Featured
കുവൈത്തിലും ഇറാഖിലും കടുത്ത പൊടിക്കാറ്റ്; കുവൈത്തില്‍ നേരിയ ഭൂചലനം

കുവൈത്ത് സിറ്റി: കുവൈത്തിലും ഇറാഖിന്റെ തെക്കന്‍ ഭാഗങ്ങളിലും ശക്തമായ പൊടിക്കാറ്റ് വീശി. പല പ്രദേശങ്ങളിലും ദൃശ്യപരത കുറയ്ക്കുകയും തീരെ കാണാതാക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.


കുവൈത്തില്‍ ‘രാജ്യം മുഴുവന്‍ പൊടിക്കാറ്റ് വീശിയടിക്കുന്നതായും രാത്രി മുഴുവന്‍ അത് തുടരുമെന്നും’ കാലാവസ്ഥാ വകുപ്പ് മൂന്നറിയിപ്പ് നല്‍കിയിരുന്നു.

തിരശ്ചീന ദൃശ്യപരത 100 മീറ്ററില്‍ താഴെയായി കുറഞ്ഞുവെന്നും ചില പ്രദേശങ്ങളില്‍ പൂജ്യമാണെന്നും കാലാവസ്ഥാ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തു.


അതിനിടെ റിക്ടര്‍ സ്‌കെയിലില്‍ 2.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും കുവൈത്തിലുണ്ടായി. കുവൈത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയിന്റിഫിക് റിസര്‍ച്ചുമായി അഫിലിയേറ്റ് ചെയ്ത കുവൈത്ത് നാഷണല്‍ സീസ്മിക് നെറ്റ്‌വര്‍ക്കാണ് വടക്കു കിഴക്കന്‍ കുവൈത്തില്‍ തിങ്കളാഴ്ച രാത്രി 8.29ന്് ഭൂചലനമുണ്ടായ വിവരം അറിയിച്ചത്. അഞ്ചു കിലോമീറ്റര്‍ താഴ്ചയിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. കുവൈത്തില്‍ കഴിഞ്ഞ ആഴ്ചയും 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
ചൊവ്വാഴ്ച രാവിലെ മുതല്‍ കാലാവസ്ഥ ക്രമേണ മെച്ചപ്പെടുമെന്നും കാലാവസ്ഥാ വകുപ്പ് വിശദമാക്കി. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഒഴികെ വീട്ടില്‍ നിന്ന് പുറത്തുപോകരുതെന്നും മണല്‍ ശേഖരത്തിന് സമീപം വാഹനമോടിക്കരുതെന്നും നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയും കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഊന്നിപ്പറഞ്ഞു.
കടുത്ത പൊടിക്കാറ്റിനെ തുടര്‍ന്ന് കുവൈത്തിലെ വിദ്യാലയങ്ങളില്‍ ചൊവ്വാഴ്ച വിദൂര വിദ്യാഭ്യാസം നടത്താന്‍ വിദ്യാഭ്യാസ മന്ത്രാലയം പൊതു- സ്വകാര്യ വിദ്യാലയങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. മൈക്രോസോഫ്റ്റ് ടീംസ് ആപ്പിലാണ് വിദ്യാര്‍ഥികള്‍ തങ്ങളുടെ റഗുലര്‍ ക്ലാസ് അറ്റന്റ് ചെയ്യേണ്ടത്. എന്നാല്‍ അധ്യാപകരും സ്‌കൂള്‍ അധികൃതരും പതിവുപോലെ സ്‌കൂളിലെത്തണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
ഇറാഖില്‍, രാജ്യത്തിന്റെ തെക്ക് ഭാഗത്തുള്ള നിരവധി പ്രദേശങ്ങളില്‍ കനത്ത പൊടിപടലങ്ങള്‍ പടര്‍ന്നതോടെ ബസ്ര അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാന സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചില പ്രദേശങ്ങളില്‍ വൈദ്യുതി തടസ്സപ്പെടുകയും ചെയ്തു.
ഉപഗ്രഹ ചിത്രങ്ങള്‍ പടിഞ്ഞാറന്‍ ഉപരിതല കാറ്റിന്റെ സാന്നിധ്യമാണ് സൂചിപ്പിക്കുന്നത്. ഇറാഖിലെ ചില പ്രദേശങ്ങളില്‍ തിരശ്ചീന ദൃശ്യപരത ഒരു കിലോമീറ്ററില്‍ താഴെയായി കുറച്ചു. വൈകുന്നേരങ്ങളില്‍ രാജ്യത്തിന്റെ മധ്യ, തെക്കന്‍ ഭാഗങ്ങളിലേക്ക് പൊടിക്കാറ്റ് വ്യാപിക്കാന്‍ സാധ്യതയുണ്ട്.


