Featured
ഇത്തിഹാദ് വിമാനത്തിന്റെ ടയറുകള്‍ മെല്‍ബണ്‍ വിമാനത്താവളത്തില്‍ പൊട്ടിത്തെറിച്ചു

മെല്‍ബണ്‍: മെല്‍ബണില്‍ നിന്നും അബുദാബി സായിദ് അന്തര്‍ദേശീയ വിമാനത്താവളത്തിലേക്ക് പറക്കാന്‍ തയ്യാറെടുത്ത ഇത്തിഹാദ് എയര്‍വേയ്സിന്റെ ഇ വൈ 461ന്റെ ടയറുകള്‍ പൊട്ടിത്തെറിച്ചു. ഇതോടെ യാത്ര താത്ക്കാലികമായി മുടങ്ങി. സംഭവത്തെ തുടര്‍ന്ന് മെല്‍ബണ്‍ എയര്‍പോര്‍ട്ടിലെ റണ്‍വേ അടച്ചതോടെ മറ്റു വിമാനങ്ങളുടെ സര്‍വീസിനേയും ബാധിച്ചു.


ഇ വൈ 461 ബോയിംഗ് 787-9 ഡ്രീം ലൈനര്‍ മെല്‍ബണ്‍- അബുദാബി വിമാനത്തിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്. ഞായറാഴ്ച വൈകുന്നേരം 6.41ന് മെല്‍ബണില്‍ നിന്നും പുറപ്പെട്ട് തിങ്കളാഴ്ച പുലര്‍ച്ചെ 1.43ന് അബുദാബിയിലെത്തേണ്ടതായിരുന്നു വിമാനം.

വിമാനത്തില്‍ 289 യാത്രക്കാരാണ് ഉണ്ടായിരുന്നത്. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ അഗ്നിശമന സേനാ വിഭാഗം ഉള്‍പ്പെടെയുള്ള അത്യാഹിത വിഭാഗങ്ങള്‍ സ്ഥലത്തെത്തി വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയര്‍ ടയറുകളില്‍ അഗ്നിശമന വാതകം പ്രയോഗിച്ചു.
രണ്ട് ടയറുകളാണ് പൊട്ടിത്തെറിച്ചതെന്ന് ഇത്തിഹാദ് അറിയിച്ചു.


വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. കഴിയുന്നത്ര വേഗത്തില്‍ യാത്ര ആരംഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഇത്തിഹാദ് അറിയിച്ചു.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയും സൗകര്യവും തങ്ങളുടെ മുന്‍ഗണനയാണെന്ന് ഇത്തിഹാദ് എയര്‍വേസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. അസൗകര്യത്തില്‍ ആത്മാര്‍ഥമായി ഖേദിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.
ടയറുകള്‍ പൊട്ടിത്തെറിച്ചതോടെ അത്യാഹിത പ്രതികരണ വിഭാഗം വിമാനത്തെ വളയുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു.
ഇതേ രീതിയില്‍ 2024 ഡിസംബര്‍ 11ന് സൗത്ത് വെസ്റ്റ് എയര്‍ലൈനിന്റെ ടയറുകള്‍ ലോസ് ഏഞ്ചല്‍സ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പൊട്ടിത്തെറിച്ചിരുന്നു. ഫീനിക്‌സ്- ലോസ് ഏഞ്ചല്‍സ് റൂട്ടില്‍ പറക്കുന്ന ബോയിംഗ് 737 വിമാനത്തിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്.
2024 ജൂണിലും സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിന്റെ ബോയിംഗ് 737- 800 ഗുരുതരമായ ടയര്‍ അപകടം നേരിട്ടിരുന്നു. 2024 ആഗസ്ത് 24ന് യുണൈറ്റഡ് എയര്‍ലൈനിന്റെ ബോയിംഗ് 737 വിമാനത്തിനും ഇതേ രീതിയില്‍ ടയര്‍ പൊട്ടിത്തെറിച്ചിരുന്നു.


