ഹൈലൈറ്റ് ഗ്രൂപ്പിന്റെ ‘യൂ ഹബ്ബ് തിരുവനന്തപുരം’; 5,000 പുതിയ തൊഴിലവസരങ്ങള്‍

Web Desk
3 Min Read

തിരുവനന്തപുരം: ഹൈലൈറ്റ് ഗ്രൂപ്പിന്റെ പുതിയ പദ്ധതിയായ യൂ ഹബ്ബ് തിരുവനന്തപുരത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം ടെക്‌നോപാര്‍ക്കില്‍ വ്യവസായ, ഐ ടി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി മറ്റ് വിശിഷ്ടാതിഥികളോടൊപ്പം നിര്‍വ്വഹിച്ചു.

city exchange

കേരളത്തിലുടനീളം ഹൈലൈറ്റ് ഗ്രൂപ്പ് നടത്തിവരുന്ന വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയെന്നോണം 300 കോടി രൂപ ചെലവില്‍ ഒരുങ്ങുന്ന ഈ പദ്ധതി സംസ്ഥാനത്തെ ഐ ടി അടിസ്ഥാന സൗകര്യ വികസന മേഖലയെ പാടെ മാറ്റിമറിക്കും. കൂടാതെ, അയ്യായിരത്തോളം നേരിട്ടുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് സംസ്ഥാനത്തിന്റെ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഇത് വന്‍ കുതിപ്പേകും.

ടെക്‌നോളജിയുടെയും നവീകരണത്തിന്റെയും പ്രധാന ലക്ഷ്യസ്ഥാനമെന്ന നിലയിലുള്ള കേരളത്തിന്റെ യാത്രയില്‍ സുപ്രധാന നാഴികക്കല്ലാണ് ഹൈലൈറ്റ് ഗ്രൂപ്പിന്റെ യൂ ഹബ്ബ് തിരുവനന്തപുരം. ടെക്‌നോപാര്‍ക്കില്‍ ‘യൂ’-മായി സഹകരിച്ച് വികസിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ബ്രാന്‍ഡഡ് ഐ ടി വര്‍ക്ക് സ്‌പേസ് സംസ്ഥാനത്തിലുള്ള ആഗോള ബ്രാന്‍ഡുകളുടെ ആത്മവിശ്വാസത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഈ പദ്ധതി 5,000-ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും കേരളത്തിന്റെ ഐ ടി, എ ഐ ആവാസവ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യും. ഈ ചുവടുവെപ്പിന് ഹൈലൈറ്റ് ഗ്രൂപ്പിനെ അഭിനന്ദിക്കുകയും ഇതിന്റെ എല്ലാ വിജയങ്ങള്‍ക്കുമായി ആശംസകള്‍ നേരുകയും ചെയ്യുന്നുവെന്ന് വ്യവസായ, ഐ ടി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഹൈലൈറ്റ് ഗ്രൂപ്പിന്റെ ‘യൂ ഹബ്ബ് തിരുവനന്തപുരം’ പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം കേരളത്തിന്റെ ഐ ടി വ്യവസായ മേഖലയെ സംബന്ധിച്ച് ചരിത്രപരമായ ഒരു ചുവടുവെപ്പാണന്ന് ടെക്‌നോപാര്‍ക്ക് സി ഇ ഒ സന്ദീപ് കുമാര്‍ ഐ എ എസ് പറഞ്ഞു. വിപണിയില്‍ പ്രീമിയം ഐ ടി സ്‌പേസുകള്‍ക്ക് എക്കാലത്തെയും ഉയര്‍ന്ന ഡിമാന്‍ഡുള്ള ഈ അനുകൂല സാഹചര്യത്തിലാണ് 5.37 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പ്രീമിയം ഗ്രേഡ്-എ ഐ ടി സ്‌പേസ് ഇവിടേക്ക് കടന്നുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- Advertisement -
Ad image

‘കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷയുള്ളതും നിര്‍ണ്ണായകവുമായ മേഖലയാണ് ഐ ടി. മികച്ച പ്രതിഭകളും ശരിയായ മനുഷ്യവിഭവശേഷിയും നമുക്കുണ്ട്. എന്നാല്‍ ആഗോള കമ്പനികള്‍ക്ക് ഇവിടെ സാന്നിധ്യമറിയിക്കാന്‍ ആവശ്യമായ ലോകോത്തര അടിസ്ഥാന സൗകര്യങ്ങളുടെയോ ഗ്രേഡ്- എ സ്‌പേസുകളുടെയോ കുറവുണ്ട്. അന്താരാഷ്ട്ര കമ്പനികള്‍ ആഗ്രഹിക്കുന്ന നിലവാരത്തിലുള്ള ഈ കുറവ് പരിഹരിക്കുകയും അവര്‍ക്ക് ആവശ്യമുള്ളത് കൃത്യമായി ഒരുക്കുകയുമാണ് ഹൈലൈറ്റിന്റെ പ്രധാന ലക്ഷ്യം,’ എന്ന് ചടങ്ങില്‍ സംസാരിക്കവേ ഹൈലൈറ്റ് ഗ്രൂപ്പ് സി ഇ ഒ അജില്‍ മുഹമ്മദ് വ്യക്തമാക്കി.

ആഗോള ബ്രാന്‍ഡുകളായ ‘യൂ’, ‘ഐ ഡബ്ല്യു ജി’ എന്നിവരുമായി കൈകോര്‍ത്തുകൊണ്ട് പ്രീമിയം വര്‍ക്ക്സ്പേസ് രംഗത്ത് പുതിയ വിപ്ലവത്തിനാണ് യൂ ഹബ്ബ് തിരുവനന്തപുരം തുടക്കം കുറിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ ‘യൂ’ ബ്രാന്‍ഡഡ് ഐ ടി പാര്‍ക്കാണിത്. മാത്രമല്ല, ആഗോളതലത്തില്‍ തന്നെ ‘യൂ’ ബ്രാന്‍ഡിന് കീഴില്‍ വരുന്ന ആദ്യത്തെ ഐ ടി പ്രൊജക്റ്റാണിത്. ഇതിലൂടെ കമ്പനിയുടെ അന്താരാഷ്ട്രതലത്തില്‍ പ്രശംസ നേടിയ ലക്ഷ്വറി ഡിസൈന്‍ ശൈലി ആദ്യമായി സാങ്കേതിക അടിസ്ഥാന സൗകര്യ മേഖലയിലേക്ക് എത്തുകയാണ്. കൂടാതെ, ഫ്‌ളെക്‌സിബിള്‍- ഹൈബ്രിഡ് വര്‍ക്ക്സ്പേസ് രംഗത്തെ ഐ ഡബ്ല്യു ജിയുടെ ആഗോള വൈദഗ്ധ്യം കൂടി ഒത്തുചേരുന്നതോടെ, ആധുനിക സംരംഭങ്ങളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ ഒരു ഫ്യൂച്ചര്‍- റെഡി ബിസിനസ്സ് കേന്ദ്രമായി ഇത് മാറും.

1.88 ഏക്കര്‍ ഭൂമിയില്‍ ഏകദേശം 5.37 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിക്കുന്ന ഈ പ്രൊജക്ടില്‍ ബേസ്‌മെന്റ്, ഗ്രൗണ്ട് ഫ്‌ളോര്‍, രണ്ട് നിലകളിലായുള്ള പാര്‍ക്കിംഗ് ഏരിയ, കൂടാതെ 15 പ്രീമിയം ഓഫീസ് നിലകള്‍ എന്നിവ ഉണ്ടായിരിക്കും. ആഗോള കമ്പനികള്‍, ഗ്ലോബല്‍ കാപ്പബിലിറ്റി സെന്ററുകള്‍, മുന്‍നിര സാങ്കേതിക കമ്പനികള്‍, ഗവേഷണ സ്ഥാപനങ്ങള്‍, വളര്‍ന്നു വരുന്ന ഡിജിറ്റല്‍ സംരംഭങ്ങള്‍ എന്നിവരെ ആകര്‍ഷിക്കാന്‍ തക്കവണ്ണമാണ് ഈ ലോകോത്തര കൊമേഴ്‌സ്യല്‍ ഇക്കോസിസ്റ്റം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

പരിസ്ഥിതി സൗഹൃദ നിര്‍മ്മാണത്തിലും ഈ പ്രൊജക്റ്റ് പുതിയ മാതൃകയാണ്. യു എസ് ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സിലിന്റെ ഏറ്റവും ഉയര്‍ന്ന പരിസ്ഥിതി സൗഹൃദ സര്‍ട്ടിഫിക്കേഷനായ ‘ ലീഡ് പ്ലാറ്റിനം ലെവല്‍’ യൂ ഹബ്ബ് തിരുവനന്തപുരത്തിന് ഇതിനോടകം തന്നെ ലഭിച്ചുകഴിഞ്ഞു.

ചടങ്ങില്‍ തിരൂരങ്ങാടി എം എല്‍ എ പി എം എ സമീര്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു ഐ എ എസ്, കെ എസ് ഐ ടി ഐ എല്‍ മാനേജിങ് ഡയറക്ടര്‍ സന്തോഷ് ബാബു ഐ എ എസ്, കിന്‍ഫ്ര മാനേജിങ് ഡയറക്ടര്‍ സന്തോഷ് കോശി, മുന്‍ ടെക്‌നോപാര്‍ക്ക് സി ഇ ഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.), ഹൈലൈറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ പി സുലൈമാന്‍, ഹൈലൈറ്റ് ഗ്രൂപ്പ് സി ഇ ഒ അജില്‍ മുഹമ്മദ്, ഹൈലൈറ്റ് പ്രോപ്പര്‍ട്ടീസ് സി ഇ ഒ ഷഫീഖ് പി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!