമുള്ളതുമായ രക്തഗ്രൂപ്പുകളുടെ ദീര്‍ഘകാല സംരക്ഷണം സാധ്യമാക്കുകയും ചെയ്യുന്നു. മുപ്പത് വര്‍ഷം വരെ ഇത് സംരക്ഷിക്കാാവും.
രക്തപ്പകര്‍ച്ചയ്ക്ക് മുമ്പ്, ഈ യൂണിറ്റുകള്‍ ശ്രദ്ധാപൂര്‍വ്വം ഉരുക്കി കഴുകി ക്രയോപ്രൊട്ടക്റ്റീവ് ഏജന്റ് നീക്കം ചെയ്യുന്നു. ഇത് അപൂര്‍വ രക്തഗ്രൂപ്പുകളോ ആന്റിബോഡികളോ ഉള്ള രോഗികള്‍ക്ക് സുരക്ഷിതവും കൂടുതല്‍ കൃത്യവുമായ പൊരുത്തം നല്‍കും.
രോഗികള്‍ക്ക് അത്യാധുനിക ചികിത്സകള്‍ നല്‍കുന്നതില്‍ ഇത് സുപ്രധാന ചുവടുവയ്പ്പാണെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ക്ലിനിക്കല്‍ സര്‍വീസസ് ഡിഎല്‍എംപി ചെയര്‍ ഡോ. ഐനാസ് അല്‍ കുവാരി പറഞ്ഞു.
ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ മേധാവി ഡോ. സാറ അദേല്‍ സലിം, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഹെമോവിജിലന്‍സ് മേധാവിയുമായ ഡോ. ആയിഷ ഇബ്രാഹിം അല്‍ മാല്‍ക്കി, ഖത്തര്‍ നാഷണല്‍ ബ്ലഡ് ഡൊണേഷന്‍ സെന്റര്‍ മേധാവി ഡോ. സലൂവ അല്‍ ഹിമിസി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍.

