പാടത്തിറങ്ങി ടെക്കികള്‍; യു എല്‍ സൈബര്‍ പാര്‍ക്കില്‍ കൊയ്ത്തുത്സവം

Web Desk
2 Min Read

കോഴിക്കോട്: തൊഴിലാളികള്‍ ഉടമകളായ ലോകത്തെ ആദ്യ ഐ ടി പാര്‍ക്കായ കോഴിക്കോട് യു എല്‍ സൈബര്‍ പാര്‍ക്ക് പ്രകൃതിയുമായുള്ള ജൈവബന്ധംകൊണ്ടും ലോകശ്രദ്ധനേടുന്നു. യു എല്‍ സൈബര്‍പാര്‍ക്കിന്റെ വളപ്പില്‍ ഐ ടി പ്രൊഫഷണലുകളും പാര്‍ക്ക് ജീവനക്കാരും ചേര്‍ന്നു നടത്തുന്ന വിപുലമായ കൃഷിയിലെ നെല്ലിന്റെ കൊയ്ത്തുത്സവം ആയിരുന്നു.

city exchange

പാര്‍ക്ക് കെട്ടിടത്തോടു ചേര്‍ന്ന 70 സെന്റിലെ നെല്ലാണ് സ്ത്രീകളടക്കമുള്ള ടെക്കികള്‍ കൊയ്തത്. നെല്ലു കൂടാതെ പച്ചക്കറികളും പഴവര്‍ഗങ്ങളും പാര്‍ക്കില്‍ കൃഷി ചെയ്യുന്നുണ്ട്. ഐ ടി പ്രൊഫഷണലുകളുടെ തൊഴില്‍- മാനസിക സമ്മര്‍ദ്ദങ്ങളെപ്പറ്റി വ്യാപകമായ ആകുലതകള്‍ ഉയരുന്ന ഇക്കാലത്ത് സൈബര്‍പാര്‍ക്കില്‍ ജോലിചെയ്യുന്നവരുടെ മാനസികോല്ലാസംകൂടി ലക്ഷ്യമിട്ടാണ് പാര്‍ക്കിന്റെ വിശാലമായ വളപ്പില്‍ വിവിധ വിളകള്‍ കൃഷി ചെയ്യുന്നത്.

ഏഷ്യയിലെ ഏറ്റവും വലിയ പ്രാഥമിക സഹകരണസംഘങ്ങളില്‍ ഒന്നായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടേതാണ് യു എല്‍ സൈബര്‍ പാര്‍ക്ക്. യു എല്‍ സി സി എസ് ചെയര്‍മാന്‍ രമേശന്‍ പാലേരിയാണ് കൊയ്ത് ഉദ്ഘാടനം ചെയ്തത്.

ഊരാളുങ്കല്‍ സൊസൈറ്റിയുടെ എല്ലാ പ്രോജക്റ്റ് സൈറ്റുകളില്‍ സ്ഥാപനങ്ങളിലും കൃഷി പ്രോത്സാഹിപ്പിക്കുക എന്നത് സംഘത്തിന്റെ നയമാണെന്ന് രമേശന്‍ പാലേരി പറഞ്ഞു. ഇന്ത്യ ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സിലിന്റെ ഗോള്‍ഡ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ഗ്രീന്‍ ക്യാമ്പസാണ് സൈബര്‍ പാര്‍ക്ക്. ആധുനിക തൊഴില്‍ മേഖലകളിലെ പ്രൊഫഷണലുകളെ ഭൂമിയും കൃഷിയുമായി ബന്ധിപ്പിക്കുന്ന പ്രകൃതിയുമായി ജൈവബന്ധം പുലര്‍ത്തുന്ന ഇത്തരമൊരു മാതൃകലോകത്തുതന്നെ വേറെ ഉണ്ടാകാനിടയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- Advertisement -
Ad image

യു എല്‍ സി സി എസ് ഡയറക്ടര്‍മാരായ ശ്രീജ മുരളി, അനൂപ ശശി എന്നിവരും പാര്‍ക്കിലെ വിവിധ കമ്പനികളുടെ സി ഇ ഒമാരും കമ്പനികളിലെയും പാര്‍ക്ക് മാനേജ്‌മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഐ ടി പ്രൊഫഷണലുകള്‍ക്കൊപ്പം കൊയ്ത്തുത്സവത്തില്‍ പങ്കുചേര്‍ന്നു. ഇതു നല്ല മാതൃകയാണെന്നും പാര്‍ക്കിലെ ശേഷിച്ച സ്ഥലത്തേക്കുകൂടി കൃഷി വ്യാപിപ്പിക്കണമെന്നും മാധ്യമങ്ങളോടു സംസാരിച്ച സി ഇ ഒമാര്‍ അഭിപ്രായപ്പെട്ടു.

ഈ നെല്‍ക്കൃഷിക്കു വേറെയുമുണ്ട് പ്രത്യേകതകള്‍ ഏറെ. അത്യുത്പാദനശേഷിയും ഔഷധഗുണങ്ങളും ഉള്ള രക്തശാലി എന്ന ഇനം നെല്ലാണ് കൃഷി ചെയ്തത്. വളരെ കുറച്ചു വെള്ളം മതിയാകും എന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആസൂത്രിത ജലവിനിയോഗത്തിന്റെയും ഇക്കാലത്ത് ഈ വിത്തിനത്തിനു പ്രാധാന്യം ഏറ്റുന്നു. അതുകൂടി പരിഗണിച്ചിട്ടാണ് ഇതു തെരഞ്ഞെടുത്തതെന്ന് യു എല്‍ സൈബര്‍ പാര്‍ക്ക് ജനറല്‍ മാനേജര്‍ ടി കെ കിഷോര്‍ കുമാര്‍ പറഞ്ഞു.

മഴവെള്ളം സംഭരിച്ചാണു കൃഷി. ഇതിനായി യു എല്‍ സൈബര്‍ പാര്‍ക്കില്‍ ഏഴരലക്ഷം ലിറ്റര്‍ ശേഷിയുള്ള സംഭരണി നിര്‍മ്മിച്ചിട്ടുണ്ട്. പാര്‍ക്കിലെ തോട്ടം പരിപാലിക്കുന്ന ജീവനക്കാരാണ് കൃഷിയുടെ നേതൃത്വം. ഇത് മൂന്നാം തവണയാണ് പാര്‍ക്കില്‍ നെല്ലു വിളവെടുക്കുന്നത്.

ജോലിക്കിടെ മനസു കുളിര്‍പ്പിക്കാന്‍ ജാലകത്തിനപ്പുറം പച്ചപ്പും കൃഷിയും എന്നതിനപ്പുറം പണി ചെയ്തു മടുക്കുമ്പോള്‍ സ്വന്തം കൃഷിക്കിടയിലൂടെ ഒന്നു ചുറ്റിയടിച്ചുവരാനുള്ള അവസരവും ഇത് ഒരുക്കുന്നു. ഫലവൃക്ഷങ്ങള്‍ നിറഞ്ഞ വളപ്പ് ടെക്കികള്‍ക്കിരുന്നു ജോലി ചെയ്യാന്‍ പാകത്തില്‍ ഇരിപ്പിടങ്ങളും വൈഫൈ സൗകര്യവും മറ്റും ഒരുക്കി വികസിപ്പിക്കാനും അധികൃതര്‍ക്കു പരിപാടിയുണ്ട്.

Share This Article
Leave a Comment
error: Content is protected !!