യുദ്ധമുഖത്തെ കുട്ടികള്‍ നമ്മുടെ കുട്ടികളാണെന്ന് തിരിച്ചറിയാത്തവര്‍ മനുഷ്യപക്ഷത്തല്ല: കൈലാഷ് സത്യാര്‍ഥി

Web Desk
2 Min Read

കൊച്ചി: സമൂഹത്തെ സഹാനുഭൂതിയോടെ കാണുകയും നന്മ ചെയ്യുകയും വേണമെന്ന് നൊബേല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ഥി. റോട്ടറി ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യ സോണുകളുടെ ഗവര്‍ണര്‍മാരുടെ സമ്മേളനമായ റോട്ടറി ഇന്‍സ്റ്റിറ്റ്യൂട്ട് കൊച്ചി 2024ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

മാനസികമായും ശാരീരികമായുമെല്ലാം നന്മ ചെയ്യാന്‍ തയ്യാറാവുകയും തിരികെ എന്തെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷിക്കാതിരിക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റോട്ടറി ക്ലബ്ബ് പോലുള്ളവ നിര്‍വഹിക്കുന്ന നന്മ ലോകത്തിന് ആവശ്യമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. സമൂഹത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ റോട്ടറി ക്ലബ്ബുകള്‍ക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോകം ഇത്രയധികം വിഭജിക്കപ്പെടുകയോ വെല്ലുവിളികള്‍ നേരിടുകയോ ചെയ്ത കാലം ഇതിനുമുമ്പൊരിക്കലും ഉണ്ടായിരുന്നില്ല. എന്നാല്‍ അതിനിടയില്‍ തന്നെ സാമ്പത്തികമായും സാങ്കേതികമായും വളരാനും ലോകത്തിന് സാധിച്ചിട്ടുണ്ട്. ഒരു ഭാഗത്ത് ആഴ്ചയില്‍ രണ്ട് ബില്യനയര്‍മാര്‍ സൃഷ്ടിക്കപ്പെടുന്നു. അതേ ആഴ്ചയില്‍ തന്നെ പതിനായിരം കുട്ടികള്‍ സ്‌കൂള്‍ പഠനം അവസാനിപ്പിക്കുകയും ബാലവേലയില്‍ എത്തിച്ചേരുകയും ചെയ്യുന്നു. ഇത് വെറും കണക്കായി കാണരുതെന്നും വ്യത്യസ്ത ദിശകളിലെ മാറ്റങ്ങളാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധവും അക്രമവും ലോകത്ത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. നമ്മള്‍ ഇവിടെ ഇരിക്കുമ്പോള്‍ ഗാസയില്‍ കുട്ടികള്‍ കൊല്ലപ്പെടുകയോ പരിക്കേല്‍പ്പിക്കപ്പെടുകയോ ആണ്. സ്ത്രീകളേയും കുട്ടികളേയും തട്ടിക്കൊണ്ടു പോകുന്നു. യുദ്ധത്തിന്റെ ഉത്തരവാദിത്വം കുട്ടികള്‍ക്കല്ലാതിരുന്നിട്ടു കൂടി അതിന്റെ പരിണിത ഫലങ്ങളും ദുരന്തങ്ങളും അവരാണ് കൂടുതല്‍ അനുഭവിക്കേണ്ടി വരുന്നതെന്നും കൈലാഷ് സത്യാര്‍ഥി പറഞ്ഞു.

- Advertisement -
Ad image

യുദ്ധ മേഖലയില്‍ ജീവിതം നയിക്കേണ്ടി വരുന്ന ജനങ്ങളുടെ എണ്ണം രണ്ട് ബില്യണിലേറെയാണ്. 450 മില്യന്‍ കുട്ടികളാണ് ഇത്തരം മേഖലകളില്‍ ജീവിതം നയിക്കുന്നത്. യുദ്ധം കുട്ടികളുടെ ജീവിതത്തേയും ബുദ്ധിയേയും വൈകാരികതയേയും ബാധിക്കുകയാണ്.

യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന കുട്ടികള്‍ ആരുടെ കുട്ടികളാണെന്ന് സ്വയം ചോദിക്കണമെന്ന് കൈലാഷ് സത്യാര്‍ഥി ആവശ്യപ്പെട്ടു. അവരാരും മുസ്ലിമോ കൃസ്ത്യനോ ജൂതനോ ഹിന്ദുവോ അല്ല, അവര്‍ നമ്മുടെ കുട്ടികളാണ് എന്ന ചിന്തയും തിരിച്ചറിവും വരുന്നില്ലെങ്കില്‍ നമ്മള്‍ ഓരോരുത്തരും മനുഷ്യപക്ഷത്തല്ല എന്ന് തിരിച്ചറിയണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സമാപന ദിവസമായ ഞായറാഴ്ച രാവിലെ ഒന്‍പതരയ്ക്ക് ശശി തരൂര്‍ എം പി സമ്മേളനത്തെ അഭിസംബോധന ചെയ്യും. കൊച്ചി ബോള്‍ഗാട്ടി ഗ്രാന്റ് ഹയാത്ത് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന റോട്ടറി ഇന്‍സ്റ്റിറ്റ്യൂട്ട് കൊച്ചി 2024ല്‍ ഇന്ത്യയ്ക്കു പുറമേ ശ്രീലങ്ക, നേപ്പാള്‍ എന്നിവിടങ്ങളിലെ ആയിരത്തോളം ഗവര്‍ണര്‍മാരും മുന്‍കാല- നിയുക്ത ഗവര്‍ണര്‍മാരും നേതാക്കളുമാണ് പങ്കെടുക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!