
ബ്രസല്‍സ്: യുക്രെയ്ന്‍ കുട്ടികളുടെ തിരിച്ചുവരവിനായുള്ള അന്താരാഷ്ട്ര സഖ്യത്തിന്റെ ഉന്നതതല യോഗത്തില്‍ ഖത്തര്‍ പങ്കെടുത്തു. ബ്രസല്‍സില്‍ നടന്ന യോഗത്തില്‍ ഖത്തറിനെ പ്രതിനിധീകരിച്ച് രാജ്യാന്തര സഹകരണ കാര്യ സഹമന്ത്രി ഡോ. മറിയം ബിന്‍ത് അലി ബിന്‍ നാസര്‍ അല്‍ മിസ്‌നദ് പങ്കെടുത്തു.

സംഘര്‍ഷങ്ങളില്‍ ബാധിതരാകുന്ന സാധാരണ ജനങ്ങളെ, പ്രത്യേകിച്ച് കുട്ടികളെ സംരക്ഷിക്കാനുള്ള ആഗോള ഉത്തരവാദിത്വത്തിന്റെ പ്രതിഫലനമാണ് യോഗമെന്ന് മന്ത്രി പറഞ്ഞു. കുട്ടികളുടെ സുരക്ഷയും മാനവിക ഗൗരവവും ഭാവിയും എല്ലാ അന്താരാഷ്ട്ര ഇടപെടലുകളുടെയും കേന്ദ്രബിന്ദുവായിരിക്കണമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

2023ല്‍ യുക്രൈനും റഷ്യയുമായി ഖത്തര്‍ നടത്തിയ ഉന്നതതല ചര്‍ച്ചകള്‍ക്ക് പിന്നാലെ, കുടുംബങ്ങളില്‍ നിന്ന് വേര്‍പിരിഞ്ഞ യുക്രൈന്‍ കുട്ടികളെ തിരിച്ചെത്തിക്കാന്‍ ലക്ഷ്യമിട്ട മാനവിക മധ്യസ്ഥശ്രമങ്ങള്‍ ഖത്തര്‍ ആരംഭിച്ചതായി മന്ത്രി വ്യക്തമാക്കി.
യുക്രൈന്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥനപ്രകാരം നിരവധി മാനവിക ദൗത്യങ്ങള്‍ ഖത്തര്‍ നടപ്പിലാക്കുകയും ഈ ലക്ഷ്യം മുന്‍നിര്‍ത്തി ഇരു പക്ഷങ്ങളുമായും ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കുകയും ചെയ്തതായി അവര്‍ പറഞ്ഞു.
അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റിയുമായി സഹകരിച്ച് നടത്തിയ പതിനാലിലധികം മാനവിക ദൗത്യങ്ങളിലൂടെ 87 യുക്രൈന്‍ കുട്ടികളെ അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കാന്‍ ഖത്തറിന്റെ മധ്യസ്ഥശ്രമങ്ങള്‍ക്ക് കഴിഞ്ഞതായി മന്ത്രി അറിയിച്ചു.
കുട്ടികളുടെ സുരക്ഷ, അന്തസ്, സംരക്ഷണം എന്നിവയ്ക്ക് പരമപ്രാധാന്യം നല്‍കുന്ന മാനവിക സമീപനത്തിന്റെ ഭാഗമായാണ് ഈ ഇടപെടലുകളെന്ന് അവര്‍ വ്യക്തമാക്കി.
ദോഹയില്‍ കുടുംബങ്ങളുമായി വീണ്ടും ഒന്നിച്ച നിരവധി യുക്രൈന്‍ കുടുംബങ്ങള്‍ക്ക് ശാരീരികവും മാനസികവുമായ പുനരധിവാസവും പിന്തുണയും നല്‍കുന്നതിനായി പ്രത്യേക പുനരധിവാസ പദ്ധതികള്‍ ഖത്തര്‍ ഒരുക്കിയതായും മന്ത്രി പറഞ്ഞു.
മധ്യസ്ഥശ്രമങ്ങള്‍ക്ക് പുറമെ, യുക്രൈന്‍ ജനതയ്ക്കുള്ള സ്ഥിരതയാര്‍ന്ന മാനവിക സഹായവും ഖത്തര്‍ തുടരുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 2023ല്‍ യുക്രൈനിലെ മാനവിക സഹായ പ്രവര്‍ത്തനങ്ങള്‍ക്കായി 100 മില്യണ്‍ ഡോളര്‍ അനുവദിക്കാന്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി നിര്‍ദേശം നല്‍കിയതായും അവര്‍ പറഞ്ഞു.
ആഗോള ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്താനുള്ള അന്താരാഷ്ട്ര ശ്രമങ്ങളുടെ ഭാഗമായി ‘ഗ്രെയിന്‍ ഫ്രം യുക്രൈന്‍’ പദ്ധതിക്ക് ഖത്തര്‍ 20 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
യുക്രൈന്‍ വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാല സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നതുള്‍പ്പെടെ വിദ്യാഭ്യാസ- ശിശുസംരക്ഷണ പദ്ധതികള്‍ക്കും ഖത്തര്‍ പിന്തുണ നല്‍കിയിട്ടുണ്ട്. കൂടാതെ, സ്‌കൂളുകളിലും കിന്‍ഡര്‍ഗാര്‍ട്ടനുകളിലും സുരക്ഷാ ഷെല്‍ട്ടറുകള്‍ സ്ഥാപിക്കുകയും സജ്ജമാക്കുകയും ചെയ്യുന്നതിനായി 3.5 മില്യണ്‍ ഡോളര്‍ ചെലവില്‍ പദ്ധതി നടപ്പാക്കിയതിലൂടെ ആയിരക്കണക്കിന് കുട്ടികള്‍ക്ക് പ്രയോജനം ലഭിച്ചതായും മന്ത്രി വ്യക്തമാക്കി.

