Connect with us

Featured

നടി ആക്രമിക്കപ്പെട്ട കേസ്; വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന് കത്ത്

Published

on


തിരുവനന്തപുരം: ചലച്ചിത്ര നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന ആവശ്യവുമായി സുപ്രിം കോടതി ചീഫ് ജസ്റ്റിസിന് കത്ത്. വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസിനെ മാറ്റണമെന്നാണ് ജനനീതി സംഘടന സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണയ്ക്ക് കത്ത് നല്‍കിയിരിക്കുന്നത്.

വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്നും അല്ലെങ്കില്‍ കേസിന്റെ വിചാരണയുടെ തുടര്‍ നടപടികള്‍ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജനനീതി സംഘടനയുടെ ചെയര്‍മാന്‍ എന്‍ പദ്മനാഭന്‍, സെക്രട്ടറി ജോര്‍ജ് പുളികുത്തിയില്‍ എന്നിവരാണ് കത്ത് നല്‍കിയത്.

കേസിന്റെ വിചാരണ വേളയില്‍ പരാതിക്കാരിക്ക് കോടതിയില്‍ നിന്നും നേരിട്ടത് സമാനതകളില്ലാത്ത മാനസിക പീഡനമായിരുന്നുവെന്നും ബലാത്സംഗക്കേസുകളിലെ നടപടികള്‍ ചൂണ്ടിക്കാട്ടി 2021ല്‍ സുപ്രിം കോടതി പുറപ്പെടുവിച്ച മാര്‍ഗരേഖ നടിയെ ആക്രമിച്ച കേസില്‍ ലംഘിക്കപ്പെട്ടുവെന്നും ജനനീതി കത്തില്‍ പറയുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കോടതി രേഖകള്‍ ചോര്‍ന്ന സംഭവം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുന്നതാണ് പരാതി.

എറണാകുളം ജില്ലാ സെഷന്‍സ് കോടതി കസ്റ്റഡിയിലുള്ള ദൃശ്യങ്ങളില്‍ കൃത്യമത്വം നടന്നിട്ടുണ്ടെന്നും ആ കാലഘട്ടത്തില്‍ ഇന്നത്തെ ഹൈക്കോടതി ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് സെഷന്‍സ് കോടതി ജഡ്ജിയെന്നും കത്തില്‍ പറയുന്നു. വിചാരണക്കോടതിയില്‍ നിന്നും നിയമവിരുദ്ധമായി രേഖകള്‍ പ്രതി ദിലീപിന്റെ ഫോണില്‍ എത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ജഡ്ജി തടസ്സം നില്‍ക്കുന്നു എന്ന ആരോപണവും ജനനീതി പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സുപ്രിം കോടതി ചീഫ് ജസ്റ്റിസ്റ്റിന്റെ അടിയന്തര ഇടപെടല്‍ വേണമെന്ന ജന നീതിയുടെ ആവശ്യം.

സുപ്രിം കോടതിയിലെ വിരമിച്ച ജഡ്ജിമാര്‍ ഉള്‍പ്പെടെ ഉള്‍ക്കൊള്ളുന്ന സംഘടനയയാണ് ജനനീതി. നേരത്തെയും പല വിഷയങ്ങളിലും ഇടപെട്ട് നിയമ പോരാട്ടം നടത്തിയിട്ടുള്ള സംഘടന കൂടിയാണിത്. എന്നാല്‍ കത്തിനെ സുപ്രിം കോടതി ഏത് തരത്തില്‍ പരിഗണിക്കുമെന്ന് വ്യക്തമല്ല.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!