

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലെ കോവിഡ് നില ആശങ്കാജനകമാണെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം. നാല്‍പ്പത് ശതമാനത്തിലേറെ ടി പി ആറാണ് കേരളത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

രാജ്യത്തെ 8.79 ശതമനം കേസുകളും കേരളത്തിലാണ്. മഹാരാഷ്ട്രയിലും കര്‍ണാടകയിലുമാണ് ഏറ്റവും കൂടുതല്‍ രോഗബാധയുണ്ടാകുന്നത്. തെരഞ്ഞെടുപ്പു നടക്കുന്ന ഉത്തര്‍പ്രദേശിലും സ്ഥിതി ആശങ്കാജനകമാണ്. തമിഴ്‌നാടും ഡല്‍ഹിയും ഇത്തരത്തില്‍ രോഗബാധ കൂടുതലുള്ള സംസ്ഥാനങ്ങളാണ്.

കോവിഡ് രണ്ടാം തരംഗവുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിലവില്‍ മരണം കുറവാണ് രേഖപ്പെടുത്തുന്നത്. രണ്ടാം തരംഗത്തില്‍ പ്രതിദിന കേസുകള്‍ മൂന്നു ലക്ഷം കവിഞ്ഞപ്പോള്‍ മരണം 3000 കടന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ മൂന്നു ലക്ഷം കേസുകളും 400 മരണവുമെന്ന തോതിലാണ് പ്രതിദിന കണക്ക്.
രണ്ടാം തരംഗമുണ്ടാകുമ്പോള്‍ ആദ്യ ഡോസ് വാക്‌സിനെടുത്തവര്‍ വെറും രണ്ട് ശതമാനം മാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ രണ്ട് ഡോസ് വാക്‌സിനുമെടുത്തവരുടെ എണ്ണം 72 ശതമാനമായിട്ടുണ്ട്. എന്നാല്‍ ആദ്യ ഡോസ് സ്വീകരിച്ചവരില്‍ ആറരക്കോടിയോളം പേര്‍ ഇപ്പോഴും രണ്ടാം ഡോസ് എടുത്തിട്ടില്ല.
കേരളത്തില്‍ പത്തു ദിവസത്തിനകം കോവിഡ് രോഗം വലിയ തോതില്‍ വര്‍ധിക്കുമെന്നും പിന്നീട് കുറഞ്ഞു തുടങ്ങുമെന്നുമാണ് ആരോഗ്യ രംഗത്തുള്ളവര്‍ പ്രതീക്ഷിക്കുന്നത്. വ്യാഴാഴ്ച കേരളത്തിലെ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം റെക്കോര്‍ഡിലെത്തിയെങ്കിലും രണ്ടാം തരംഗത്തില്‍ തീവ്രപരിചരണ വിഭാഗത്തിലും വെന്റിലേറ്ററിലും പ്രവേശിപ്പിച്ചവരില്‍ പകുതിയോളം പേര്‍ക്കുപോലും ഇപ്പോള്‍ ഇത്തരം ചികിത്സ ആവശ്യമായി വന്നിട്ടില്ല. വ്യാഴാഴ്ച ഉണ്ടായതിന്റെ ഇരട്ടിവരെ രോഗികളെ കേരളം പ്രതിദിനം പ്രതീക്ഷിക്കുന്നുണ്ടെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നു.

