ഖത്തറില്‍ തൊഴില്‍ നിയമത്തില്‍ സമഗ്ര ഭേദഗതി

Web Desk
2 Min Read

ദോഹ: ഖത്തറിലെ തൊഴില്‍ വിപണിയുടെ കാര്യക്ഷമതയും സ്ഥിരതയും വര്‍ധിപ്പിക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക മത്സരശേഷി മെച്ചപ്പെടുത്തുന്നതിനുമായി തൊഴില്‍ നിയമത്തില്‍ സമഗ്ര ഭേദഗതികള്‍ നടപ്പാക്കി. 2026-ലെ തൊഴില്‍ നിയമം (നമ്പര്‍ 9) ഭേദഗതി ചെയ്ത് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി പുറത്തിറക്കിയ നിയമം രാജ്യത്തെ തൊഴില്‍ നിയമ സംവിധാനത്തില്‍ നിര്‍ണായക മാറ്റങ്ങള്‍ക്ക് വഴിതുറക്കുന്നതാണെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.

city exchange

ഖത്തര്‍ നാഷണല്‍ വിഷന്‍ 2030-ന്റെ ലക്ഷ്യങ്ങള്‍ക്കനുസൃതമായി കൂടുതല്‍ നിക്ഷേപ സൗഹൃദവും സ്ഥിരതയാര്‍ന്നതുമായ ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഭേദഗതികളുടെ ലക്ഷ്യം. തൊഴില്‍ വിപണിയിലെ മാറ്റങ്ങള്‍ കണക്കിലെടുത്ത് നിയന്ത്രണ സംവിധാനങ്ങളില്‍ കൂടുതല്‍ സൗകര്യം, സര്‍ക്കാര്‍ സേവനങ്ങളുടെ കാര്യക്ഷമത, തൊഴിലുടമകളുടെയും തൊഴിലാളികളുടെയും താത്പര്യങ്ങള്‍ തമ്മിലുള്ള സന്തുലിതാവസ്ഥ എന്നിവ ഉറപ്പാക്കുന്നതിനാണ് പുതിയ നിയമഭേദഗതികള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

പുതിയ നിയമപ്രകാരം അനുബന്ധ ചട്ടങ്ങള്‍ നിലവില്‍ വന്നതിന് ശേഷം പാര്‍ട്ട്-ടൈം ജോലിക്കും ഫ്രീലാന്‍സ് തൊഴില്‍ സംവിധാനത്തിനും നിയമപരമായ അംഗീകാരം ലഭിക്കും. ഇതിലൂടെ സ്ഥാപനങ്ങള്‍ക്ക് ആവശ്യാനുസരണം വിദഗ്ധരെ നിയമിക്കാനും പ്ലാറ്റ്‌ഫോം അധിഷ്ഠിത തൊഴില്‍ ഉള്‍പ്പെടെയുള്ള പുതിയ സാമ്പത്തിക മാതൃകകളോട് കൂടുതല്‍ എളുപ്പത്തില്‍ പൊരുത്തപ്പെടാനുമാകും.

റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളിലും കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലൈസന്‍സ് നടപടിക്രമങ്ങള്‍, പ്രവര്‍ത്തന മാനദണ്ഡങ്ങള്‍, നിയമലംഘനങ്ങള്‍ക്ക് ശിക്ഷ എന്നിവ കൂടുതല്‍ വ്യക്തതയോടെ നിര്‍വചിക്കുന്നതിലൂടെ സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുകയും നിയമപാലനം ഉറപ്പാക്കുകയും ചെയ്യുകയാണ് ലക്ഷ്യം.

- Advertisement -
Ad image

ജോലി അവസാനിപ്പിച്ചതിന് ശേഷമുള്ള മത്സരവിരുദ്ധ വ്യവസ്ഥകള്‍ക്കും വ്യക്തമായ നിയമചട്ടങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. തൊഴിലാളികളുടെ തൊഴില്‍ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനൊപ്പം സ്ഥാപനങ്ങളുടെ വ്യാപാര രഹസ്യങ്ങളും ഉപഭോക്തൃ ബന്ധങ്ങളും സംരക്ഷിക്കുന്ന തരത്തിലുള്ള സന്തുലിത സമീപനമാണ് പുതിയ വ്യവസ്ഥകള്‍ സ്വീകരിച്ചിരിക്കുന്നത്.

തൊഴില്‍ തര്‍ക്കങ്ങള്‍ വേഗത്തില്‍ പരിഹരിക്കുന്നതിന് പുതിയ സംവിധാനങ്ങളും നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മധ്യസ്ഥ നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയും തൊഴില്‍ തര്‍ക്കപരിഹാര സമിതികള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുകയും ചെയ്യും. ഇവയുടെ തീരുമാനങ്ങള്‍ക്ക് നിയമപരമായ പ്രാബല്യവും ഉണ്ടായിരിക്കും.

100ല്‍ കൂടുതല്‍ തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍ തൊഴിലുടമകളുടെയും തൊഴിലാളികളുടെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സംയുക്ത സമിതികള്‍ രൂപീകരിക്കുന്നതും പുതിയ നിയമം നിര്‍ബന്ധമാക്കിയിട്ടുണ്ട്. തൊഴില്‍ സ്ഥലത്തെ ആശയവിനിമയം മെച്ചപ്പെടുത്താനും പ്രവര്‍ത്തനപരമായ പ്രശ്‌നങ്ങള്‍ സംയുക്തമായി പരിഹരിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ചില തൊഴില്‍ മേഖലകളില്‍ നിര്‍ബന്ധിത പ്രൊഫഷണല്‍ സര്‍ട്ടിഫിക്കേഷനും യോഗ്യതാ പരീക്ഷയും ഏര്‍പ്പെടുത്തുന്നതിനും നിയമം വ്യവസ്ഥ ചെയ്യുന്നു. ഇതിലൂടെ തൊഴിലാളികളുടെ വൈദഗ്ധ്യം, സേവന നിലവാരം, ഉത്പാദനക്ഷമത, സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവ ഉയര്‍ത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

ശമ്പള സംരക്ഷണ സംവിധാനവും കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് ശമ്പളം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനൊപ്പം നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ സേവനങ്ങള്‍ നിര്‍ത്തിവെക്കല്‍, ചില സാഹചര്യങ്ങളില്‍ സ്ഥാപനങ്ങളുടെ പേരുകള്‍ പരസ്യപ്പെടുത്തല്‍, കൂടുതല്‍ കര്‍ശനമായ പിഴയും ശിക്ഷയും ഉള്‍പ്പെടെയുള്ള നടപടികളും നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പുതിയ തൊഴില്‍ നിയമ ഭേദഗതികള്‍ ഖത്തറിലെ തൊഴില്‍ നിയന്ത്രണ സംവിധാനത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നതാണെന്നും ഇത് ബിസിനസ് വികസനം, സര്‍ക്കാര്‍ സേവനങ്ങളുടെ മെച്ചപ്പെടുത്തല്‍, വിദഗ്ധ തൊഴിലാളികളെ ആകര്‍ഷിക്കല്‍, ദീര്‍ഘകാല തൊഴില്‍ ബന്ധങ്ങളുടെ സ്ഥിരത എന്നിവയ്ക്ക് ശക്തമായ പിന്തുണ നല്‍കുമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!