നാര്‍ക്കോട്ടിക്ക് ജിഹാദ് എത്ര മാത്രം ഇസ്‌ലാമിനെ പിടി മുറുക്കും

Web Desk
3 Min Read

ഞാനൊരു ഇന്ത്യക്കാരനായതിലും അതിനോടൊപ്പം കേരളക്കാരനായതിലും അതിലൊക്കെ ഉപരി ഒരു മുസ്‌ലിമായതിലും അഭിമാനിക്കുന്നു. ഈ ഇന്ത്യാ രാജ്യത്ത് വിവിധ മതസ്ഥരുമായി വളരെ സൗഹൃദത്തിലും സ്‌നേഹത്തോടെയും ഇടപഴകുന്ന ആളുകളുള്ള ഒരു സംസ്ഥാനമാണ് കേരളമെന്നത് എല്ലാവര്‍ക്കും അറിയാമല്ലോ. ഈ കേരളത്തില്‍ കുല്‍സിത ബുദ്ധിക്കാരായ ചില ആളുകളുടെ താല്‍പര്യങ്ങളും അജണ്ടകളും നടപ്പിലാകില്ല എന്ന് തിരിച്ചറിഞ്ഞപ്പോളുള്ള കാട്ടി കൂട്ടലുകളാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന വിവാദങ്ങളെന്ന് ഭൂരിഭാഗം ജനങ്ങള്‍ക്കും മനസ്സിലായിട്ടുണ്ടാവും എന്നാണ് എന്റെ വിശ്വാസം. ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗം അതിര് കടക്കുന്നു എന്നുള്ളത് കഴിഞ്ഞ ഒന്ന് രണ്ട് വര്‍ഷത്തിനുള്ളിലെ നര്‍ക്കോട്ടിക്ക് കേസുകള്‍ എടുത്ത് പരിശോധിച്ചാല്‍ മനസ്സിലാകും എന്നുള്ളത് പരമമായ സത്യമാണ്.

city exchange

അതുപോലെ തന്നെ ഇന്റര്‍നെറ്റിന്റേയും സോഷ്യല്‍ മീഡിയകളുടേയും ഉപയോഗം വര്‍ധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അത് മൂലമുള്ള സൈബര്‍ ക്രൈമുകളുടേയും എണ്ണം വര്‍ധിച്ചിട്ടുമുണ്ട്. ഈയൊരു കാലഘട്ടത്തില്‍ അത്തരം കാര്യങ്ങളില്‍ നാം മുന്നോട്ടും പിറകോട്ടും ചലിച്ച് കൊണ്ടിരിക്കുന്നു. ഇതിന്റെയെല്ലാം ജന്മത്വവും പിതൃത്വവും എല്ലാം ഏതെങ്കിലുമൊരു മത വിഭാഗം ഏറ്റെടുക്കുകയോ അവരുടെ തലയില്‍ കെട്ടിവെക്കുകയോ ചെയ്യുന്നത് കൊണ്ട് എന്താണ് ഉദേശിക്കുന്നത്?. ഞാന്‍ പഠിച്ച് ഇന്നേ വരെ മനസ്സിലാക്കിയ ഇസ്‌ലാമില്‍ ഏത് വിധത്തിലുള്ള ലഹരി പദാര്‍ഥങ്ങളും ഉപയോഗിക്കാന്‍ പാടില്ലാത്തതാണ്. അത് മാത്രമല്ല മറ്റൊരാളെ അത് ഉപയോഗിക്കാന്‍ പ്രേരണ നല്‍കുന്നത് പൊറുക്കാനാവത്ത കുറ്റവുമാണ്. അതായത് ഒരാളെ കൊല്ലുന്നതും കൊല്ലാന്‍ പ്രേരണ കൊടുക്കുന്നതും പോലെ തന്നെ കുറ്റകരമാണെന്ന് സാരം.


ഒരവസരത്തില്‍ ഏതെങ്കിലും ഒരാളെ മുസ്‌ലിമാക്കിയാല്‍ അയാള്‍ മുസ്‌ലിമാവുമെന്നും അതില്‍ പറഞ്ഞ ചിട്ടയോടെ അയാള്‍ ജീവിക്കുമെന്നും മുസ്‌ലിമായ ഞാന്‍ വിശ്വസിക്കുന്നില്ല. അപ്പോള്‍ അതൊക്കെ ഇവിടെ നടക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അന്വേഷിക്കേണ്ടതും നടപടി എടുക്കേണ്ടതും തന്നെയാണ്. അത് മുസ്‌ലിമല്ല മറ്റേതെങ്കിലും മതത്തില്‍പ്പെട്ട ഒരാള്‍ ചെയ്തതാണെങ്കില്‍ കൂടി നടപടി എടുക്കേണ്ടത് തന്നെയാണ്. ഒരു മതസ്ഥരില്‍പ്പെട്ട ഒരാള്‍ ഒരു കുറ്റം ചെയ്താല്‍ അത് ആ മതസ്ഥരെ ഒന്നടങ്കം കൂട്ടിയാണോ നടപടികള്‍ സ്വീകരിക്കേണ്ടതും ആക്ഷേപിക്കേണ്ടതും. ഇത്തിരി മാന്യത പുലര്‍ത്തുന്നവരാണെങ്കില്‍ ആ വ്യക്തിയുടെ മതത്തെ കൂട്ടി യോജിപ്പിച്ച് കുറ്റപ്പെടുത്തുന്നതിന് പകരം ആ വ്യക്തി ചെയ്ത പ്രവര്‍ത്തിയെയാണ് ആക്ഷേപിക്കേണ്ടത്. ഇവിടെ ന്യൂനപക്ഷമെന്നും ഭൂരിപക്ഷമെന്നും പറഞ്ഞ് ആരെയും പേടിപ്പിക്കുകയല്ല ചെയ്യേണ്ടത്.

- Advertisement -
Ad image

എല്ലാവരേയും മനുഷ്യരായി കണ്ട് അവരെ ബഹുമാനിക്കാനാണ് ശീലിക്കേണ്ടത്. ഏതെങ്കിലും ഒരു വ്യക്തികളില്‍ മോശമായ പ്രവര്‍ത്തികള്‍ കണ്ടാല്‍ അതിന് നടപടികള്‍ സ്വീകരിക്കാന്‍ ധാരാളം സംവിധാനങ്ങളുള്ള ഈ രാജ്യത്ത് നമ്മള്‍ തീക്കനല്‍ എറിഞ്ഞ് അതിനെ വലുതാക്കാന്‍ ശ്രമിക്കരുതേ എന്നേ എനിക്ക് മുഴുവന്‍ മതമേലാധ്യക്ഷന്‍മാരോടും അഭ്യര്‍ഥിക്കാനുള്ളത്. മറ്റൊരു മേഖലയിലേക്ക് ഇത്തരം കാര്യങ്ങള്‍ പടര്‍ന്ന് പിടിക്കാതിരിക്കാന്‍ എല്ലാ മതനേതക്കാളും ഇടപെടാന്‍ ശ്രമിക്കേണ്ടതുമാണ്. നന്മയുള്ള മനസ്സിനുടമകള്‍ക്കേ ഇത്തരത്തില്‍ നല്ലത് ചിന്തിക്കാന്‍ കഴിയൂ.


ഞാന്‍ (നമ്മള്‍) തൊടുത്ത് വിടുന്ന ചില കിംവദന്തികളോട് ഇപ്പോഴത്തെ തലമുറക്ക് താല്‍പര്യമുണ്ടായി കൊള്ളണമെന്നില്ല. ഞാന്‍ എവിടെയോ വായിച്ച് കേട്ടിട്ടുണ്ട് അതി ബുദ്ധിമാന്‍മാര്‍ കിംവദന്തികള്‍ സൃഷ്ടിക്കും മണ്ടന്‍മാരായ ആളുകള്‍ അത് ഏറ്റെടുത്ത് പ്രചരിപ്പിക്കും സാധുക്കളായ പാവങ്ങള്‍ അത് വിശ്വസിക്കുകയും ചെയ്യുമെന്ന്. ദൈവമേ ഇതിലൊന്നും പെടാതെ എന്നെയും നിങ്ങളേയുമൊക്കെ രക്ഷിക്കണേ.


മതം മാറ്റല്‍ അത്ര മഹനീയമായ ഒരു പുണ്യമാണെങ്കില്‍ എന്റെ വീട്ടില്‍ 10ഉം 15ഉം 20ഉം വര്‍ഷമായി ജോലി ചെയ്യുന്ന ഇതര സമുദായത്തില്‍പ്പെട്ട വളരെ നിര്‍ധനരായ സ്ത്രീകള്‍ ഉണ്ട്. ഇതെന്താ അവരെ മതം മാറ്റാന്‍ എനിക്ക് സാധിക്കില്ലേ. മനുഷ്യരില്‍ നന്മ വളരണമെന്ന് പഠിപ്പിക്കുന്ന മതമാണ് ഇസ്‌ലാം. നമ്മളില്‍ ആരെങ്കിലും വിവിധ രാജ്യങ്ങളില്‍ ജോലിക്ക് പോയി അവിടെ കൂടുതല്‍ ശമ്പളമോ കച്ചവടങ്ങള്‍ ചെയ്യാനുള്ള സൗകര്യങ്ങളോ ഉണ്ടെങ്കില്‍ അതിലൂടെ ആയിരങ്ങളും ലക്ഷങ്ങളും സമ്പാദിക്കാന്‍ സാധിക്കുമെന്ന് നമുക്ക് ബോധ്യമുണ്ടെങ്കില്‍ നമ്മള്‍ ഏറെ ഇഷ്ടപ്പെടുന്ന ആളുകളോട് അത് പറഞ്ഞ് കൊടുക്കുക എന്നുള്ളത് നന്മയുള്ള മനസ്സിന്റെ പ്രവണതയാണ്.

അതുപോലെ ഇസ്‌ലാം വിശ്വസിച്ചാല്‍ ഇന്ന കാര്യങ്ങളും ഗുണങ്ങളും ഉണ്ടെന്നും മനുഷ്യരാശിയുടെ നന്മയാണ് ഇസ്‌ലാം ഇഷ്ടപ്പെടുന്നതെന്നും പറയേണ്ട ഉത്തരവാദിത്വം മാത്രമേ ഇസ്്‌ലാം മത വിശ്വാസിക്കുള്ളൂ. അത് തിരസ്‌കരിക്കേണ്ടതും സ്വീകരിക്കേണ്ടതും അവന്റെ കടമയാണ്. അതായത് മുകളില്‍ സൂചിപ്പിച്ച പോലെ കൂടുതല്‍ ശമ്പളം കിട്ടുന്നതും കച്ചവടം ചെയ്യാന്‍ സൗകര്യമുള്ളതുമായ രാജ്യത്തേക്ക് പോകാന്‍ പാസ്‌പോര്‍ട്ട് എടുക്കേണ്ടതും വിസ എടുക്കേണ്ടതും ടിക്കറ്റ് എടുക്കേണ്ടതും എന്ന് പോകണമെന്ന തിയ്യതി തീരുമാനിക്കേണ്ടതുമല്ലാം അവന്റെ തീരുമാനമാണ്. ഇത് അറിയാതെ ഏതെങ്കിലും മുസ്‌ലിം സഹോദരന്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് കൂടി വേണ്ടിയാണ് ഈയൊരു മെസേജ്.


നമ്മളല്ലാവരും മനുഷ്യരാണെന്നും ഒരേ നിറത്തിലുള്ള രക്തമാണ് നമ്മള്‍ എല്ലാവരുടേയും സിരകളില്‍ ഓടുന്നതെന്നും മരിച്ച് കഴിഞ്ഞാല്‍ മതമില്ലാത്ത ജാതിയില്ലാത്ത വെറും ജഡമാണെന്നും നമ്മെയെല്ലാം സൃഷ്ടിച്ചത് ഒരു ദൈവമാണെന്നും മനസ്സിലാക്കി നന്മ ചെയ്ത് മറ്റുള്ളവരെ സഹായിച്ച് കൊണ്ട് ജീവിക്കാന്‍ ശ്രമിക്കുക.

Share This Article
Leave a Comment
error: Content is protected !!