
കോഴിക്കോട്: മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹരിത മുന്‍ നേതാക്കളുടെ വാര്‍ത്താ സമ്മേളനം. രൂക്ഷമായ സൈബര്‍ ആക്രമണം നേരിടുകയാണ് തങ്ങളെന്നും ലീഗ് നേതൃത്വം അപമാനത്തിന് മറുപടി പറയണമെന്നും മുന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. ഹരിതയുടെ പ്രവര്‍ത്തകര്‍ക്കും ആത്മാഭിമാനം വലുതാണെന്നും അവര്‍ പറഞ്ഞു. നവാസിന്റെ പരാമര്‍ശം ലൈംഗികാധിക്ഷേപം തന്നെയാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കള്‍ ആവര്‍ത്തിച്ചു.

ഗുരുതര അധിക്ഷേപങ്ങള്‍ക്ക് വിധേയരായതു കൊണ്ടാണ് പാര്‍ട്ടിക്ക് പരാതി നല്‍കിയത്. പാര്‍ട്ടിക്ക് പരാതി കൊടുത്ത് 50 ദിവസത്തിന് ശേഷമാണ് വനിതാ കമ്മീഷനെ സമീപ്പിച്ചതെന്നും മുഫീദ തസ്‌നി പറഞ്ഞു. പരാതി മെയിലില്‍ തന്നെ അയച്ച് നേതൃത്വത്തെ അറിയിച്ചതാണ്. ഈ വിഷയത്തില്‍ ഇ.ടി. മുഹമ്മദ് ബഷീര്‍, പി.കെ. കുഞ്ഞാലിക്കുട്ടിയടക്കം പ്രമുഖ നേതാക്കളെ നേരിട്ട് സന്ദര്‍ശിച്ചും പരാതി അറിയിച്ചിരുന്നു. പി.എം.എ. സലാമിന്റെ പ്രതികരണം വേദനിപ്പിച്ചെന്നും ഹരിത മുന്‍ നേതാക്കള്‍ പറഞ്ഞു. വനിതാ കമ്മീഷന് പരാതി നല്‍കിയത് വലിയ കുറ്റമായി പറഞ്ഞു. ചാനലില്‍ പോയി പ്രശ്‌നം പരിഹരിച്ചോളാന്‍ പറഞ്ഞു. പരാതി ഉള്‍ക്കൊള്ളാന്‍ നേതൃത്വത്തിന് സാധിച്ചിട്ടില്ല. പരാതി വ്യക്തികള്‍ക്ക് എതിരെയാണ് പാര്‍ട്ടിക്ക് എതിരെയല്ലെന്നും അവര്‍ വ്യക്തമാക്കി. ഹരിതയിലെ പെണ്‍കുട്ടികള്‍ സ്വഭാവദൂഷ്യമുള്ളവരാണെന്ന് വരുത്താനാണ് ശ്രമം. ഹരിതയുടെ പെണ്‍കുട്ടികള്‍ പ്രസവിക്കാന്‍ താത്പര്യമില്ലാത്തവരാണെന്ന് എംഎസ്എഫ് നേതാക്കള്‍ പറഞ്ഞു നടന്നു. സൈബര്‍ ഗുണ്ടയുടെ കയ്യില്‍ ഞ്ഞങ്ങളുടെ ചിത്രങ്ങളും മറ്റും ഉണ്ടെന്ന് പറഞ്ഞെന്നും ഹരിത മുന്‍ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

