സുപ്രിം കോടതിയെ വിശ്വാസത്തിലെടുക്കണമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ

Web Desk
1 Min Read

ന്യൂഡല്‍ഹി: സുപ്രിം കോടതിയെ വിശ്വാസത്തിലെടുക്കണമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ. പെഗാസസുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും മറ്റിടങ്ങളിലും സമാന്തരമായി ചര്‍ച്ചകള്‍ നടത്തരുതെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.

city exchange


എന്തെങ്കിലും പറയാനുണ്ടെങ്കില്‍ സത്യവാങ്മൂലത്തില്‍ കോടതിയില്‍ ഫയല്‍ ചെയ്യുകയാണ് വേണ്ടതെന്നും മൂന്നംഗ ബെഞ്ചിന്റെ തലവനായ ചീഫ് ജസ്റ്റിസ് അറിയിച്ചു. കോടതി വാദം കേള്‍ക്കുമ്പോള്‍ ബെഞ്ചില്‍ നിന്നുള്ള ചോദ്യങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


നിങ്ങളോട് ചോദ്യങ്ങള്‍ ചോദിക്കുമെന്നും അത് ചിലപ്പോള്‍ ബുദ്ധിമുട്ടിച്ചേക്കാമെന്നും നിങ്ങള്‍ക്ക് ഇഷ്ടപ്പെടാതെ വരാമെന്നുമുണ്ടെങ്കിലും കോടതി നടപടി അങ്ങനെയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. മുന്‍ കേന്ദ്രമന്ത്രിയും പാര്‍ലമെന്റേറിയനും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബലാണ് ഹര്‍ജിക്കാര്‍ക്കു വേണ്ടിയുള്ള പക്ഷത്തിന് നേതൃത്വം നല്കിയത്.
മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ എന്‍ റാം, ശശികുമാര്‍ എന്നിവരെ പ്രതിനിധീകരിച്ച കപില്‍ സിബല്‍ ചീഫ് ജസ്റ്റിസിന്റെ അഭിപ്രായങ്ങളോട് യോജിച്ചു.

- Advertisement -
Ad image


സര്‍ക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഒന്നിലധികം ഹര്‍ജികള്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. വെള്ളിയാഴ്ച വരെ ഹര്‍ജി നീട്ടിവെക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടതെങ്കിലും വെള്ളിയാഴ്ച വ്യക്തിപരമായ അസൗകര്യങ്ങളുള്ളതിനാല്‍ കേസ് പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് തിങ്കളാഴ്ചയിലേക്ക് മാറ്റി.


പെഗാസസ് കേസില്‍ സത്യം പുറത്തുവരണമെന്ന് കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍, സിവിലിയന്മാര്‍, മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരുടെ മേല്‍ ചാരപ്പണി നടത്താന്‍ ഇസ്രായേല്‍ അധിഷ്ഠിത സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുവെന്ന ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും കോടതി ചൂണ്ടിക്കാട്ടി.


പത്രവാര്‍ത്തകളല്ലാതെ ആരോപണം തെളിയിക്കാന്‍ ആവശ്യമായ വസ്തുതകളുണ്ടോ എന്നും കോടതി അന്വേഷിച്ചു. നിരീക്ഷണത്തെ കുറിച്ചു സംശയങ്ങള്‍ ഉയര്‍ന്നപ്പോള്‍ എന്തുകൊണ്ടാണ് ഹര്‍ജിക്കാര്‍ ഇത്രയും കാലം കാത്തിരുന്നതെന്നും ചീഫ് ജസ്റ്റിസ് അന്വേഷിച്ചിരുന്നു. നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് നിങ്ങള്‍ക്ക് അറിയാമെങ്കില്‍ എന്തുകൊണ്ടാണ് നിങ്ങള്‍ ക്രിമിനല്‍ പരാതി നല്കാത്തതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.


പെഗാസസ് സാങ്കേതിക വിദ്യ ഉപയോഗിച്ചോ ഇല്ലയോ എന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കണമെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

Share This Article
Leave a Comment
error: Content is protected !!